LiveTV

Live

Sports

പരിക്ക് ഒഴിവാക്കി ഇന്ത്യ; എങ്കിലും ആസ്‌ട്രേലിയക്ക് ലീഡ്

186ന് ആറ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ വാഷിങ്ടണ്‍ സുന്ദറും ശര്‍ദുല്‍ താക്കൂറും ചേര്‍ന്ന് കരകയറ്റുകയായിരുന്നു.

പരിക്ക് ഒഴിവാക്കി ഇന്ത്യ; എങ്കിലും ആസ്‌ട്രേലിയക്ക് ലീഡ്

ബ്രിസ്‌ബെയിന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് 33 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ആസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 336 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയിലാണ്. ആസ്‌ട്രേലിയക്കിപ്പോള്‍ 54 റണ്‍സ് ലീഡായി. 186ന് ആറ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ വാഷിങ്ടണ്‍ സുന്ദറും ശര്‍ദുല്‍ താക്കൂറും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 123 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഏഴാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഇതില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ നില പരുങ്ങിയേനെ.

വാഷിങ്ടണ്‍ സുന്ദറും ശര്‍ദുല്‍ താക്കൂറും തങ്ങളുടെ ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ദ്ധ സെഞ്ച്വറിയാണ് നേടിയത്. വാഷിങ്ടണ്‍ സുന്ദര്‍ 144 പന്തില്‍ നിന്ന് 62 റണ്‍സ് നേടിയപ്പോള്‍ താക്കൂര്‍ 115 പന്തില്‍ നിന്ന് 67 റണ്‍സ് നേടി പിന്തുണകൊടുത്തു. ഇരുവരും മടങ്ങിയതോടെ വാലറ്റത്തെ ആസ്‌ട്രേലിയ എളുപ്പം മടക്കി രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ചു.

രണ്ടിന് 62 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായില്ല. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, മായങ്ക് അഗര്‍വാള്‍, റിഷബ് പന്ത് എന്നിവര്‍ എളുപ്പത്തില്‍ മടങ്ങി. പ്രതിരോധത്തിലൂന്നി ബാറ്റിങ് തുടര്‍ന്ന പുജാരയെ ഹേസില്‍വുഡ് വിക്കറ്റ് കീപ്പറുകളുടെ കൈകളിലെത്തിക്കുകയായിരുന്നു. 94 പന്തില്‍ നിന്ന് 25 റണ്‍സായിരുന്നു പുജാരയുടെ സമ്പാദ്യം. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന രഹാനയെ സ്റ്റാര്‍ക്കും പുറത്താക്കിയതോടെ ഇന്ത്യ പരുങ്ങലിലായി. 37 റണ്‍സാണ് രഹാനെ നേടിയത്. ലഞ്ചിന് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ മായങ്ക് അഗര്‍വാളിനെയും ഹേസില്‍വുഡ് പറഞ്ഞയച്ചു. 38 റണ്‍സാണ് അഗര്‍വാള്‍ നേടിയത്. ലഞ്ചിന് ശേഷമുള്ള രണ്ടാമത്തെ പന്തിലായിരുന്നു വിക്കറ്റ്.

പിന്നീട് എത്തുന്നവരും എളുപ്പത്തില്‍ പവലിയനിലേക്ക് മടങ്ങും എന്ന തോന്നിച്ച ഘട്ടത്തിലായിരുന്നു സുന്ദറിന്റെയും താക്കൂറിന്റെയും രക്ഷാപ്രവര്‍ത്തനം. ഒരു ഘട്ടത്തില്‍ ഇന്ത്യ ലീഡ് എടുക്കുമെന്ന് തോന്നിച്ചെങ്കിലും താക്കൂറിനെ കമ്മിന്‍സ് ബൗള്‍ഡ് ആക്കിയതോടെ ഇന്ത്യ വീണു. പിന്നാലെ വാലറ്റവും മടങ്ങിയതോടെ ആസ്‌ട്രേലിയക്ക് 33 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി. ആസ്‌ട്രേലിയക്ക് വേണ്ടി ഹേസില്‍വുഡ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റാര്‍ക്ക്, കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.