വിമാനത്താവളത്തില്‍ നിന്ന് പിതാവിന്റെ ഖബറിടത്തിലേക്കാണ് പോയത്; വികാരനിര്‍ഭരനായി മുഹമ്മദ് സിറാജ്
ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ മനസ്സു തുറന്ന് സിറാജ്

മുംബൈ: 'വീട്ടിലേക്കല്ല, വിമാനത്താവളത്തില്‍ നിന്ന് നേരെ പിതാവിന്റെ ഖബറിടത്തിലേക്കാണ് പോയത്. കുറച്ചു സമയം പിതാവിനൊപ്പം ഇരിക്കണമായിരുന്നു. എനിക്കദ്ദേഹത്തോട് സംസാരിക്കാനായില്ല. ഖബറിടത്തില്‍ കുറച്ചു പൂക്കള്‍ വച്ചു.' - ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ വാക്കുകളാണിത്.
ഓസീസിനെതിരെയുള്ള പരമ്പരയുടെ തുടക്കത്തിലാണ് സിറാജിന് പിതാവിനെ നഷ്ടപ്പെട്ടത്. കടിച്ചമര്‍ത്തിയ വേദനയിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ സിറാജ് അവസാന ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേട്ടത്തോടെ ഹീറോ ആയാണ് നാട്ടില്‍ തിരിച്ചെത്തിയത്.
'എന്നിട്ടാണ് (ഖബര്‍ സന്ദര്‍ശിച്ച ശേഷം) വീട്ടില്‍ പോയത്. കണ്ടമാത്രയില്‍ മാതാവ് കരയാന്‍ തുടങ്ങി. അവര്‍ ഞാന്‍ തിരിച്ചുവരാന്‍ കാത്തിരിക്കുകയായിരുന്നു' - ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ സിറാജ് മനസ്സു തുറന്നു.
പരമ്പരയുടെ തുടക്കത്തില്‍ നവംബര്‍ 20നാണ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് മരണമടഞ്ഞത്. ബ്രിസ്ബെയ്നില്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത പേസ് ബൗളര്‍ തന്റെ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാനായതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് പ്രതികരിച്ചിരുന്നു.
'ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ അവസരം നല്‍കിയതില്‍ ആദ്യമായി ദൈവത്തോട് നന്ദി പറയുന്നു. മകന് കളിക്കുന്നത് ലോകം മുഴുവന്‍ കാണണമെന്നത് പിതാവിന്റെ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന് ഇത് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഏറെ സന്തോഷമായേനെ. ഇന്ന് അഞ്ചു വിക്കറ്റ് നേടാന്‍ സഹായിച്ചത് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന കൊണ്ടാണ്. ഇതുവിശദീകരിക്കാന് എനിക്ക് വാക്കുകളില്ല' - എന്നാണ് നാലാം ടെസ്റ്റിനിടെ സിറാജ് പ്രതികരിച്ചിരുന്നത്.

തന്റെ ആദ്യ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് കളിയില്‍ നിന്ന് 13 വിക്കറ്റാണ് സിറാജ് നേടിയത്. ഗാബയില്‍ രണ്ട് ഇന്നിങ്സുകളിലുമായി ആറു വിക്കറ്റ് നേടി ഇന്ത്യന്‍ വിജയത്തില്‍ താരം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും സിറാജ് ടീം ഇന്ത്യയില്‍ ഇടംപിടിച്ചിട്ടുണ്ട്.