LiveTV

Live

Sports

മിഷന്‍ മെല്‍ബണ്‍ തയ്യാറായത് അര്‍ധരാത്രി; കോലി യോഗത്തില്‍ ചേര്‍ന്നത് പന്ത്രണ്ടരയ്ക്ക്

"അഡലൈഡിലെ നാണം കെട്ട പരാജയത്തിന് ശേഷമാണ്. അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ കോലിയുടെ മെസ്സേജ് വരുന്നത്. എന്താണ് ചെയ്യുന്നത് എന്നായിരുന്നു ചോദ്യം"

മിഷന്‍ മെല്‍ബണ്‍ തയ്യാറായത് അര്‍ധരാത്രി; കോലി യോഗത്തില്‍ ചേര്‍ന്നത് പന്ത്രണ്ടരയ്ക്ക്

മുംബൈ: ആദ്യ ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക്‌ ശേഷം ഫീനിസ്‌ക് പക്ഷിയെപ്പോലെ ഉയിര്‍ത്തെണീറ്റാണ് ഇന്ത്യ ഓസീസിനെതിരെയുള്ള ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നത്. ആദ്യ തോല്‍വിക്ക് ശേഷം ഏറെ ഗൃഹപാഠം ചെയ്താണ് ഇന്ത്യ കളത്തിലിറങ്ങിയിരുന്നത്. രണ്ടാം ടെസ്റ്റിനായി മിഷന്‍ മെല്‍ബണ്‍ എന്ന തന്ത്രമാണ്‌ ടീം ഒരുക്കിയിരുന്നത്‌. ഈ തന്ത്രമൊരുക്കിയത് തോല്‍വിയേറ്റ അന്ന് അര്‍ധരാത്രിയും.

ഒന്നാം ടെസ്റ്റിന് ശേഷം ഭാര്യ അനുഷ്‌ക ശര്‍മ്മയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിക്കാന്‍ കോലി തീരുമാനിച്ചിരുന്നു എങ്കിലും ഇന്ത്യന്‍ നായകന്‍ രണ്ടാം ടെസ്റ്റിലേക്കുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു. ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെ;

അഡലൈഡിലെ നാണം കെട്ട പരാജയത്തിന് ശേഷമാണ്. അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ കോലിയുടെ മെസ്സേജ് വരുന്നു. എന്താണ് ചെയ്യുന്നത് എന്നായിരുന്നു ചോദ്യം. ഞാന്‍ ആദ്യം ഞെട്ടി. ഈ സമയത്ത് എന്തിനാണ് ഇദ്ദേഹം മെസേജ് അയക്കുന്നത് എന്നായിരുന്നു ചിന്ത. കോച്ച് രവിശാസ്ത്രി, ഭരത് അരുണ്‍, വിക്രം റാത്തോര്‍ എന്നിവരുമായി ഒന്നിച്ചിരിക്കുകയാണ് എന്നു പറഞ്ഞു. ഞാനും വരാം, അദ്ദേഹം പറഞ്ഞു. വരൂ, പ്രശ്‌നമില്ല എന്ന് ഞാന്‍ പറയുകയും ചെയ്തു

പിന്നീട് അദ്ദേഹം അവിടെയെത്തി ചര്‍ച്ചയ്‌ക്കൊപ്പം കൂടി. അവിടെ നിന്നാണ് മിഷന്‍ മെല്‍ബണ്‍ ഉണ്ടായത്. അവിടെ വച്ച് ശാസ്ത്രി ഒരു കാര്യം പറഞ്ഞു. ഈ 36 (ഇന്ത്യ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ പുറത്തായ സ്‌കോര്‍) ഒരു ബാഡ്ജായി വയ്ക്കൂ. ഈ 36 നമ്മുടെ ടീമിനെ മഹത്തരമാക്കും- ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീധര്‍ വെളിപ്പെടുത്തി.

അടുത്ത ടെസ്റ്റിലേക്കുള്ള ടീം കോംപിനേഷനെ കുറിച്ച് മാനേജ്‌മെന്റിന് ആശയക്കുഴപ്പമുണ്ടായിരുന്നതായി ശ്രീധര്‍ പറയുന്നു. എന്നാല്‍ ബൗളിങ് വിഭാഗം ശക്തിപ്പെടുത്തണമെന്നായിരുന്നു കോലിയുടെ നിര്‍ദേശം. ഈ സന്ദേശം അജിന്‍ക്യ രഹാനെയ്ക്കും കോച്ച് രവിശാസ്ത്രിക്കും കൈമാറുകയും ചെയ്തു.

മിഷന്‍ മെല്‍ബണ്‍ തയ്യാറായത് അര്‍ധരാത്രി; കോലി യോഗത്തില്‍ ചേര്‍ന്നത് പന്ത്രണ്ടരയ്ക്ക്

'ചെറിയ ആശയക്കുഴപ്പമുണ്ടായിരുന്നു. അടുത്ത ദിവസം രാവിലെ അജിന്‍ക്യയെ വിരാട് വിളിച്ചു. ഞങ്ങള്‍ തമ്മില്‍ നല്ല ചര്‍ച്ച നടന്നു. സാധാരണഗതിയില്‍ 36 റണ്‍സിന് ആള്‍ ഔട്ടായാല്‍ ബാറ്റിങ് ശക്തിപ്പെടുത്തുകയാണ് ചെയ്യുക. എന്നാല്‍ ബൗളിങ് ശക്തിപ്പെടുത്താനാണ് കോലിയും വിരാടും ശാസ്ത്രിയും തീരുമാനിച്ചത്. അതു കൊണ്ടാണ് വിരാടിന് പകരം രവീന്ദ്ര ജഡേജയെത്തിയത്' - ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടാം ടെസ്റ്റില്‍ മാനേജ്‌മെന്റിന്റെ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. ഇന്ത്യ എട്ടു വിക്കറ്റിന് ജയിച്ച മത്സരത്തില്‍ ബാറ്റു കൊണ്ടും ബോളു കൊണ്ടും ജഡേജ തിളങ്ങി. സിഡ്‌നിയിലെ മൂന്നാം ടെസ്റ്റില്‍ സമനില നേടിയ ടീം ഇന്ത്യ നാലാം ടെസ്റ്റില്‍ ഐതിഹാസിക വിജയം കൈവരിക്കുകയും ചെയ്തു.