ബ്ലാസ്റ്റേഴ്സ് അവസാന നാലിലെത്തുമോ..? കൊമ്പന്മാരുടെ സാധ്യതകള്‍ ഇങ്ങനെ
ശേഷിക്കുന്ന എട്ട് മല്‍സരങ്ങളില്‍ മുഴുവനും വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്നത് 37 പോയിന്റാകും. എത്ര പോയിന്റ് നേടിയാല്‍ ബ്ലാസ്റ്റേഴ്സിന് അവസാന നാലില്‍ എത്താന്‍ സാധിക്കും...?

ഐ.എസ്.എല്‍ 2020-2021 സീസണില്‍ പതിഞ്ഞ തുടക്കവുമായി ആരംഭിച്ച ബ്ലാസ്റ്റേഴ്സ് ആദ്യ പാദ മല്‍സരങ്ങള്‍ കഴിയുമ്പോള്‍ ഒന്‍പതാം സ്ഥാനത്താണ്. ഇരുപാദങ്ങളിലുമായി 20 മല്‍സരങ്ങള്‍ കളിക്കുന്ന ടീം നിലവില്‍ 12 മല്‍സരങ്ങളില്‍ പൂര്‍ത്തിയാക്കുമ്പോള്‍ 13 പോയിന്റാണ് നേടിയിരിക്കുന്നത്. ശേഷിക്കുന്ന എട്ട് മല്‍സരങ്ങളില്‍ മുഴുവനും വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് 37 പോയിന്റാകും...! എത്ര പോയിന്റ് നേടിയാല്‍ ബ്ലാസ്റ്റേഴ്സിന് അവസാന നാലില്‍ എത്താന്‍ സാധിക്കും..?
11 കളികളില്‍ നിന്നായി എട്ട് വിജയത്തോടെ 26 പോയിന്റ് നേടിയ നേടിയ മുംബൈ സിറ്റി എഫ്.സിയാണ് നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാമത്. ശേഷിക്കുന്ന മുഴുവന്‍ കളിയും ജയിച്ചാല്‍ പോലും കേരളത്തിന് ലഭിക്കുന്ന മാക്സിമം പോയിന്റ് 37 ആണ്. ഒന്‍പത് കളി ബാക്കിയുള്ള മുംബൈക്ക് നാല് വിജയം മാത്രം മതി ഈ പോയിന്റ് മറികടക്കാന്‍, നിലവിലുള്ള ഫോമനുസരിച്ച് മുംബൈ പാട്ടും പാടി നാലോ അഞ്ചോ കളി ജയിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. അപ്പോള്‍ ബ്ലാസ്റ്റേഴ്സ് മുഴുവന്‍ കളിയിലും ജയിച്ചാലും ഒന്നാം സ്ഥാനത്തെത്തില്ലെന്ന് സാരം.
അങ്ങനെയിരിക്കെ രണ്ടാം സ്ഥാനത്തുള്ള എ.ടി.കെ മോഹന്‍ ബഗാനെ മറികടക്കാന്‍ കേരളത്തിന് പറ്റുമോ എന്ന് നോക്കാം. 11 കളികളില്‍ നിന്ന് ആറ് ജയത്തോടെ 21 പോയിന്റ് ആണ് മോഹന്‍ബഗാനുള്ളത്. ബാക്കിയുള്ള ഒന്‍പത് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് വിജയം മാത്രം നേടിയാല്‍ തന്നെ ബഗാന് ബ്ലാസ്റ്റേഴ്സിന് ലഭിക്കാന്‍ സാധ്യതയുള്ള മാക്സിമം പോയിന്റ് നേടാന്‍ സാധിക്കും
അടുത്തതായി മൂന്നാം സ്ഥാനത്തുള്ള ഗോവയുടെ നില പരിശോധിച്ചാല്‍ അവര്‍ക്ക് 19 പോയിന്റാണുള്ളത്. 12 മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ജയത്തോടെയാണ് ഗോവ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എട്ട് മല്‍സരങ്ങള്‍ ശേഷിക്കുന്ന ഗോവക്ക് ആറ് ജയമോ അഞ്ച് ജയവും മൂന്ന് സമനിലയോ നേടിയാല്‍ തന്നെ കേരളത്തിന് ലഭിക്കാന്‍ സാധ്യതയുള്ള മാക്സിമം പോയിന്റായ 37ഇല് എത്താന്‍ സാധിക്കും. ശേഷിക്കുന്ന എട്ട് മല്‍സരങ്ങളില്‍ തോല്‍വി വഴങ്ങാതിരുന്നാല്‍ മാത്രം അവര്‍ക്ക് 27 പോയിന്റ് ലഭിക്കുമെന്നിരിക്കെ കേരളത്തിന് അവശേഷിക്കുന്ന എട്ട് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ജയമെങ്കിലും വേണം 27 മറികടക്കാന്‍.
