LiveTV

Live

Sports

'ഇറങ്ങിപ്പോക്കൊന്നും പറ്റില്ല'; ദീപക് ഹൂഡയെ സസ്പെന്‍ഡ് ചെയ്തു

മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ നായകന്‍ ക്രുണാല്‍ പാണ്ഡ്യയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ ടീം ക്യാമ്പ് വിട്ടുപോകുകയും ചെയ്ത ഹൂഡയുടെ നടപടിയാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്.

'ഇറങ്ങിപ്പോക്കൊന്നും പറ്റില്ല'; ദീപക് ഹൂഡയെ സസ്പെന്‍ഡ് ചെയ്തു

ബറോഡ ക്രിക്കറ്റര്‍ ദീപക് ഹൂഡയെ സസ്‌പെന്‍ഡ് ചെയ്ത് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍(ബിസിഎ). മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ നായകന്‍ ക്രുണാല്‍ പാണ്ഡ്യയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ ടീം ക്യാമ്പ് വിട്ടുപോകുകയും ചെയ്ത ഹൂഡയുടെ നടപടിയാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. ഈ സീസണ്‍ മുഴുവനും താരത്തെ സസ്‌പെന്‍ഡ് ചെയ്യാനാണ് അപക്‌സ് കൗണ്‍സില്‍ തീരുമാനിച്ചത്. എന്നാല്‍ ചില അംഗങ്ങള്‍ വിയോജിച്ചു. ടീം മനേജര്‍, പരിശീലകന്‍ എന്നിവരുമായി കൂടിയാലോചിച്ചാണ് സസ്‌പെന്‍ഷന്‍ തീരുമാനം സ്വീകരിച്ചത്.

ഇക്കാര്യം ഹൂഡയെ അറിയിക്കുകയും ചെയ്തു. മാനേജ്‌മെന്റുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ടീമില്‍ നിന്ന് ഇറങ്ങിപ്പോയ ഹൂഡ തെറ്റായ കാര്യമാണ് ചെയ്തതെന്നും എന്നാല്‍ അദ്ദേഹത്തെ സീസണ്‍ മുഴുവന്‍ വിലക്കാനുള്ള തീരുമാനം അനാവശ്യമായിരുന്നുവെന്നും ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പരാഗ് വ്യക്തമാക്കി. അദ്ദേഹത്തെ ശാസിക്കുകയും പിന്നീട് കളിക്കാന്‍ അനുവദിക്കുകയും ചെയ്യണമായിരുന്നുവെന്നും പരാഗ് പറഞ്ഞു. ഈ സീസണില്‍ ഹൂഡയെ ബറോഡയുടെ ഉപനായകനായി നിയമിച്ചിരുന്നു.

ദീപക് ഹൂഡ
ദീപക് ഹൂഡ

നായകന്‍ ക്രുണാല്‍ പാണ്ഡ്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് വാക്കേറ്റത്തിലെത്തിയത്. ഈ മാസം 9നാണ് ടീം താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ദീപക് ഹൂഡ ഇറങ്ങിപ്പോയത്. പരിശീലനത്തിനിടെ ക്രുണാല്‍ പാണ്ഡ്യ തന്നെ അധിക്ഷേപിച്ചുവെന്നാണ് ദീപക് ഹൂഡ ബി.സിഎ മാനേജ്‌മെന്റിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നത്. ബറോഡക്കായി 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 123 ട്വന്റി ട്വന്റി മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് 25കാരനായ ഹൂഡ. നിലവില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായ ഹൂഡ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.