ഒരു ദിനം, എട്ടു വിക്കറ്റ്, വിജയത്തിനു വേണ്ടത് 309 റണ്‍സ്; സിഡ്നിയില്‍ സസ്പെന്‍സ്
അര്‍ധ സെഞ്ച്വറി നേടിയ ഓപണര്‍ രോഹിത് ശര്‍മ്മയും (51) ശുഭ്മാന്‍ ഗില്ലുമാണ് ഇന്ന് പുറത്തായത്

സിഡ്നി: ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനം ഇന്ത്യയ്ക്ക് ജയത്തിനായി വേണ്ടത് 309 റണ്‍സ്. ഓസീസിന്റെ രണ്ടാം ഇന്നിങ്സ് സ്കോറായ 407നെതിരെ നാലാം ദിനം സ്റ്റംപ് എടുക്കുമ്പോള്‍ ഇന്ത്യ രണ്ടിന് 98 എന്ന നിലയിലാണ്. ഒരു ദിവസവും എട്ടുവിക്കറ്റും കൈയിലിരിക്കെ അപ്രാപ്ര്യമായ ലക്ഷ്യമല്ല ഇന്ത്യയ്ക്ക് മുമ്പിലുള്ളത്.
അര്‍ധ സെഞ്ച്വറി നേടിയ ഓപണര്‍ രോഹിത് ശര്‍മ്മയും (51) ശുഭ്മാന്‍ ഗില്ലുമാണ് ഇന്ന് പുറത്തായത്. 71 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് ഓപണര്‍മാര്‍ പടുത്തുയര്‍ത്തിയത്. ഓസീസിനു വേണ്ടി പാറ്റ് കമ്മിന്‍സും ജോഷ് ഹാസല്‍വുഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ ആറിന് 312 എന്ന സ്കോറില്‍ ഓസീസ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
407 എന്ന വിജയലക്ഷ്യത്തിനെതിരെ ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മയും ഗില്ലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 22-ാം ഓവറിലെ ആദ്യ പന്തിലാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 64 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത ഗില്‍ ഹാസല്‍വുഡിന്റെ പന്തില്‍ പുറത്ത്. ടിം പെയ്ന് ആണ് ക്യാച്ചെടുത്തത്. 98 പന്തില്‍ നിന്ന് അഞ്ചു ഫോറും ഒരു സിക്സറും സഹിതമായിരുന്നു രോഹിതിന്റെ ഇന്നിങ്സ്. കമ്മിന്‍സിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക് പിടിച്ചാണ് രോഹിത് പുറത്തായത്.
ഒന്നാം ഇന്നിങ്സില്‍ 94 റണ്‍സിന്റെ ലീഡ് നേടിയ ഓസീസ്, രണ്ടാം ഇന്നിങ്സില്‍ 87 ഓവറിലാണ് 312 റണ്‍സ് അടിച്ചെടുത്തത്. ഓസീസ് നിരയില്‍ മാര്‍നസ് ലബുഷെയ്ന് (73), സ്റ്റീവ് സ്മിത്ത് (81), കാമറൂണ്‍ ഗ്രീന്‍ (84) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യയ്ക്കായി സെയ്നിയും അശ്വിനും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.