ട്രോഫി ഉയർത്തുന്നതിനു മുമ്പ് ഒപ്പിട്ട ജേഴ്സി നഥാൻ ലിയോണിന്; ഹൃദയം കവര്‍ന്ന് രഹാനെ
ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന് ഒപ്പിട്ട ജഴ്സി സമ്മാനിച്ചുകൊണ്ടായിരുന്നു മാന്യമാരുടെ കളി എന്നറിയപ്പെടുന്ന ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മാന്യതയുടേയും ബഹുമാനത്തിന്റേയും ആള്‍രൂപമായി മാറിയത്.

ആവേശപ്പോരില്‍ കങ്കാരുക്കളെ മലര്‍ത്തിയടിച്ച ഗബ്ബയില്‍ ജയത്തിനൊപ്പം ആരാധകരുടെ ഹൃദയവും നിറച്ച് ഇന്ത്യന്‍ നായകന് രഹാനെ. കരിയറിലെ 100ാമത്തെ ടെസ്റ്റ് മത്സരത്തിനിറങ്ങി പൊരുതി പരാജയപ്പെട്ട ഓസീസ് സ്പിന്നര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടായിരുന്നു രഹാനെ മാതൃക കാട്ടിയത്.
100ാം ടെസ്റ്റ് പൂര്‍ത്തിയാക്കിയ ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന് ഒപ്പിട്ട ജഴ്സി സമ്മാനിച്ചുകൊണ്ടായിരുന്നു മാന്യമാരുടെ കളി എന്നറിയപ്പെടുന്ന ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മാന്യതയുടേയും ബഹുമാനത്തിന്റേയും ഉദാത്തമായ മാതൃക കാണിച്ചത്.
നാല് മല്‍സരങ്ങളുടെ പരമ്പര 2-1ന് ജയിച്ചതിന് പിന്നാലെ കിരീടം ഉയര്‍ത്തുന്നതിനു മുന്‍പായാണ് രഹാനെ ഒപ്പിട്ട ജഴ്സി നഥാന്‍ ലിയോണിന് സമ്മാനിച്ചത്. കരിയറിലെ 100ാം മത്സരം പൂര്‍ത്തിയാക്കിയ ലിയോണിനെ അഭിനന്ദിക്കാനും രഹാനെ മറന്നില്ല.
വിവാദങ്ങള്‍ കൊണ്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പരമ്പരയില്‍ മാന്യതയുടെ നേര്‍സാക്ഷ്യമായി നടന്ന ഈ രംഗങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാനായ വി.വി.എസ് ലക്ഷ്മണ് അജിങ്ക്യ രഹാനയെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്ററില്‍ കുറിപ്പെഴുതുകയും ചെയ്തു. രഹാനെയുടെ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും ആവേശകരമായ ജയത്തിന് ശേഷവും എത്ര മാന്യതയോടാണ് അദ്ദേഹം പെരുമാറിയതെന്നും ലക്ഷ്മണ് ട്വീറ്റ് ചെയ്തു.
2011ലാണ് നഥാന്‍ ലിയോൺ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. 33 കാരനായ ലിയോണ്‍ ബ്രിസ്ബേൻ ടെസ്റ്റിൽ രണ്ടിന്ന്ങ്സുകളില് നിന്നായി മൂന്ന് വിക്കറ്റുകളാണ് നേടിയത്. ഇതോടെ ടെസ്റ്റ് മത്സരങ്ങളിലെ അദ്ദേഹത്തിന്റെ ആകെ വിക്കറ്റ് നേട്ടം 399 ആയി.
ഇന്ത്യന്‍ താരങ്ങള്‍ക്കെതിരായി വംശീയാധിക്ഷേപം അടക്കമുള്ള കാര്യങ്ങള്‍ ഓസ്ട്രേലിയന്‍ കാണികളുടെ ഭാഗത്തുനിന്നുണ്ടായ പരമ്പരയില്‍ തീര്‍ത്തും മാതൃകാപരമായ നിലപാട് കാണിച്ച രഹാനെക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങളുടെ പെരുമഴയാണ്. ലിയോണിനെ അഭിന്ദിക്കാന്‍ ഇന്ത്യന്‍ നായകന് കാണിച്ച മനസ്സിനെ മഹത്തായ മാതൃകയെന്നാണ് മുൻ ക്രിക്കറ്റ് താരങ്ങൾ വിശേഷിപ്പിച്ചത്.