സിറാജിനും ബുംറക്കും നേരെ കാണികളുടെ വംശീയാധിക്ഷേപം
ഇന്ത്യയുടെ പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കു നേരെ വംശീയാധിക്ഷേപം നടന്നതായി പരാതി.
ഇന്ത്യയുടെ പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കു നേരെ വംശീയാധിക്ഷേപം നടന്നതായി പരാതി. ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ കാണികള്‍ക്കിടയില്‍ നിന്നാണ് ഇരുവര്‍ക്കും വംശീയാധിക്ഷേപം നേരിട്ടത്. സിഡ്നി ടെസ്റ്റിലെ രണ്ട്, മൂന്ന് ദിനങ്ങളിലാണ് കാണികള്‍ വംശീയമായി ഇന്ത്യന്‍ താരങ്ങളെ നേരിട്ടത്. ഇതു സംബന്ധിച്ച പരാതി മാച്ച് റഫറിമാരായ പോള്‍ റീഫില്‍, പേള്‍ വില്‍സണ്‍ എന്നിവര്‍ക്ക് കൈമാറി.
ഇന്ത്യന്‍ നായകന് അജിങ്ക്യ രഹാനെ, രവിചന്ദ്ര അശ്വിന് എന്നിവരാണ് ഇക്കാര്യം മാച്ച് റഫറിമാരുടെ ശ്രദ്ധയില്‍പെടുത്തിയത്. മത്സര ശേഷം മാച്ച് റഫറിമാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയതായി ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരും ദിവസങ്ങില്‍ പരാതിയില്‍ തുടര്‍ നടപടികളുണ്ടാവും. കോവിഡ് സുരക്ഷാ മുന്‍ നിര്‍ത്തി കര്‍ശന നിയന്ത്രണങ്ങളോടെയാണ് കാണികളെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ആസ്ട്രേലിയയും തമ്മലുള്ളത്. പരമ്പരയില്‍ ഓരോ മത്സരവും വിജയിച്ച് ഇരു ടീമുകളും തുല്യനിലയിലാണ്.
മൂന്നാം ടെസ്റ്റ് സിഡ്നിയില്‍ പുരോഗമിക്കുകയാണ്. മൂന്നാം ദിവസം സ്റ്റമ്പ് എടുക്കുമ്പോള്‍ ആസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയിലാണ്. ആസ്ട്രേലിയക്ക് ഇപ്പോള്‍ 197 റണ്‍സ് ലീഡായി. ബ്രിസ്ബെയിനിലാണ് അവസാന ടെസ്റ്റ് മത്സരം.