പിർലോ അറിയാത്ത കാര്യങ്ങളെ പറ്റി അഭിപ്രായം പറയരുതെന്ന് നാപോളി പ്രസിഡന്റ്
ക്ലബ് നൽകിയ അപ്പീൽ വിജയിച്ചതിൽ പിർലോ നടത്തിയ പ്രതികരണത്തിനെതിരെയാണ് ലോറെന്റിസ് രംഗത്ത് വന്നത്

യുവന്റസ് മാനേജര്‍ ആന്ദ്രേ പിർലോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാപ്പോളി പ്രസിഡന്റ് ഒറീലിയോ ഡി ലോറെന്റിസ്. നാപ്പോളിക്ക് ഏർപ്പെടുത്തിയ സീരി എയുടെ തീരുമാനത്തിനെതിരെ ക്ലബ് നൽകിയ അപ്പീൽ വിജയിച്ചതിൽ പിർലോ നടത്തിയ പ്രതികരണത്തിനെതിരെയാണ് ലോറെന്റിസ് രംഗത്ത് വന്നത്.
"തൊഴിൽ കൊണ്ട് പിർലോ ഒരു അഭിഭാഷകനല്ല. ചില നടപടിക്രമങ്ങളും ചില മാനദണ്ഡങ്ങളെ കുറിച്ചും അദ്ദേഹത്തിന് അറിയില്ല. പിർലോ ഒരു പരിശീലകനാണ്. ഇതുസംബന്ധിച്ച വിഷയങ്ങള്‍ ക്ലബിന്റെ പ്രതിനിധികൾക്ക് വിടുകയാണ് നല്ലത്." ലോറന്റിസ് പറഞ്ഞു.
യുവന്റസിനെതിരായ മത്സരത്തിന് കോവിഡ് ഭീഷണി മൂലം കളിക്കാൻ എത്താത്തതിനെ തുടർന്ന് സീരി എ യുവന്റസിന് അനുകൂലമായി മൂന്നു ഗോൾ വിജയവും നാപോളിക്ക് ഒരു പോയിന്റ് കുറക്കുകയെന്ന പിഴയും നൽകിയിരുന്നു. സീരി എയുടെ തീരുമാനത്തിനെതിരെ ക്ലബ് നൽകിയ അപ്പീൽ നല്‍കിയത്.
ടീമിലെ സ്റ്റാഫുകൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒക്ടോബറിൽ യുവന്റസിന്റെ മൈതാനത്തു നടന്ന മത്സരത്തിന് നാപോളി എത്തുന്നതിൽ നിന്നും ആരോഗ്യപ്രവർത്തകർ അവരെ വിലക്കിയിരുന്നു. യുവന്റസിലും ചിലർക്ക് കോവിഡ് കണ്ടെത്തിയെങ്കിലും അവർ മത്സരത്തിനു തയ്യാറെടുത്തു.
എന്നാൽ ഈ തീരുമാനത്തിനെതിരെ രാജ്യത്തെ ഏറ്റവും വലിയ കായിക അതോറിറ്റിയായ ഇറ്റാലിയൻ നാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ കോളേജിയോ ഡി ഗെറാൻസിയ ഡെല്ലോ സ്പോർട്ടിൽ അപ്പീൽ നൽകിയതിൽ നാപോളിക്ക് അനുകൂലമായ തീരുമാനം അടുത്തിടെ വന്നിരുന്നു. കോടതി നാപോളിക്കെതിരായ ശിക്ഷ ഒഴിവാക്കുകയും മത്സരം വീണ്ടും നടത്താൻ വിധിക്കുകയും ചെയ്തു.

ഇതിനെതിരെ പരോക്ഷമായ വിമർശനം കഴിഞ്ഞ ദിവസങ്ങളിൽ പിർലോ നടത്തിയിരുന്നു. കോവിഡ് ഭീഷണിക്കിടയിലും രോഗബാധയില്ലാത്ത കളിക്കാരുമായി യാത്ര ചെയ്ത് മത്സരങ്ങൾ പൂർത്തിയാക്കിയ ടീമുകളോട് സഹതാപമുണ്ടെന്നാണ് പിർലോ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇതിനെതിരെ അതെ നാണയത്തിൽ ലോറെന്റിസ് തിരിച്ചടിക്കുകയും ചെയ്തു.