പത്താമങ്കത്തിന് ബ്ലാസ്റ്റേഴ്സ്; ലക്ഷ്യം ജയം മാത്രം
പത്തു കളികളില്‍ നിന്ന് ഇതുവരെ ആകെ ഒരു മത്സരത്തില്‍ മാത്രമാണ് കേരള ടീമിന് ജയം സ്വന്തമാക്കാനായത്

പനജി: 'കേരളത്തിന്റെ കളി നോക്കിയാല്‍ അവരുടെ നിര്‍ഭാഗ്യ കാണാം. കഴിഞ്ഞ മത്സരത്തില്‍ അവര്‍ 4-2ന് തോറ്റു. എന്നാല്‍ കേരളത്തിന് അഞ്ചാറു ഗോള്‍ എങ്കിലും എളുപ്പത്തില്‍ സ്കോര്‍ ചെയ്യാമായിരുന്നു. ഇത്തരത്തില്‍ ടീമുകള്‍ നിരാശരാകുമ്പോള്‍ അവര്‍ അപകടകാരികളാകും. അതിനെ നേരിടാന്‍ തയ്യാറാകണം'' - മത്സരത്തിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തില്‍ ജംഷഡ്പൂര്‍ കോച്ച് ഓവന് കോയിലിന്റെ വാക്കുകളാണിത്. ഇന്നത്തെ കളിയില്‍ ആ വാക്കുകള്‍ അച്ചട്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കാം.
അത്രയ്ക്കുണ്ട് ഒരു വിജയത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ്. ഐസ്എല്ലിലെ പത്താം മത്സരത്തില്‍ അഭിമാനപ്പോരാട്ടത്തിനാണ് ഇന്ന് ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. പത്തു കളികളില്‍ നിന്ന് ഇതുവരെ ആകെ ഒരു മത്സരത്തില്‍ മാത്രമാണ് കേരള ടീമിന് ജയം സ്വന്തമാക്കാനായത്. കഴിഞ്ഞ ദിവസം പോയിന്റ് പട്ടികയില്‍ അവസാനത്തുള്ള ഒഡിഷയോടാണ കേരളം ഒടുവില്‍ തോറ്റത്.
പ്രതിരോധത്തിലെ പിഴവുകള്‍
പരിക്കേറ്റു തളര്‍ന്ന പ്രതിരോധം എങ്ങനെ കളിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ മത്സരഫലം. പ്രതിരോധത്തിലെ വമ്പന്മാരായ ബകാരി കോനെയ്ക്കും കോസ്റ്റ നെമോയിന്സുവിനും പരിക്കേറ്റിട്ടുണ്ട്. ഒഡിഷയ്ക്കെതിരെയുള്ള കളിയില്‍ നിഷു കുമാറിനും പരിക്കേറ്റു.
ബോക്സിനുള്ളില്‍ നിന്ന് ഇതുവരെ 79 ഷോട്ടുകളാണ് കേരളത്തിന്റെ എതിരാളികള്‍ തൊടുത്തിട്ടുള്ളത്. അഞ്ചു പെനാല്‍റ്റിയും വഴങ്ങി. പ്രതിരോധം എത്രമാത്രം ദുര്‍ബലമാണ് എന്നതിന് ഈ കണക്കു മാത്രം ധാരാളമാണ്. ഈ ഗോളില്‍ ഇതുവരെ ആറു ഗോള്‍ കണ്ടെത്തിയ നെരിയുസ് വാല്‍സ്കിസ് ഫോമിലേക്ക് ഉയര്‍ന്നാല്‍ പ്രതിരോധത്തിന് പിടിപ്പതു പണിയാകും. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും വാല്‍സ്കിസിന് ഗോള്‍ കണ്ടെത്താനായിട്ടില്ല.
ഫൈനല്‍ തേഡിലെ പരിഭ്രാന്തി
ഫൈനല്‍ തേഡിലെ പ്രശ്നങ്ങള്‍ ഇനിയും പരിഹരിച്ചില്ലെങ്കില്‍ കേരളത്തിന് ജയം ഇനിയും കിട്ടാക്കനിയാകും. മധ്യനിരയും സ്ട്രൈക്കര്‍മാരും തമ്മില്‍ ഒത്തിണക്കം കാണിക്കുന്നത് മത്സരത്തിന്റെ ഏതാനും സമയങ്ങളില്‍ മാത്രമാണ്. ജോര്ഡാന് മറെ താളം കണ്ടെത്തിയെങ്കിലും കൊട്ടിഗ്ഘോഷിച്ച് ടീമിലെത്തിച്ച ഹൂപ്പര്‍ ഇനിയും തിളങ്ങിയിട്ടില്ല. ജയം മാത്രം ലക്ഷ്യമിടുന്ന കോച്ച് കിബു വിക്കുന മുന്നേറ്റത്തില്‍ ഇന്ന് മറെയെയും ഹൂപ്പറിനെയും ഒന്നിച്ച് അണി നിരത്താനാണ് സാധ്യത.
മിഡ്ഫീല്‍ഡില്‍ സഹലും ജീക്സണ് സിങ്ങും ഫക്കുണ്ടോ പരേരയും മിഡില്‍ വിസന്റെ ഗോമസുമിറങ്ങും. പ്രതിരോധത്തില്‍ അബ്ദുല്‍ ഹക്കു ഇടം പിടിക്കും. പരിക്കു മൂലം പ്രതിരോധത്തില്‍ മറ്റാര് ഇറങ്ങുമെന്നതില്‍ വ്യക്തതയില്ല. ഒഡിഷയ്ക്കെതിരെ ഇറങ്ങിയ സന്ദീപ് സിങ പരാജയമായിരുന്നു.
പോയിന്റ് നില
ഒമ്പത് കളികളില്‍ നിന്ന് ആറു പോയിന്റുമായി പോയിന്റ് പട്ടികയില്‍ പത്താമതാണ് ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂര്‍ ഒമ്പത് കളികളില്‍ നിന്ന് 13 പോയിന്റുമായി അഞ്ചാമതും. ഇന്നത്തെ കളി ജയിച്ചാല്‍ ജംഷഡ്പൂര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിക്കും. 22 പോയിന്റുള്ള മുംബൈ സിറ്റി എഫ്സിയും 20 പോയിന്റുള്ള എടികെ മോഹന്‍ ബഗാനുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.