LiveTV

Live

Sports

മറഡോണയുടെ ജഴ്‌സി കാണിച്ചതിന് മെസ്സിക്ക് മഞ്ഞക്കാർഡ്; വേദന തുറന്നുപറഞ്ഞ് റഫറി

"ഈ നിയമത്തിൽ ഫിഫ വിട്ടുവീഴ്ച ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. സമൂഹത്തിന് ഗുണകരമാകുന്ന സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതിനായി കുപ്പായമൂരുന്ന കളിക്കാർക്ക് മാപ്പുകൊടുക്കേണ്ടതാണ്."

മറഡോണയുടെ ജഴ്‌സി കാണിച്ചതിന് മെസ്സിക്ക് മഞ്ഞക്കാർഡ്; വേദന തുറന്നുപറഞ്ഞ് റഫറി

അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം മറഡോണയോടുള്ള ആദരസൂചകമായി ലാലിഗ മത്സരത്തിനിടെ താരത്തിന്റെ ജഴ്‌സി പ്രദർശിപ്പിച്ചതിന് ബാഴ്‌സ സൂപ്പർ ലയണൽ മെസിക്ക് മഞ്ഞക്കാർഡ് കാണിക്കേണ്ടി വന്നതിലുള്ള വേദന വെളിപ്പെടുത്തി റഫറി മത്തേവു ലഹോസ്. ഫിഫയുടെ നിയമപ്രകാരം മെസിക്ക് താൻ കാർഡ് കാണിച്ചത് ഏറെ വേദനയോടെയാണെന്നും, ആ മഞ്ഞക്കാർഡ് മെസിയുടെ പേരിൽനിന്ന് ലാലിഗ അധികൃതർ എടുത്തു കളയുമെന്നാണ് പ്രതീക്ഷയെന്നും ബാഴ്‌സലോണ ഒസാസുന മത്സരം നിയന്ത്രിച്ച റഫറി പറഞ്ഞു.

മറഡോണയുടെ ജഴ്‌സി കാണിച്ചതിന് മെസ്സിക്ക് മഞ്ഞക്കാർഡ്; വേദന തുറന്നുപറഞ്ഞ് റഫറി

73-ാം മിനുട്ടിൽ മഞ്ഞക്കാർഡ് കാണിക്കാനുള്ള കാരണം വിശദമായി മാച്ച് റിപ്പോർട്ടിൽ എഴുതുകവഴി മെസി മറഡോണയ്ക്ക് അർപ്പിച്ച പ്രണാമം ഔദ്യോഗിക രേഖകളിൽ ലഹോസ് എത്തിക്കുകയും ചെയ്തു.

മറഡോണ മരിച്ചതിനുശേഷമുള്ള ആദ്യ ലാലിഗ മത്സരത്തിൽ ഗോൾ നേടിയപ്പോഴാണ് ബാഴ്‌സ കുപ്പായമൂരിയ മെസി അടിയിൽ അണിഞ്ഞിരുന്ന മറഡോണയുടെ ന്യുവെൽ ഓൾഡ് ബോയ്‌സ് ജഴ്‌സി പ്രദർശിപ്പിച്ചത്. മറഡോണയുടെ പേരെഴുതിയ ജഴ്‌സിയണിഞ്ഞ് ആകാശത്തേക്ക് വിരൽചൂണ്ടി മെസി നിന്നത് ഫുട്‌ബോൾ ആരാധകരുടെ കണ്ണുനിറയിച്ച കാഴ്ചയായി. ബാഴ്‌സ ജഴ്‌സി തിരികെ അണിഞ്ഞ് മെസി കളിയിലേക്ക് മടങ്ങിയപ്പോഴാണ് റഫറി മത്തേവു ലഹോസ് അർജന്റീനക്കാരനു നേരെ മഞ്ഞക്കാർഡുയർത്തിയത്. ഗോൾ ആഘോഷത്തിന്റെ ഭാഗമായി കുപ്പായമഴിച്ചാൽ മഞ്ഞക്കാർഡ് കാണിക്കണമെന്ന നിയമത്തിന്റെ ഭാഗമായിരുന്നു ഇത്.

മത്സരശേഷം ലാലിഗ അധികൃതർക്ക് സമർപ്പിച്ച മാച്ച് റിപ്പോർട്ടിൽ മത്തേവു ലഹോസ് മെസിയുടെ ശ്രദ്ധാഞ്ജലി ഇങ്ങനെ രേഖപ്പെടുത്തി:

'73-ാം മിനുട്ടിൽ ലയണൽ മെസ്സി എന്ന കളിക്കാരനെ ഗോളടിച്ചതിനു ശേഷം കുപ്പായമൂരുകയും ന്യുവെൽ ഓൾഡ് ബോയ്‌സിന്റെ 1993/94 സീസണിലെ പത്താം നമ്പർ ജഴ്‌സി പ്രദർശിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ മഞ്ഞക്കാർഡ് കാണിച്ചു.'

പിന്നീട് ബാഴ്‌സ ക്യാപ്ടന് കാർഡ് കാണിക്കേണ്ടി വന്നതിലെ വിഷമം അദ്ദേഹം തുറന്നുപറയുകയും ചെയ്തു.

'മെസിക്കുള്ള കാർഡെടുക്കാൻ കൈ പിൻപോക്കറ്റിലേക്ക് ഞാൻ കൊണ്ടുപോയതു തന്നെ ഏറെ വേദനയോടെയായിരുന്നു. ഈ നിയമത്തിൽ ഫിഫ വിട്ടുവീഴ്ച ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. ബ്ലാക്ക് ലൈവ് മാറ്റർ പോലെ സമൂഹത്തിന് ഗുണകരമാകുന്ന സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതിനോ മരണപ്പെട്ട വ്യക്തികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതിനോ വേണ്ടി കുപ്പായമൂരുന്ന കളിക്കാർക്ക് മാപ്പുകൊടുക്കേണ്ടതാണ്. ഞാൻ എന്റെ ജോലി ചെയ്തു. പക്ഷേ, അത് ഹൃദയത്തിൽ വേദനയോടു കൂടിയായിരുന്നു എന്ന് ഞാൻ സമ്മതിക്കുന്നു. മറഡോണ മഹാനായ കളിക്കാരനായിരുന്നു. ഞാൻ കാണിച്ച കാർഡ് മെസിയുടെ പേരിൽ നിന്ന് ലാലിഗ എടുത്തുകളയുമെന്ന് ഞാൻ കരുതുന്നു'

- മത്തേവു ലഹോസ് പറഞ്ഞു.

മെസിയുടെ ആഘോഷപ്രകടനത്തിന്റെ പേരിൽ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ ബാഴ്‌സലോണക്ക് 3000 ഡോളർ പിഴയും വിധിച്ചിട്ടുണ്ട്.