LiveTV

Live

Sports

സിഡ്നിയില്‍ വംശീയാധിക്ഷേപം പതിവെന്ന് അശ്വിന്‍

അഡ്ലെയ്ഡിലും മെല്‍ബണിലും കാര്യങ്ങള്‍ ഇത്ര മോശമായിരുന്നില്ലെങ്കിലും സിഡ്‌നിയില്‍ ഇത് പതിവാണ്

സിഡ്നിയില്‍ വംശീയാധിക്ഷേപം പതിവെന്ന് അശ്വിന്‍

സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് കാണികളില്‍ നിന്ന് മുമ്പും വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കും നേരെ കാണികള്‍ വംശീയാധിക്ഷേപം നടത്തിയതിന് പിന്നാലെയാണ് അശ്വിന്റെ വെളിപ്പെടുത്തല്‍. വിഷയത്തില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നതായി ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബോര്‍ഡ് മേധാവി സീന്‍ കരോള്‍ അറിയിച്ചു.

ഇന്ത്യന്‍ ടീം പരാതി നല്‍കിയ ശേഷവും സിഡ്‌നി കാണികളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായ സംഭവം ആശ്ചര്യപ്പെടുത്തിയെന്നും ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അശ്വിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

''അഡ്ലെയ്ഡിലും മെല്‍ബണിലും കാര്യങ്ങള്‍ ഇത്ര മോശമായിരുന്നില്ലെങ്കിലും സിഡ്‌നിയില്‍ ഇത് പതിവാണ്. മുമ്പും എനിക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടത്തെ ആരാധകര്‍ മോശമായി പെരുമാറുന്നവരാണ്. എനിക്കറിയില്ല അവര്‍ എന്തിനാണിങ്ങനെ ചെയ്യുന്നുവെന്ന്.'' - അശ്വിന്‍ പറഞ്ഞു.

മല്‍സരത്തിന്‍റെ നാലം ദിനം ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ഇന്ത്യന്‍ താരങ്ങളായ സിറാജിനും ബുംറക്കും നേരെ കാണികള്‍ വംശീയാധിക്ഷേപം നടത്തിയത്. 85ാം ഓവര്‍ കഴിഞ്ഞയുടനെ ഫീല്‍ഡ് ചെയ്യാനായി ബൗണ്ടറി ലൈനിനരികിലെത്തിയപ്പോഴാണ് സിറാജിനെ കാണികള്‍ വംശീയമായി എതിരിട്ടത്. തൊട്ടുമുന്‍പ് സിറാജ് എറിഞ്ഞ ഓവറിലെ അവസാന രണ്ട് പന്തുകളില്‍ കാമറൂണ്‍ ഗ്രീന്‍ തുടര്‍ച്ചയായി സിക്സര്‍ പറത്തിയിരുന്നു.

മൂന്നാം ദിനത്തിലെ മത്സരം അവസാനിച്ച ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാച്ച് റഫറി ഡേവിഡ് ബൂണിന് ഔദ്യോഗികമായി പരാതി നല്‍കിയിട്ടും നാലാം ദിനം വീണ്ടും സിറാജിന് മോശം അനുഭവം ഉണ്ടായി. സിറാജിനോട് മോശമായി പെരുമാറിയ ആറ് ഓസ്ട്രേലിയന്‍ ആരാധകരെ സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു.