LiveTV

Live

Sports

രഹാനെയോ കോലിയോ? സച്ചിന് പറയാനുള്ളത് ഇതാണ്!

ഒരു വ്യക്തിയും രാജ്യത്തിന് മുകളിലല്ല. ടീമും രാജ്യവും എല്ലാറ്റിനും മുകളിലാണ്

രഹാനെയോ കോലിയോ? സച്ചിന് പറയാനുള്ളത് ഇതാണ്!

മുംബൈ: ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള രണ്ടാം ടെസ്റ്റിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അജിന്‍ക്യ രഹാനെയെയും വിരാട് കോലിയെയും താരതമ്യപ്പെടുത്തിയുള്ള ചോദ്യത്തിനും സച്ചിന്‍ മറുപടി നല്‍കി.

'ഇത് നമ്മുടെ ടീമിന്റെ മികച്ച പ്രകടനമാണ് എന്നു ഞാന്‍ കരുതുന്നു. അജിന്‍ക്യ ടീമിനെ നയിച്ച രീതിയും മികച്ചതായിരുന്നു. സീനിയര്‍ താരങ്ങളുടെ സംഭാവനകളിലേക്ക് നോക്കുകയാണ് എങ്കില്‍ അതും നന്നായിരുന്നു' - പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

'അജിന്‍ക്യ ഏറ്റവും മികച്ച രീതിയിലാണ് ബാറ്റു ചെയ്തത്. അദ്ദേഹം ശാന്തനായിരുന്നു. എന്നാല്‍ അകത്ത് ആക്രമണ ത്വരയുണ്ടായിരുന്നു. എന്നാല്‍ അത് ദൃഢതയോടെ, ശാന്തതയോടെ അദ്ദേഹം ബാലന്‍സ് ചെയ്തു. ഒരു ബൗണ്ടറി കിട്ടുന്ന പന്തു പോലും രഹാനെ നഷ്ടപ്പെടുത്തിയില്ല' - സച്ചിന്‍ ചൂണ്ടിക്കാട്ടി.

കോലിയുമായി രഹാനെയെ താരതമ്യം ചെയ്ത ചോദ്യത്തിന് രണ്ടു പേരും വ്യത്യസ്ത വ്യക്തിത്വങ്ങളാണ് എന്നായിരുന്നു സച്ചിന്റെ മറുപടി.

'വിരാടുമായി താരതമ്യം ചെയ്യേണ്ട. അജിന്‍ക്യ വേറെ വ്യക്തിത്വമാണ്. രണ്ടു പേരും ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നു. ഒരു വ്യക്തിയും രാജ്യത്തിന് മുകളിലല്ല. ടീമും രാജ്യവും എല്ലാറ്റിനും മുകളിലാണ്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്. കോലിക്ക് പകരം ക്യാപ്റ്റനായി എത്തിയ അജിന്‍ക്യ രഹാനെ സെഞ്ച്വറി നേടി ടീമിന്റെ നെടുന്തൂണായിരുന്നു. ബോക്‌സിങ് ഡേ ടെസ്റ്റില്‍ എട്ടു വിക്കറ്റിന് തകര്‍ന്ന ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചു വരവ്.