LiveTV

Live

Sports

മികച്ച തുടക്കം മുതലാക്കാതെ ഇന്ത്യ; മൂന്നാം ടെസ്റ്റില്‍ 244ന് പുറത്ത്

മൂന്നാം ദിനം 196 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് കൂട്ടിച്ചേര്‍ക്കാനായത്

മികച്ച തുടക്കം മുതലാക്കാതെ ഇന്ത്യ; മൂന്നാം ടെസ്റ്റില്‍ 244ന് പുറത്ത്

സിഡ്‌നി: ഇന്ത്യയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 94 റണ്‍സ് ലീഡ്. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 334ന് എതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 244ന് പുറത്തായി. മൂന്നാം ദിനം 196 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് കൂട്ടിച്ചേര്‍ക്കാനായത്. പൂജാര അര്‍ധ സെഞ്ച്വറി നേടി. 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഹാസല്‍വുഡ് രണ്ടു വിക്കറ്റ് വീഴ്ത്തി.

ക്യാപ്റ്റന്‍ അജിന്‍ക്യ രാഹനെയും ചേതേശ്വര്‍ പുജാരയും പതിയെയാണ് മൂന്നാം ദിനം കളി തുടങ്ങിയത്. എന്നാല്‍ സ്‌കോര്‍ 22ല്‍ നില്‍ക്കെ രഹാനെയെ കമ്മിന്‍സ് ബൗള്‍ഡാക്കി. പിന്നീടെത്തിയ ഹനുമാന്‍ വിഹാരി 38 പന്തില്‍ നിന്ന് നാലു റണ്‍സ് മാത്രമാണ് നേടിയത്. ശേഷമെത്തിയ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് റണ്‍നിരക്ക് ഉയര്‍ത്തിയത്. 67 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത പന്തിനെ ഹാസല്‍വുഡ് ആണ് പുറത്താക്കിയത്. അതിനിടെ, 176 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി നേടിയ പൂജാര കമ്മിന്‍സിന്റെ പന്തില്‍ ടിം പെയ്‌നെ പിടിച്ച് പുറത്തായി.

ഇന്ത്യന്‍ വാലറ്റ നിര ചെറുത്തിനില്‍പ്പില്ലാതെയാണ് കീഴടങ്ങിയത്. അശ്വിന്‍ (10), നവ്ദീപ് സെയ്‌നി (3), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (6) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 28 റണ്‍സുമായി പുറത്താകാതെ നിന്നു.

രണ്ടാം ദിനം ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക മികച്ച തുടക്കമാണ് നല്‍കിയിരുന്നത്. എന്നാല്‍ തുടക്കം മുതലാക്കാന്‍ പിന്നീട് ഇന്ത്യയ്ക്കായില്ല.