LiveTV

Live

Sports

ഇല്ലായ്മകളുടെ ഇന്നലകളെ യോര്‍ക്കറില്‍ വീഴ്ത്തിയ ഇടങ്കയ്യന്‍; ഇനി ഇന്ത്യന്‍ പേസ് നിരയെ നടരാജന്‍ നയിക്കും

ഒടുവില്‍ ഓസ്ട്രേലിയയുടെ വേഗപ്പിച്ചില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ പതിനൊന്നാമത്തെ ഇടങ്കയ്യന്‍ പേസറായി അവന്‍ പന്തെറിഞ്ഞു.

ഇല്ലായ്മകളുടെ ഇന്നലകളെ യോര്‍ക്കറില്‍ വീഴ്ത്തിയ ഇടങ്കയ്യന്‍; ഇനി ഇന്ത്യന്‍ പേസ് നിരയെ നടരാജന്‍ നയിക്കും

അവന്‍ പന്തെറിഞ്ഞു, മിന്നും വേഗത്തില്‍....! ഇല്ലായ്മയുടെ ഇന്നലെകളെ മനോഹരമായ യോര്‍ക്കറുകള്‍ കൊണ്ട് പകരംവീട്ടി. ‌ഒടുവില്‍ ഓസ്ട്രേലിയയുടെ വേഗപ്പിച്ചില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ പതിനൊന്നാമത്തെ ഇടങ്കയ്യന്‍ പേസറായി അവന്‍ പന്തെറിഞ്ഞു.

തമിഴ്നാട്ടിലെ സേലത്തിനടുത്ത ചിന്നപംപാട്ടിയെന്ന കൊച്ചു ഗ്രാമം. അവിടെ സാരി നിര്‍മാണ കമ്പനിയിലെ ദിവസവേതനക്കാരനായിരുന്ന അച്ഛന്‍റെയും റോഡരികില്‍ പലഹാരങ്ങള്‍ വില്‍ക്കുന്ന അമ്മയുടെയും മകനാ‍യി 1991 മെയ് 27ന് തങ്കരസു നടരാജന്‍ ജനിച്ചു.

ഗവണ്‍മെന്‍റ് സ്കൂളില്‍ പഠിപ്പിക്കാന്‍ പെന്‍സിലും നോട്ടുപുസ്തകങ്ങളും വാങ്ങിത്തരാന്‍ പോലും കഴിവില്ലാതിരുന്ന വീട്ടില്‍ കുട്ടിക്കാലം ചിലവിട്ടു. 20 വയസ്സ് വരെ ടെന്നീസ് പന്ത്കൊണ്ട് മാത്രം പന്തെറിഞ്ഞ് പഠിച്ച നടരാജന്‍ 2011ല്‍ തന്‍റെ ഗുരുവായ ജയപ്രകാശിനെ കണ്ടുമുട്ടുന്നു. അത് നടരാജന്‍റെ ജീവിതം മാറ്റിമറിക്കുന്നു. അവിടെ നിന്ന് തമിഴ്നാട് നാലാം ഡിവിഷനില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നു. അവസാനം ഐ.പി.എല്‍ ജഴ്സി അണിയാന്‍ സാധിച്ചപ്പോള്‍ നടരാജന്‍ കുപ്പായത്തിന്‍റെ പിന്നിലായി ഇങ്ങനെ എഴുതി 'ജെ.പി നട്ടു'. അത് തന്നെ താനാക്കിയ ജയപ്രകാശിനുള്ള ആദരമായിരുന്നു.

അങ്ങനെ 2017ല്‍ നടരാജന്‍ ഐ.പി.എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനായി ആറ് മത്സരത്തില്‍ ഇറങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. 2018ല്‍ 40 ലക്ഷത്തിന് സണ്‍റൈസസ് ഹൈദരാബാദ് നടരാജനെ വാങ്ങി. ആദ്യ രണ്ട് സീസണുകള്‍ ബെഞ്ചിലിരുന്നു. പിന്നീട് സയ്യിദ് മുസ്താഖലി ട്രോഫിയില്‍ 11 മത്സരത്തില്‍ നിന്നും 13 വിക്കറ്റുകള്‍ നേടിയത് അടുത്ത വഴിത്തിരിവായി.

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ ബിഗ് വിക്കറ്റോടുകൂടി 2020 ഐ.പി.എല്‍ തുടങ്ങിയ നടരാജന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സണ്‍റൈസസ് ഹൈദരാബാദിനായി മനോഹര ബൗളിങ്ങാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. 2020 സീസണില്‍ 16 വിക്കറ്റുകള്‍ നേടിയ താരം ഏറ്റവും കൂടുതല്‍ യോര്‍ക്കര്‍ എറിഞ്ഞവരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനവും നേടിയാണ് സീസണ്‍ അവാനിപ്പിച്ചത്. പ്ലേഓഫില്‍ ഡിവില്ലിയേഴ്സിനെതിരെ നടരാജന്‍ എറിഞ്ഞ യോര്‍ക്കര്‍ കായിക പ്രേമികള്‍ക്ക് എക്കാലവും മറക്കാനാവാത്ത ഓര്‍മ ചിത്രമായി നില്‍ക്കുമെന്ന കാര്യം ഉറപ്പാണ്. ‌‌

ഇന്ത്യയുടെ എന്നത്തേയും മികച്ച ഓള്‍റൗണ്ടറായ കപില്‍ദേവ് അവസാനം ഇങ്ങനെ വിശേഷിപ്പിച്ചു, ''ഐ.പി.എല്ലി‍ന്‍റെ ഹീറോ നടരാജനാണ്''

ഐ.പി.എല്‍ കഴിഞ്ഞ് ഇന്ത്യന്‍ ടീം ആസ്ട്രേലിയയിലേക്ക് പോകാന്‍ ഒരുങ്ങുന്നു. ഐ.പി.എല്ലിലെ മിന്നും പ്രകടനവും വരുണ്‍ ചക്രവര്‍ത്തിയുടെ പരിക്കും നടരാജന് തുണയാവുന്നു. ട്വന്‍റി-20 ടീമിലേക്ക്, വരുണ്‍ ചക്രവര്‍ത്തിയുടെ വിടവിലേക്ക് നടരാജന്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്ക് മൂന്നാമത്തെ ഏകദിനത്തില്‍ വിശ്രമം അനുവദിച്ചപ്പോള്‍ അപ്രതീക്ഷിതമായി നടരാജന്‍ ഓസ്ട്രേലിയന്‍ പിച്ചില്‍ ഇന്ത്യക്കായി തന്‍റെ ആദ്യ രാജ്യാന്തര പന്തെറിഞ്ഞു...

ഇന്ത്യയുടെ 232ാമത്തെ ഏകദിനതാരവും തമിഴ്നാട്ടില്‍ നിന്നുള്ള അഞ്ചാമത്തെ താരവും, 2002ലെ ബാലാജിക്ക് ശേഷമുള്ള ആദ്യ താരവുമാണ് അദ്ദേഹം. ഇന്ത്യക്കായി ഇടങ്കൈ കൊണ്ട് പന്തെറിയുന്ന 11ാമത്തെ കളിക്കാരനുമാണ് നടരാജന്‍.