ലാ ലിഗയിൽ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി അത്ലറ്റിക്കോ മാഡ്രിഡ്
റയൽ മാഡ്രിഡ് സ്വന്തംതട്ടകത്തിൽ ലെവന്റെയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു

ലാലിഗയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി അത്ലറ്റിക്കോ മാഡ്രിഡ്. കാഡിസിനെതിരെയുള്ള വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ് ലീഗിലെ ലീഡ് പത്തു പോയിന്റാക്കി ഉയർത്തി. കാഡിസിനെതിരെ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ വിജയം. റയൽ മാഡ്രിഡ് സ്വന്തംതട്ടകത്തിൽ ലെവന്റെയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു.
ഇരട്ട ഗോളുകളുമായി സുവാരസായിരുന്നു അത്ലറ്റിക്കോയുടെ ഹീറോ. ഈ കളിയോടെ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയ ശേഷമുള്ള സുവാരസിന്റെ ഗോള്‍ നേട്ടം 14 ആയി. മത്സരത്തിന്റെ 28ാം മിനിട്ടിൽ ആയിരുന്നു സുവാരസിന്റെ ആദ്യ ഗോൾ. 35ആം മിനുട്ടിൽ കാഡിസി ഒരു ഗോൾ മടക്കി സമനില നേടി. അത്ലറ്റിക്കോ 44ആം മിനുട്ടിൽ സോളിലൂടെ ലീഡ് തിരികെയെടുത്തു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു പെനാൾട്ടിയിലൂടെ സുവാരസ് മൂന്നാം ഗോളും നേടി. 88ആം മിനുട്ടിൽ കൊകെയിലൂടെ അത്ലറ്റിക്കോ വിജയ ഗോളും നേടി. ഈ വിജയത്തോടെ 19 മത്സരങ്ങളിൽ 50 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. ഇത് സിമിയോണിയുടെ ടീമിന്റെ തുടർച്ചയായ ഒമ്പതാം വിജയമാണ്. രണ്ടും മൂന്നും സ്ഥാനത്തുള്ള റയൽ മാഡ്രിഡ്, ബാഴ്സലോണ ടീമുകളേക്കാള്‍ 10 പോയിന്റ് ലീഡ് ഉണ്ട് അത്ലറ്റിക്കോക്ക്. കൂടാതെ ഇവരേക്കാള്‍ ഒരു മത്സരം കുറവാണ് അത്ലറ്റിക്കോ മാഡ്രിഡ് കളിച്ചത്.
റയൽ മാഡ്രിഡ് സ്വന്തംതട്ടകത്തിൽ ലെവന്റെയോട് 1–-2ന് തോറ്റു. ഹോസെ ലൂയിസ് മൊറാലെസും റോജെർ മാർട്ടിയും ലെവന്റെയ്ക്കായി ഗോളടിച്ചു. മാർകോ അസെൻസിയോയാണ് റയലിന്റെ ഗോൾ നേടിയത്. പ്രതിരോധക്കാരൻ എയ്ദർ മിലിറ്റാവോ തുടക്കത്തിൽത്തന്നെ ചുവപ്പുകാർഡ് കണ്ട് പുറത്തായത് റയലിന് തിരിച്ചടിയായി.