പിതാവിന്റെ ഖബറിടത്തിലെത്തി പ്രാര്‍ത്ഥന നടത്തി മുഹമ്മദ് സിറാജ്
നവംബര്‍ 20നാണ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് മരണമടഞ്ഞത്

ഹൈദരാബാദ്: ആസ്ട്രേലിയയ്ക്ക് എതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ മുഹമ്മദ് സിറാജ് ഉപ്പയുടെ ഖബറിടം സന്ദര്‍ശിച്ചു. പരമ്പരയുടെ തുടക്കത്തില്‍ നവംബര്‍ 20നാണ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് മരണമടഞ്ഞത്.
ബ്രിസ്ബെയ്നില്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത പേസ് ബൗളര്‍ തന്റെ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാനായതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് പ്രതികരിച്ചിരുന്നു.

ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ അവസരം നല്‍കിയതില്‍ ആദ്യമായി ദൈവത്തോട് നന്ദി പറയുന്നു. മകന് കളിക്കുന്നത് ലോകം മുഴുവന്‍ കാണണമെന്നത് പിതാവിന്റെ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന് ഇത് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഏറെ സന്തോഷമായേനെ. ഇന്ന് അഞ്ചു വിക്കറ്റ് നേടാന്‍ സഹായിച്ചത് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന കൊണ്ടാണ്. ഇതുവിശദീകരിക്കാന് എനിക്ക് വാക്കുകളില്ല.നാലാം ടെസ്റ്റിനിടെ മുഹമ്മദ് സിറാജ്
പിതാവ് മരിച്ചു പോയതിന് ശേഷമുള്ള സാഹചര്യം ഏറെ ദുര്‍ഘടമായിരുന്നു. വീട്ടുകാരോടും ഉമ്മയോടും സംസാരിച്ചു. അവര്‍ തന്നെ പ്രോത്സാഹിപ്പിച്ചു. അതാനാണ് കരുത്തായത്. അവരുടെ പിന്തുണയാണ് മാനസികമായി കരുത്തനാക്കിയത്. പിതാവിന്റെ ആഗ്രഹം സഫലമാക്കുകയായിരുന്നു ലക്ഷ്യം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ചു വിക്കറ്റ് നേട്ടം കൊണ്ടു മാത്രമല്ല, സിഡ്നിയിലെ മൂന്നാം ടെസ്റ്റില്‍ വംശീയാധിക്ഷേപത്തിനും സിറാജ് ഇരയായിരുന്നു. സിറാജിനെതിരെ അധിക്ഷേപം നടത്തിയ ആറു പേരെ ഗ്യാലറിയില്‍ നിന്ന് പുറത്താക്കിയാണ് കളി പുനഃരാരംഭിച്ചിരുന്നത്.