LiveTV

Live

Sports

മുംബൈയ്ക്കായി അരങ്ങേറി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; വിക്കറ്റ് നേട്ടത്തോടെ തുടക്കം

ആദ്യ ഓവറില്‍ പതിനഞ്ചു റണ്‍സാണ് അര്‍ജുന്‍ വിട്ടു കൊടുത്തത്

മുംബൈയ്ക്കായി അരങ്ങേറി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; വിക്കറ്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്കായി അരങ്ങേറി. ആദ്യ മത്സരത്തില്‍ തന്നെ അര്‍ജുന്‍ വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഓവറില്‍ പതിനഞ്ചു റണ്‍സാണ് അര്‍ജുന്‍ വിട്ടു കൊടുത്തത്. എന്നാല്‍ രണ്ടാം ഓവറില്‍ ഓപണര്‍ ചൈതന്യ ബിഷ്‌ണോയിയെ പുറത്താക്കി താരം തന്റെ വിക്കറ്റ് നേട്ടം ആഘോഷിച്ചു. മൂന്ന് ഓവറില്‍ 34 റണ്‍സാണ് അര്‍ജുന്‍ വിട്ടുനല്‍കിയത്.

മത്സരത്തില്‍ ഹരിയാന എട്ടുവിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റു ചെയ്ത മുംബൈ 19.3 ഓവറില്‍ 143 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 17.4 രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ഹിമാന്‍ഷു റാണ 75 ഉം ശിവം ചൗഹാന്‍ 43 ഉം റണ്‍സ് നേടി.

മുംബൈ ടീമിനായി അരങ്ങേറിയതോടെ അര്‍ജുന്‍ ഐപിഎല്‍ ലേലത്തിന് അര്‍ഹനായി. സലില്‍ അങ്കോള അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് അര്‍ജുനെയും മറ്റൊരു പേസര്‍ കൃതിക് ഹനഗവാഡിയെയും ഉള്‍പ്പെടുത്തി 22 അംഗ മുംബൈ സംഘത്തെ പ്രഖ്യാപിച്ചിരുന്നത്. 2018ല്‍ ലങ്കന്‍ സന്ദര്‍ശനത്തില്‍ ഇന്ത്യയുടെ അണ്ടര്‍ 19 സംഘത്തിലെ അംഗമായിരുന്നു അര്‍ജുന്‍.