നിലവിലെ നാലാം സ്ഥാനക്കാരായ ഹൈദരാബാദിന് 12 കളികളില്‍ നിന്ന് 17 പോയിന്റ് ഉണ്ട്. അഞ്ചും ആറും സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റിനും ചെന്നൈക്കും 15 പോയിന്റും. ഏഴ്,എട്ട്,ഒന്‍പത് സ്ഥാനങ്ങളില്‍ യഥാക്രമം ബെംഗളൂരു, ജംഷഡ്പൂര്‍, കേരളം എന്നിവരാണ്. മൂന്ന് ടീമിനും 13 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ കേരളം പിന്നിലായതിനാല്‍ ഒന്‍പതാം സ്ഥാനത്തെത്തുകയായിരുന്നു.
അവശേഷിക്കുന്ന മല്‍സരങ്ങളില്‍ കുറഞ്ഞത് അഞ്ച് വിജയമെങ്കിലും നേടുകയും ഹൈദരാബാദ്, നോര്‍ത്ത് ഈസ്റ്റ്, ചെന്നൈ, ബെംഗളൂരു, ജംഷഡ്പൂര്‍ ടീമുകള്‍ മൂന്ന് വിജയത്തില്‍ കൂടുതല്‍ നേടാതിരിക്കുകയും ചെയ്താല്‍ മാത്രമേ കേരളത്തിന് പ്രതീക്ഷ വെക്കാനാകൂ. മുന്‍പിലുള്ള ഹൈദരാബാദ്, നോര്‍ത്ത് ഈസ്റ്റ്, ചെന്നൈ ടീമുകള്‍ മൂന്ന് ജയത്തില്‍ കൂടുതല്‍ നേടാതിരിക്കുകയും ബാക്കി മല്‍സരങ്ങളില്‍ സമനില വഴങ്ങാതെ തോല്‍ക്കുകയും വേണം.
ജംഷഡ്പൂര്‍, ഹൈദരാബാദ്, ബെംഗലൂരു എന്നീ ടീമുകള്‍ക്കെതിരെ മാത്രമാണ് കേരളത്തിന് ഈ സീസണില്‍ ഇതുവരെ വിജയിക്കാനായത്. ഇനി നേരിടാനുള്ളതകട്ടെ ഒന്ന് മുതല്‍ ആറ് വരെ സ്ഥാനത്തുള്ള മുംബൈയും ഹൈദരാബാദും അടങ്ങുന്ന ടീമുകള്‍ക്കെതിരെയാണ്. എട്ടാം സ്ഥാനത്തുള്ള ജംഷഡ്പൂരിനെതിരെയും പതിനൊന്നാം സ്ഥാനത്തുള്ള ഒഡീഷക്കെതിരെയും കേരളത്തിന് മല്‍സരമുണ്ട്. എങ്കിലും കുറഞ്ഞത് അഞ്ച് വിജയമെങ്കിലും ആവശ്യമായ ബ്ലാസ്റ്റേഴ്സിന് പോയിന്റ് ടേബിളില്‍ മുന്നില്‍ നില്ക്കുന്ന കരുത്തരുമായാണ് എട്ടില്‍ ആറ് മല്‍സരവും എന്നതും ആരാധകരില്‍ ആശങ്കയുണര്‍ത്തുന്നതാണ്.