LiveTV

Live

Sports

ബാറ്റിങില്‍ ജഡേജ, പകരക്കാരനായിറങ്ങി ചാഹലും; 'കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്' എങ്ങനെ കളി തിരിച്ചു..?

ഇന്ത്യ ഓസീസ് ആദ്യ ടി20 മൽസരത്തിൽ കളി ഇന്ത്യയുടെ വരുതിയിലാക്കിയതിന് പിന്നിലെ ആ 'എക്‌സ് ഫാക്ടർ' ആണ് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്.

ബാറ്റിങില്‍ ജഡേജ, പകരക്കാരനായിറങ്ങി ചാഹലും;
'കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്' എങ്ങനെ കളി തിരിച്ചു..?

ഇന്ത്യ ഓസീസ് ആദ്യ ടി20 മൽസരത്തിൽ കളി ഇന്ത്യയുടെ വരുതിയിലാക്കിയതിന് പിന്നിലെ ആ 'എക്‌സ് ഫാക്ടർ' കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ആണ്. ഇന്ത്യൻ ഇന്നിങ്‌സില്‍ ബാറ്റ്‌സ്മാൻ ആയിറങ്ങിയ രവീന്ദ്ര ജഡേജക്ക് പകരം ബൌളിങ് ഇലവനിൽ ഇറങ്ങിയത് യുസ്‍വേന്ദ്ര ചാഹൽ ആണ്. ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യൻ ഇന്നിങ്‌സിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത് അവസാന ഓവറുകളിൽ ആഞ്ഞടിച്ച ജഡേജയുടെ ബാറ്റിങ് ആണെങ്കിൽ ബൌളിങ് നിരയിലെത്തിയപ്പോൾ ജഡേജയുടെ പകരക്കാരനായിറങ്ങിയ ചാഹൽ ആണ് മൂന്ന് വിക്കറ്റുമായി ആസ്‌ട്രേലിയൻ ഇന്നിങ്‌സിൻറെ നടുവൊടിച്ചത്.

മത്സരത്തിൽ ഇന്ത്യൻ ഇന്നിംഗ്‌സിനിടെ ജഡേജയുടെ ഹെൽമറ്റിൽ പന്ത് കൊണ്ടിരുന്നു. തുടർന്നാണ് ബൌളിങ് ഇലവനിൽ നിലവിലുള്ള കണ്‍കഷന്‍ നിയമം ഉപയോഗിച്ച് ചഹാലിനെ ഇന്ത്യ പകരക്കാരനായി ഇറക്കിയത്. പകരക്കാരനായി ഇറങ്ങിയ ചാഹല്‍ നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുക്കുകയും മികച്ച നിലയില്‍ നിന്ന ഓസീസിന്‍റെ തകര്‍ച്ചക്ക് തുടക്കമിടുകയും ചെയതു. ആരോണ്‍ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ് എന്നീ പ്രധാന വിക്കറ്റുകളാണ് ചാഹല്‍ എടുത്തത് എന്ന് മനസിലാക്കുമ്പോള്‍ തന്നെ കളിയെ അത് എങ്ങനെ സ്വാധീനിച്ചുവെന്ന് ചിന്തിക്കാമല്ലോ...വിക്കറ്റ് നഷ്ടം കൂടാതെ 50 റണ്‍സ് സ്കോര്‍ ചെയ്ത ആസ്ട്രേലിയയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി ബ്രേക് ത്രൂ നല്‍കിയതും ചാഹല്‍ തന്നെയാണ്. ഐ.സി.സിയുടെ മുന്‍ നിയമപ്രകാരം സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങുന്ന താരത്തിന് ഫീൽഡിങ് മാത്രമാണ് ചെയ്യാൻ കഴിഞ്ഞിരുന്നത്.

എന്താണ് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്....?

