അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോളടിച്ച് ഹംസ റഫീഅ; യുവന്റസില്‍ പുത്തന്‍ താരോദയം
മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് യുവന്റസ് ജയിച്ചു

ലിസ്ബണ്‍: കോപ്പ ഇറ്റാലിയയില്‍ യുവന്റസിനു വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ കണ്ടെത്തി 21കാരന് ഹംസ റഫീഅ. ജിനോവയ്ക്കെതിരെയുള്ള മത്സരത്തില്‍ എക്സ്ട്രൈ ടൈമിലായിരുന്നു ടുനീഷ്യന്‍ താരത്തിന്റെ ഗോള്‍. മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് യുവന്റസ് ജയിച്ചു.
രണ്ടാം മിനിറ്റില്‍ തന്നെ ഡെജാന്‍ കലസെവ്സ്കിയിലൂടെ യുവെ മുമ്പിലെത്തി. 23-ാം മിനിറ്റില്‍ അല്‍വാരോ മൊറോട്ടയും സ്കോര്‍ ചെയ്തതോടെ സ്കോര്‍ 2-0. എന്നാല്‍ 28-ാം മിനിറ്റില്‍ ലെന്നാര്‍ട് സിബോറയിലൂടെ ജിനോവ തിരിച്ചടിച്ചു. 74-ാം മിനിറ്റില്‍ ഫിലിപ്പോ മെലെഗോനി കൂടി ഗോള്‍ കണ്ടെത്തിയതോടെ മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു.
അധികസമയത്ത്, 104-ാം മിനിറ്റിലായിരുന്നു റഫീഅയുടെ മിന്നുംഗോള്. നാല് എതിര് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നല്കിയ പാസില്‍ നിന്നായിരുന്നു ഹംസ പോസ്റ്റിലേക്ക് നിറയൊഴിച്ചത്.
1999 ഏപ്രില്‍ രണ്ടിന് ടുനീഷ്യയിലെ കാലാത് സെനാനില് ജനിച്ച റഫീഅ ഫ്രാന്‍സിന് വേണ്ടി അണ്ടര്‍ 17,18 ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. പിന്നീട് ടുനീഷ്യന്‍ ദേശീയ ടീമിനായി കളിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. സ്വന്തം രാജ്യത്തിനായി ഏഴു മത്സരങ്ങളില്‍ താരം ബൂട്ടണിഞ്ഞിട്ടുണ്ട്.
മൗറിത്വാനിയയ്ക്കെതിരെ 2019 സെപ്തംബര്‍ ആറിനാണ് അന്താരാഷ്ട്ര തലത്തില്‍ ഈ മിഡ്ഫീല്‍ഡര്‍ അരങ്ങേറിയത്. 2017 മുതല്‍ ഫ്രഞ്ച് ക്ലബായ ലിയോണിന്റെ റിസര്‍വ് ടീമിലുണ്ടായിരുന്നു. 2019 വേനല്‍ക്കാല സീസണിലാണ് യുവന്റസിലെത്തിയത്.