വംശീയാധിക്ഷേപം; മാപ്പ് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ
മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കും നേരെ കാണികള്‍ നടത്തിയ വംശീയാധിക്ഷേപത്തില്‍ മാപ്പുമായി ക്രിക്കറ്റ് ഓസ്ട്രേലിയ

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കും നേരെ കാണികള്‍ നടത്തിയ വംശീയാധിക്ഷേപത്തില്‍ മാപ്പുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. വിഷയത്തില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നതായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബോര്‍ഡ് മേധാവി സീന്‍ കരോള്‍ അറിയിച്ചു.
'വംശീയ അധിക്ഷേപം നടത്തുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഓസീസ് ക്രിക്കറ്റിലേക്ക് സ്വാഗതമില്ല. വിഷയത്തില്‍ ഐ.സി.സിയുടെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. നിരോധനം അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കും. കേസ് പൊലീസിന് കൈമാറിയിട്ടുമുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മല്‍സരത്തിന്റെ നാലം ദിനം ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ഇന്ത്യന്‍ താരങ്ങളായ സിറാജിനും ബുംറക്കും നേരെ കാണികള്‍ വംശീയാധിക്ഷേപം നടത്തിയത്. 85ാം ഓവര്‍ കഴിഞ്ഞയുടനെ ഫീല്‍ഡ് ചെയ്യാനായി ബൗണ്ടറി ലൈനിനരികിലെത്തിയപ്പോഴാണ് സിറാജിനെ കാണികള്‍ വംശീയമായി എതിരിട്ടത്. തൊട്ടുമുന്‍പ് സിറാജ് എറിഞ്ഞ ഓവറിലെ അവസാന രണ്ട് പന്തുകളില്‍ കാമറൂണ്‍ ഗ്രീന്‍ തുടര്‍ച്ചയായി സിക്സര്‍ പറത്തിയിരുന്നു.
താരങ്ങള്‍ക്ക് വംശീയാധിക്ഷേപം നേരിട്ടതിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ രഹാനെയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചതോടെ കളി അല്‍പ്പനേരം നിര്‍ത്തിവച്ചു. പിന്നീട് പൊലീസ് ഇടപെട്ട് ആറു കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.