പരിക്കേറ്റ് കളിക്കളം വിടേണ്ടി വരുന്ന താരത്തിന് പകരം മറ്റൊരു കളിക്കാരെ കളിപ്പിക്കാനുള്ള നിയമം കഴിഞ്ഞ വർഷമാണ് നിലവിൽ വന്നത്. പ്ലേയിങ് ഇലവനിലെ ഒരു താരത്തിന് തലക്ക് പരിക്ക് പറ്റുകയോ സമാനമായ തരത്തിൽ ഗുരുതരമായ പരിക്കേൽക്കുകയോ ചെയ്താൽ മറ്റൊരു താരത്തെ കളിക്കിടയിൽ ടീമിലേക്ക് ഇറക്കാൻ കഴിയുന്ന തരത്തിലാണ് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് എന്ന ആശയം നിലവിൽ വരുന്നത്. 2014ൽ തലയിൽ ബൗൺസർ കൊണ്ട് ഫിൽ ഹ്യൂസിന് ജീവൻ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ക്രിക്കറ്റിൽ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് സമ്പ്രദായം നടപ്പിലാക്കണം എന്ന ആവശ്യം ഉയർന്നത്. മുൻപൊക്കെ കളിയിൽ സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങുന്ന താരത്തിന് ബൌൾ ചെയ്യാനോ ബാറ്റ് ചെയ്യാനോ സാധിക്കില്ലായിരുന്നു. എന്നാൽ ഈ നിയമത്തിൽ കൊണ്ടു വന്നാണ് ഐ.സി.സി 'കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്' ആശയം നടപ്പിലാക്കിയത്.

പരിക്ക് പറ്റി ഒരു കളിക്കാരന് കളി തുടരാന്‍ സാധിക്കാതെ വന്നാൽ, ബൗൾ ചെയ്യാനും, ബാറ്റ് ചെയ്യാനും സാധിക്കുന്ന വിധം പകരം കളിക്കാരനെ ടീമിലുൾപ്പെടുത്താൻ സാധിക്കുമെന്നതാണ് പരിഷ്കരിച്ച സബ്സ്റ്റിറ്റ്യൂട്ട് നിയമമായ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിലൂടെ ഉദ്ദേശിക്കുന്നത്.

ബാറ്റിംഗിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ബൗണ്‍സര്‍ ജഡേജയുടെ ഹെല്‍മെറ്റില്‍ കൊള്ളുകയായിരുന്നു, അതിനുനുമുമ്പെ തന്നെ പേശിവലിവിനെ തുടര്‍ന്ന് ഓടാന്‍ ബുദ്ധിമുട്ടിയിരുന്ന ജഡേജ ഇതോടെ തീര്‍ത്തും അവശനാകുകയായിരുന്നു. പക്ഷേ ഇന്ത്യന്‍ ഇന്നിങ്സ് തീരുന്നത് വരെ ബാറ്റ് ചെയ്യാന്‍ ജഡേജ തീരുമാനിക്കുകയായിരുന്നു. പക്ഷേ ഫീല്‍ഡിങ് ഇലവനില്‍ ഇറങ്ങാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ചാഹലിനെ കോഹ്‍ലി പകരക്കാരനായി ഇറക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ഓസീസ് ടീമംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഓള്‍ റൗണ്ടറായ ജഡേജക്ക് പകരം സ്പെഷലിസ്റ്റ് സ്പിന്നറെയാണ് പകരക്കാരനായി ഇറക്കിയതെന്നാണ് ഓസീസിന്‍റെ പ്രധാന വാദം. എന്നാല്‍ ജഡേജയെ ബൗളറായാണ് പരിഗണിക്കുന്നതെന്ന് വ്യക്തമാക്കിയ മാച്ച് റഫറി ഓസീസിന്‍റെ വാദങ്ങള്‍ തള്ളി ഇന്ത്യയുടെ അപേക്ഷ അനുവദിക്കുകയായിരുന്നു. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ ഉപയോഗിച്ചതിൽ എതിർപ്പ് പ്രകടിപ്പിച്ച് ക്യാപ്റ്റന്‍ ആരോൺ ഫിഞ്ചും കോച്ച് ജസ്റ്റിൻ ലാംഗറുമാണ് രംഗത്തെത്തിയത്.