LiveTV

Live

Sports

ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ്‌ ടീം ഇന്ത്യ; ഓസീസ് നിശ്ശബ്ദം

പ്രതിസന്ധികളുടെ നടുക്കടലിനാണ് രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യ ഓസ്‌ട്രേലിയക്ക് എതിരെ മെല്‍ബണില്‍ കളിക്കാനിറങ്ങിയത്.

ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ്‌ ടീം ഇന്ത്യ; ഓസീസ് നിശ്ശബ്ദം

മെല്‍ബണ്‍: ക്യാപ്റ്റന്‍ വിരാട് കോലിയില്ല, രോഹിത് ശര്‍മ്മയും മുഹമ്മദ് ഷമിയുമില്ല, ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ ടോട്ടലിന് പുറത്തായ നാണക്കേട് അതിനു പുറമേ... പ്രതിസന്ധികളുടെ നടുക്കടലിനാണ് രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യ ഓസ്‌ട്രേലിയക്ക് എതിരെ മെല്‍ബണില്‍ കളിക്കാനിറങ്ങിയത്.

എന്നാല്‍ ചരിത്രമുറങ്ങുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കണ്ടത് മറ്റൊരു ഇന്ത്യയെ. അതിന് നെടുനായകത്വം വഹിച്ചത് അജിന്‍ക്യ രഹാനെ എന്ന കപ്പിത്താന്‍. ടീം ഒന്നിച്ചു നിന്നതോടെ നാണക്കേടിന്റെ ചാരത്തില്‍ നിന്ന് ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ ഇന്ത്യ ഉയിര്‍ത്തെണീറ്റു. സ്വന്തം കാണികള്‍ക്കു മുമ്പില്‍ ഓസീസ് അവിശ്വസനീയമായ രീതിയില്‍ ഇടറി വീണു.

എട്ടു വിക്കറ്റിന്റെ സൂപ്പര്‍ ജയം

രണ്ടാം ടെസ്റ്റിലെ ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പര 1-1 എന്ന നിലയിലായി. ബോക്‌സിങ് ഡേ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 27ഉം ഓപണര്‍ ശുഭ്മാന്‍ ഗില്‍ 35 ഉം റണ്‍സെടുത്തു. അഞ്ചു റണ്‍സെടുത്ത മായങ്ക് അഗവര്‍വാളും മൂന്നു റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുമാണ് പുറത്തായത്.

ആറു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് 67 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ ആയുള്ളൂ. രണ്ടാം ഇന്നിങ്സില്‍ 103.1 ഓവറില്‍ 200 റണ്‍സിന് ഓസീസ് ഓള്‍ഔട്ടായി.

ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ്‌ ടീം ഇന്ത്യ; ഓസീസ് നിശ്ശബ്ദം

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റു വീഴ്ത്തി. അശ്വിന്‍, ബുംറ, ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി. രണ്ട് ഇന്നിങ്‌സിലുമായി സിറാജ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. 2013ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ അരങ്ങേറ്റ മത്സരത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

പടനായകനായി രഹാനെ

അഡലൈഡിലെ ഒന്നാം ടെസ്റ്റില്‍ ആടിയുലഞ്ഞ ടീമിനെ സുരക്ഷിതമായി വിജയത്തിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് കോലിക്ക് പകരം ക്യാപ്റ്റന്റെ കുപ്പായമിട്ട അജിന്‍ക്യ രഹാനെക്ക് മുമ്പില്‍ ഉണ്ടായിരുന്നത്. രഹാനെയ്ക്ക് അതിന് ആകുമോ എന്ന് ശങ്കിച്ചവരും ഏറെ.

എന്നാല്‍ കോലി വീണിടത്ത് രഹാനെ രക്ഷകനായി ഉയിര്‍ത്തെഴുന്നേറ്റു. മെല്‍ബണിലെ കുത്തിയുയര്‍ന്ന പിച്ചില്‍ സൂപ്പര്‍ സെഞ്ച്വറിയുമായി രഹാനെ കളം നിറഞ്ഞു. 112 റണ്‍സ് നേടിയ രഹാനെയുടെ മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 326 റണ്‍സ് സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ 131 റണ്‍സിന്റെ ലീഡ് നേടാന്‍ ഇന്ത്യയെ സഹായിച്ചതും രഹാനെയുടെ ഈ ഇന്നിങ്‌സ് തന്നെ. രണ്ടാം ഇന്നിങ്‌സില്‍ രഹാനെ 27 റണ്‍സും നേടി. രഹാനെ തന്നെയാണ് കളിയിലെ താരം

ഒന്നാം ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജയുടെ പിഴവില്‍ റണ്‍ഔട്ട് ആയ വേളയില്‍ രഹാനെ സഹതാരത്തോട് ചെയ്തതും കൈയടി നേടി. ഔട്ട് ആയ വേളയില്‍ കൂളായി ജഡേജയുടെ തോളില്‍ തട്ടി ആശ്വസിപ്പിച്ചാണ് ക്യാപ്റ്റന്‍ പവലിയനിലേക്ക് മടങ്ങിപ്പോയത്. ഒന്നാം ടെസ്റ്റില്‍ രഹാനെയുടെ പിഴവില്‍ ക്യാപ്റ്റന്‍ കോലി റണ്‍ ഔട്ടായിരുന്നു. അസംതൃപ്തനായാണ് കോലി കളം വിട്ടത്. ഈ വേളയിലാണ് രഹാനെയുടെ തിരിച്ചു പോക്ക് ചര്‍ച്ചയായത്.

