LiveTV

Live

Sports

നെറ്റ് ബൗളര്‍മാരായി എത്തി നെടുന്തൂണായി മാറി; ഓസീസിനെതിരെ സുന്ദറിന്റെയും ഠാക്കൂറിന്റെയും വീരോചിത ചെറുത്തുനില്‍പ്പ്

ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 123 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുന്തൂണായി മാറിയത്

നെറ്റ് ബൗളര്‍മാരായി എത്തി നെടുന്തൂണായി മാറി; ഓസീസിനെതിരെ സുന്ദറിന്റെയും ഠാക്കൂറിന്റെയും വീരോചിത ചെറുത്തുനില്‍പ്പ്

ബ്രിസ്ബന്‍: 'നിങ്ങള്‍ കാണിച്ച പോരാട്ടം, ടെക്‌നിക്, ഇച്ഛാശക്തി എന്നിവയെല്ലാം ഇഷ്ടമായി. ബാറ്റെടുത്താല്‍ എന്തു ചെയ്യണം എന്ന് യുവ ബൗളര്‍മാര്‍ക്കുള്ള പാഠവുമായി നിങ്ങള്‍' - നാലാം ടെസ്റ്റില്‍ വാഷിങ്ടണ്‍ സുന്ദറും ശാര്‍ദുല്‍ ഠാക്കൂറും പുറത്തെടുത്ത പോരാട്ട വീര്യത്തെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ വിവിഎസ് ലക്ഷ്മണ്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.

ഓസീസിനെതിരെ അവരുടെ നാട്ടില്‍ ശാര്‍ദുല്‍ ഠാക്കൂറും (67) വാഷിങ്ടണ്‍ സുന്ദറും (62) നടത്തിയ ഈ പോരാട്ടത്തെ അങ്ങനെയല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കുക. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 123 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുന്തൂണായി മാറിയത്. ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക് അതിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ;

'പരിശീലനത്തിന് നെറ്റില്‍ പന്തെറിയാനാണ് അവര്‍ വന്നത്. അവിടെ നിന്ന് ഇന്നിങ്‌സിലെ ഏറ്റവും വലിയ സ്‌കോറര്‍മാരായി മാറി. ഈ പോരാട്ടത്തിന് നമുക്ക് എഴുന്നേറ്റു നിന്ന് കൈയടിക്കാം'

അടങ്ങാത്ത ആത്മവീര്യം

ആറിന് 186 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ച നേരിട്ട വേളയിലാണ് ഇരുവരും ക്രീസില്‍ ഒരുമിച്ചത്. ഏഴാം വിക്കറ്റില്‍ 217 പന്തുകള്‍ നേരിട്ടാണ് സഖ്യം 123 റണ്‍സ് സ്വന്തമാക്കിയത്. 115 പന്തുകള്‍ നേരിട്ട ഠാക്കൂര്‍ ഒന്‍പത് ഫോറും രണ്ടു സിക്‌സറും സഹിതം 67 റണ്‍സെടുത്തു. അരങ്ങേറ്റ ടെസ്റ്റിനെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ 144 പന്തില്‍ നിന്ന് ഏഴു ഫോറും ഒരു സിക്‌സറും സഹിതമാണ് 62 റണ്‍സെടുത്തത്. ഇരുവരുടെയും ആദ്യ ടെസ്റ്റ് അര്‍ധ സെഞ്ച്വറിയായിരുന്നു ഇത്.

നെറ്റ് ബൗളര്‍മാരായി എത്തി നെടുന്തൂണായി മാറി; ഓസീസിനെതിരെ സുന്ദറിന്റെയും ഠാക്കൂറിന്റെയും വീരോചിത ചെറുത്തുനില്‍പ്പ്

1991ല്‍ ഗാബയില്‍ കപില്‍ദേവും മനോജ് പ്രഭാകറും നേടിയ 58 റണ്‍സിന്റെ റെക്കോര്‍ഡ് സഖ്യം പഴങ്കഥയാക്കി. ഓസീസ് മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 2018-19ല്‍ റിഷഭ് പന്ത്-രവീന്ദ്ര ജഡേജ സഖ്യം നേടിയ 204, 1947-48ല്‍ വിജയ് ഹസാരെ-ഹെമു അധികാരി സഖ്യം നേടിയ 132 എന്നിവയാണ് ഇതിനു മുകൡലുള്ളത്.

എല്ലാം സിക്‌സറില്‍

രണ്ടു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ കുപ്പായം അണിയുന്നതിന്റെ പങ്കപ്പാടുകള്‍ ഒന്നും ശാര്‍ദുലിന്റെ ശരീരഭാഷയില്‍ ഉണ്ടായിരുന്നില്ല. നമ്പര്‍ വണ്‍ ടെസ്റ്റ് ബൗളറായ പാറ്റ് കമ്മിന്‍സിന്റെ പന്ത് സിക്‌സറിന് പറത്തിയാണ് ശാര്‍ദുല്‍ ആരംഭിച്ചത്. ഇതേ ഓവറില്‍ തന്നെ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറിയും കണ്ടെത്തി. കമ്മിന്‍സിന്റെ ആ ഓവറില്‍ പിറന്നത് 12 റണ്‍സ്.

സ്പിന്നര്‍ നഥാന്‍ ലിയോണിനെ ലോങ്ഓണിന് മുകളിലൂടെ സിക്‌സറിനു പറത്തിയാണ് ശാര്‍ദുല്‍ തന്റെ ആദ്യ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 90 പന്തില്‍ നിന്നായിരുന്നു അര്‍ധസെഞ്ച്വറി.

സുന്ദരം സുന്ദര്‍

ബാറ്റു കൊണ്ടും പന്തു കൊണ്ടും സുന്ദരമായ ഓള്‍റൗണ്ട് പ്രകടനമാണ് സുന്ദര്‍ പുറത്തെടുത്തത്. അര്‍ധസെഞ്ച്വറിക്കൊപ്പം ഒന്നാം ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റും താരം വീഴ്ത്തി. ഓസീസില്‍ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറിയും മൂന്നു വിക്കറ്റും വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സുന്ദര്‍. ദത്തു പദ്കറാണ് ആദ്യത്തെ താരം. 1947ലായിരുന്നു ദത്തുവിന്റെ നേട്ടം.