LiveTV

Live

Sports

ഇന്ത്യക്ക് വന്‍ തിരിച്ചടി: പരിക്കേറ്റ ഷമി പുറത്ത്

ആസ്ട്രേലിയക്കെതിരായ ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമി പുറത്ത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഷമിക്ക് പരിക്കേല്‍ക്കുന്നത്.

ഇന്ത്യക്ക് വന്‍ തിരിച്ചടി: പരിക്കേറ്റ ഷമി പുറത്ത്

ആസ്ട്രേലിയക്കെതിരായ ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമി പുറത്ത്. അഡ്ലൈഡില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഷമിക്ക് പരിക്കേല്‍ക്കുന്നത്. പാറ്റ് കമ്മിന്‍സിന്റെ പന്ത് ഷമിയുടെ വലത് കൈയില്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ സ്റ്റാഫ് ഗ്രൗണ്ടിലെത്തി പരിശോധിച്ചിരുന്നെങ്കിലും വേദന മൂലം ബാറ്റിങ് തുടരാനായില്ല. പിന്നാലെ ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. ഷമി വിദഗ്ധ പരിശോധനക്ക് വിധേയമായതായി മത്സര ശേഷം നായകന്‍ കോഹ്ലി വ്യക്തമാക്കിയിരുന്നു.

പരിക്കേറ്റ ഷമിയെ പരിശോധിക്കുന്നു
പരിക്കേറ്റ ഷമിയെ പരിശോധിക്കുന്നു

മത്സരത്തില്‍ ഇന്ത്യ നാണക്കേടോടെ തോല്‍ക്കുകയും ചെയ്തു. ഷമിയുടെ പരിക്ക് ഇന്ത്യക്ക് വന്‍ തിരിച്ചടിയാണ്. പേസര്‍മാരെ അകമഴിഞ്ഞ് സഹായിക്കുന്ന പിച്ചില്‍ ഷമി, ആസ്ട്രേലിയക്ക് വെല്ലുവിളിയുയര്‍ത്തും വിധമുള്ള ബൗളറായിരുന്നു. പരിശീലന മത്സരത്തിന് പുറമെ ആദ്യ ഇന്നിങ്സില്‍ അക്കാര്യം വ്യക്തമായതുമാണ്. ആദ്യ ടെസ്റ്റിന് പിന്നാലെ കോഹ്ലിയും മടങ്ങുന്നതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാകും. അതേസമയം ഷമിയുടെ പകരക്കാരനെ നിശ്ചയിച്ചിട്ടില്ല. ജസ്പ്രീത് ബുംറക്കും ഉമേഷ് യാദവിനും ഉത്തരവാദിത്വം കൂടും. നവ്ദീപ് സെയ്‌നിയും മുഹമ്മദ് സിറാജുമാണ് ടീം ഇന്ത്യയിലെ അവശേഷിക്കുന്ന മറ്റു പേസര്‍മാര്‍.

ഇവരിലൊരാള്‍ക്ക് അവസരം ലഭിച്ചേക്കും. കോവിഡ് പ്രോട്ടോകോള്‍ കാരണം പുതിയൊരാളെ ആസ്‌ട്രേലിയയിലേക്ക് അയക്കുമോ എന്ന് വ്യക്തമല്ല. എട്ട് വിക്കറ്റിനായിരുന്നു ആദ്യ ടെസ്റ്റില്‍ ആസ്‌ട്രേലിയയുടെ വിജയം. ആദ്യ ഇന്നിങ്‌സില്‍ ലീഡ് എടുത്തതിന് ശേഷമാണ് ഇന്ത്യ അപ്രതീക്ഷിത തകര്‍ച്ചയിലേക്ക് നീങ്ങിയത്. രണ്ടാം ടെസ്റ്റ് ഈ മാസം 26ന് മെല്‍ബണില്‍ നടക്കും.