ഏകദിന റാങ്കിങ്: ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി കോഹ്ലിയും രോഹിതും
ഐസിസിയുടെ പുതിയ റാങ്കിങ് പ്രകാരം ഒന്നും രണ്ടും സ്ഥാനങ്ങളാണ് കോഹ്ലിക്കും രോഹിത് ശര്‍മ്മക്കും.

ഐ.സി.സി ഏകദിന റാങ്കിങിലെ മികവ് നിലനിര്‍ത്തി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും. ഐ.സി.സി.യുടെ പുതിയ റാങ്കിങ് പ്രകാരം ഒന്നും രണ്ടും സ്ഥാനങ്ങളാണ് കോഹ്ലിക്കും രോഹിത് ശര്‍മ്മക്കും. ആസ്ട്രേലിയക്കെതിരെ സമാപിച്ച ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് കോഹ്ലിക്ക് തുണയായത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ കോഹ്ലി രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിരുന്നു.
പരിക്ക് മൂലം രോഹിത് ശര്‍മ്മക്ക് പരമ്പര നഷ്ടമായിരുന്നു. ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 870 പോയിന്റോടെ കോഹ്ലി തലപ്പത്ത് തുടരുകയാണ്. പാകിസ്താന്റെ ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലാന്‍ഡിന്റെ റോസ് ടെയ്ലര്, ആസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഫാഫ് ഡുപ്ലെസി, ഡേവിഡ് വാര്‍ണര്‍, കെയിന്‍ വില്യംസണ്, ക്വിന്റണ്‍ ഡികോക്ക്, ജോണി ബെയര്‍ സ്റ്റോ എന്നിവരാണ് അഞ്ച് മുതല്‍ 10 വരെ സ്ഥാനങ്ങളില്‍. ബൗളര്‍മാരുടെ റാങ്കിങില്‍ ന്യൂസിലാന്‍ഡിന്റെ ട്രെന്‍ഡ് ബൗള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. അഫ്ഗാനിസ്താന്റെ മുജീബുര്‍ റഹ്മാന് രണ്ടും ഇന്ത്യയുടെ ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തുമാണ്.
ബംഗ്ലാദേശിന്റെ മെഹദി ഹസന്, ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സ് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് തലപ്പത്ത്. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പരമ്പര.