രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍; ബാംഗ്ലൂരിനെതിരെ തകര്‍പ്പന്‍ ജയവുമായി ബ്ലാസ്റ്റേഴ്സ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ ബാംഗ്ലൂരിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ ബാംഗ്ലൂരിനെതിരായ മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു രണ്ടാം പകുതിയില്‍ രണ്ട് ഗോളുമായി ബ്ലാസ്റ്റേഴ്സിന്റെ വിജയം. 95ആം മിനുട്ടിലെ രാഹുല്‍ കെ.പിയുടെ ഗോളിലാണ് ചിര വൈരികളായ ബെംഗളൂരുവിനെ കേരളം വീഴ്ത്തിയത്.
ഫകുണ്ടോയും ജസലും ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് അവസാന മത്സരങ്ങളിൽ നടത്തിയ മികച്ച പ്രകടനങ്ങൾ ആദ്യ പകുതിയില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. എങ്കിലും രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണോത്സുകത പുറത്തെടുത്തുകൊണ്ടാണ് ടീം തിരിച്ച് വന്നത്.
മറുപക്ഷത്ത് ബെംഗളൂരു എഫ്.സി അവർക്ക് ലഭിച്ച ആദ്യ അവസരം തന്നെ മുതലെടുക്കുകയായിരുന്നു. 24ആം മിനുട്ടിൽ രാഹുല്‍ ബേക്കെയുടെ ലോങ് ത്രോയിൽ നിന്ന് കിട്ടിയ അവസരം മനോഹരമായ വോളിയിലൂടെ ക്ലൈറ്റൻ സിൽവ വലയിൽ എത്തിച്ചു. സ്കോര്‍(1-0)
രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന് സ്ട്രൈക്കർ മറെയെ പരിക്ക് കാരണം നഷ്ടമായി. എങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന ഭാവത്തില്‍ കളി നയിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ മല്‍സരം കീഴടക്കുകയായിരുന്നു. 73ാം മിനുട്ടില്‍ ലാൽതാംഗയാണ് കേരളത്തിനായ് ബാംഗ്ലൂരിന്റെ വല കുലുക്കിയത്. സ്കോര്‍(1-1). തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ ഗോളന്നുറച്ച രണ്ട് അവസരങ്ങള്‍ ബെംഗളൂരു നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു രാഹുലിലൂടെ ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍. കളിതീരാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ രാഹുല്‍ കെ.പിയുടെ മനോഹരമായ ഗോള്‍ ബാംഗ്ലൂരിന്റെ നെഞ്ച് തകര്‍ക്കുകയായിരുന്നു. ജയത്തോടെ 12 മല്‍സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ലീഗില്‍ ഒന്‍പതാം സ്ഥാനത്തെത്തി.