LiveTV

Live

Sports

ദക്ഷിണാഫ്രിക്കയും അല്‍ഭുതം സൃഷ്ടിക്കുമോ?

പാകിസ്താന്‍-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെന്ന നിലയിലാണ്.

ദക്ഷിണാഫ്രിക്കയും അല്‍ഭുതം സൃഷ്ടിക്കുമോ?

പാകിസ്താന്‍-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെന്ന നിലയിലാണ്. ഒരു ദിനവും ഒമ്പത് വിക്കറ്റും കയ്യിലിരിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 243 റണ്‍സ് കൂടി വേണം. പാകിസ്താനാകട്ടെ ജയിക്കാന്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും വേണം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താന്‍ നേടിയത് 272 റണ്‍സ്. നായകന്‍ ബാബര്‍ അസം(77) ഫഹീം അഷ്‌റഫ്(78) എന്നിവര്‍ തിളങ്ങി. അഞ്ച് വിക്കറ്റ് വിഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ ആന്റിച്ച് നോര്‍ച്ചെയാണ് പാകിസ്താനെ മികച്ച സ്‌കോറില്‍ നിന്ന് തടഞ്ഞത്.

മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 201ല്‍ അവസാനിച്ചു. 44 റണ്‍സെടുത്ത ബാവുമ മാത്രം പൊരുതി നോക്കി. ഹസന്‍ അലി അഞ്ച് വിക്കറ്റുമായി കളം നിറഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. 71 റണ്‍സിന്റെ ലീഡ് നേടിയ പാകിസ്താന് രണ്ടാം ഇന്നിങ്‌സിലും രക്ഷയുണ്ടായില്ല. 76ന് അഞ്ച് എന്ന നിലയില്‍ പാക് ടീം തകര്‍ന്നു. എന്നാല്‍ സെഞ്ച്വറി നേടി റിസ്‌വാന്‍(115) പാകിസ്താന്റെ മാനം കാത്തു. സ്‌കോര്‍ബോര്‍ഡില്‍ എത്തിയത് 298 റണ്‍സും. ജോര്‍ജ് ലിന്‍ഡെയാണ് രണ്ടാം ഇന്നിങ്‌സില്‍ പാകിസ്താനെ തകര്‍ത്തത്.

370 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ എളുപ്പം പൂട്ടാം എന്ന് വിചാരിച്ച പാകിസ്താന് പാളി. ടീം സ്‌കോര്‍ 33ല്‍ നില്‍ക്കെ ഓപ്പണര്‍ ഡീന്‍ എല്‍ഗര്‍ മടങ്ങിയെങ്കില്‍ രണ്ടാം വിക്കറ്റില്‍ എയ്ഡന്‍ മാര്‍ക്രമും വാന്‍ ഡെര്‍ ഡസനും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കി. നാലാം ദിനം അവസാനിക്കുമ്പോഴും ഈ കൂട്ടുകെട്ട് പൊളിക്കാന്‍ പാകിസ്താനായിട്ടില്ല. 59 റണ്‍സുമായി മാര്‍ക്രം, 48 റണ്‍സുമായി വാന്‍ ഡര്‍ ഡസന്‍ എന്നിവരാണ് ക്രീസില്‍. ആദ്യ ടെസ്റ്റില്‍ പാകിസ്താന്‍ വിജയിച്ചിരുന്നു. റെക്കോര്‍ഡ് ചേസിങാണ് ബംഗ്ലാദേശിനെതിരെ ഇന്ന് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്. മികച്ച ചേസിങ്ങ് വിജയം നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്കും കഴിയുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ നോക്കുന്നത്.