വീണ്ടും പരിക്ക്; രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി
പരിക്കോടെയാണ് ഇന്ത്യയുടെ ആസ്ട്രേലിയന്‍ പരമ്പര തുടങ്ങിയത് തന്നെ. മുന്‍ നിര കളിക്കാരുടെ പരിക്ക് തെല്ലൊന്നുമല്ല ഇന്ത്യയെ അലട്ടിയത്.
പരിക്കോടെയാണ് ഇന്ത്യയുടെ ആസ്ട്രേലിയന്‍ പരമ്പര തുടങ്ങിയത് തന്നെ. മുന്‍ നിര കളിക്കാരുടെ പരിക്ക് തെല്ലൊന്നുമല്ല ഇന്ത്യയെ അലട്ടിയത്. ഈ പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ബെഞ്ചിലെ കരുത്തനായ ലോകേഷ് രാഹുലിനാണ് ഒടുവില്‍ പരിക്കേറ്റത്. അക്കൂട്ടത്തിലേക്കിതാ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തും മികച്ച ഫോമില്‍ കളിക്കുന്ന രവീന്ദ്ര ജഡേജയും. സിഡ്നി ടെസ്റ്റിലെ മൂന്നാം ദിനം ബാറ്റ് ചെയ്യുന്നതിനിടെയണ് റിഷബ് പന്തിനും രവീന്ദ്ര ജഡേജക്കും പരിക്കേല്‍ക്കുന്നത്.
പരിക്കേറ്റ ഇരവരും പുറത്താകുന്നത് വരെ ബാറ്റിങ് തുടര്‍ന്നെങ്കിലും ആസ്ട്രേലിയന്‍ രണ്ടാം ഇന്നിങ്സില്‍ ഫീല്‍ഡിങിന് ഇറങ്ങിയില്ല. പന്തിന് പകരം വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റിന് പിന്നില്‍. പാറ്റ് കമ്മിന്‍സിന്റെ ഏറില്‍ പന്തിന്റെ ഇടതു കൈമുട്ടിനാണ് പരിക്കേറ്റത്. ബാന്‍ഡേജ് ധരിച്ചാണ് പന്ത് ഔട്ടാകുന്നത് വരെ ബാറ്റിങ് തുടര്‍ന്നത്. 36 റണ്‍സാണ് പന്തിന്റെ സംഭാവന. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഇടതു കൈവിരലിനാണ് ജഡേജക്ക് പരിക്കേറ്റത്. ബാന്‍ഡേജ് ധരിച്ചാണ് ജഡേജയും ബാറ്റിങ് തുടര്‍ന്നത്. 28 റണ്‍സെടുത്ത ജഡേജക്ക് കൂട്ടിന് ആളില്ലാതെ എല്ലാവരും കൂടാരം കയറുകയായിരുന്നു. ആദ്യ ഇന്നിങ്സിലെ നാല് വിക്കറ്റ് വീഴ്ത്തിയ ജഡേജയുടെ സേവനം നഷ്ടമായാല്‍ ഇന്ത്യക്ക് വന്‍ തിരിച്ചടിയാവും.
മൂന്നാം ദിനം സ്റ്റമ്പ് എടുക്കുമ്പോള്‍ ആസ്ട്രേലിയ രണ്ടിന് 103 റണ്‍സെന്ന നിലയിലാണ്. 37 റണ്‍സുമായി മാര്‍നസ് ലബുഷെയിന് 29 റണ്‍സുമായി സ്റ്റീവന്‍ സ്മിത്ത് എന്നിവരാണ് ക്രീസില്‍. 197 റണ്‍സിന്റെ ലീഡായി പെയിനിനും കൂട്ടര്‍ക്കും. നാലാം ദിനത്തിലെ ആദ്യ സെഷന് ഇന്ത്യക്ക് അതിനിര്‍ണായകമാണ്. എളുപ്പത്തില്‍ വിക്കറ്റ് വീഴ്ത്താനായില്ലെങ്കില്‍ കളി കൈവിടും.