ഇടറി വീണ ഓസീസ്

സറ്റീവ് സ്മിത്ത്, നാലു ഇന്നിങ്‌സ്- പത്തു റണ്‍സ്. ഈ ഒരൊറ്റ കണക്കിലുണ്ട് ഓസീസ് നിര നേരിടുന്ന പ്രതിസന്ധിയുടെ ആഴം. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന സ്മിത്ത് ഈ കളിയിലും സമ്പൂര്‍ണ പരാജയമായി മാറി. ബാറ്റിങ് നിര ശോഭിക്കാതെ പോയതാണ് കങ്കാരുക്കളുടെ പതനം വേഗത്തിലാക്കിയത്.

ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ്‌ ടീം ഇന്ത്യ; ഓസീസ് നിശ്ശബ്ദം

ഓസീസിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ഇന്നിങ്‌സില്‍ ഒരു ബാറ്റ്‌സ്മാന് പോലും അര്‍ധസെഞ്ച്വറി കണ്ടെത്താനായില്ല. ആദ്യ ഇന്നിങ്‌സില്‍ 48 റണ്‍സ് നേടിയ മാര്‍നസ് ലബുഷന്‍ഗെയാണ് ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിങ്‌സില്‍ കാമറൂണ്‍ ഗ്രീന്‍ നേടിയ 45 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ജയം കണ്ടെത്തിയ ഏഷ്യന്‍സംഘവും ഇന്ത്യയാണ്. എട്ടു ജയം. നാലു ജയം നേടിയ പാകിസ്താനാണ് തൊട്ടടുത്തുള്ളത്. ശ്രീലങ്കയും ബംഗ്ലാദേശും ഓസീസില്‍ വിജയിച്ചിട്ടില്ല.

കന്നി ടെസ്റ്റില്‍ എറിഞ്ഞിട്ട് സിറാജ്

ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങിയ മുഹമ്മദ് സിറാജിനും മത്സരം അവിസ്മരണീയമായി. അരങ്ങേറ്റ മത്സരത്തില്‍ അഞ്ചു വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. ഏഴു വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ ബൗളര്‍

ദ്യ മത്സരത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 36.3 ഓവറില്‍ 77 റണ്‍സ് വഴങ്ങിയാണ് സിറാജ് അഞ്ചു വിക്കറ്റ് കൊയ്തത്.

ഇതിന് മുമ്പ് അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത് മുഹമ്മദ് ഷമിയാണ്. 2013 നവംബറില്‍ കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ. രണ്ട് ഇന്നിങ്‌സിലുമായി ഒമ്പതു വിക്കറ്റാണ് ഷമി സ്വന്തമാക്കിയിരുന്നത്. ഓസീസിനെതിരെ ഷമിക്ക് പകരമാണ് സിറാജ് ആദ്യ ഇലവനില്‍ ഇടംപിടിച്ചത്.

മുഹമ്മദ് സിറാജ്
മുഹമ്മദ് സിറാജ്

ഇപ്പോള്‍ ടീമിലുള്ള സ്പിന്നര്‍ ആര്‍ അശ്വിനും ആദ്യ ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയിരുന്നു. 2011 നവംബറില്‍ വിന്‍ഡീസിനെതിരെ ആയിരുന്നു അശ്വിന്റെ അരങ്ങേറ്റം. ഷമിയെ പോലെ അശ്വിനും ഒമ്പത് വിക്കറ്റാണ് വീഴ്ത്തിയിരുന്നത്.

തന്റെ മികച്ച പ്രകടനത്തിന് മുഹമ്മദ് സിറാജ് നന്ദി പറയുന്നത് സീനിയര്‍ പേസര്‍ ജസ്പ്രീത് ബുംറയോടാണ്. 'ഓരോ പന്തിനു ശേഷവും ബുംറ എന്റെയടുത്ത് വന്ന് ആത്മവിശ്വാസം തന്നു കൊണ്ടിരുന്നു. ക്ഷമയോടെ നന്നായി ബൗള്‍ ചെയ്യൂ എന്ന് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു' - സിറാജ് പറഞ്ഞു.

ആദ്യ മത്സരം കളിച്ച ശുഭ്മാന്‍ ഗില്ലും മികച്ച പ്രകടനം പുറത്തെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ 45 റണ്‍സെടുത്ത ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ 35 റണ്‍സ് നേടി. അരങ്ങേറ്റത്തിന് ഇറങ്ങിയ രണ്ടു താരങ്ങളും മിന്നിയത് ഇന്ത്യന്‍ റിസര്‍വ് നിരയുടെ ശക്തി വെളിപ്പെടുത്തുന്നതായി.