LiveTV

Live

Sports

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കൊണ്ട് ഉദ്ദേശിച്ചത് നടന്നില്ല; ടൂര്‍ണമെന്‍റ് ഉപേക്ഷിക്കാനുള്ള സാധ്യത പങ്കുവെച്ച് ഐ.സി.സി ചെയര്‍മാന്‍

'കൂടുതല്‍ ആളുകളിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് എത്തിയ്ക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമിട്ടത്'

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കൊണ്ട് ഉദ്ദേശിച്ചത് നടന്നില്ല; ടൂര്‍ണമെന്‍റ് ഉപേക്ഷിക്കാനുള്ള സാധ്യത പങ്കുവെച്ച് ഐ.സി.സി ചെയര്‍മാന്‍

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ നടത്തിപ്പ് കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്ന് ഐ.സി.സിയുടെ പുതിയ ചെയര്‍മാന്‍. കൂടുതല്‍ ആളുകളിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് എത്തിയ്ക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമിട്ടതെന്നും എന്നാല്‍ ടൂര്‍ണമെന്‍റ് ആരംഭിച്ചതിന്‍റെ ഉദ്ദേശ്യം ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്നും ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞു. അടുത്തിടെയാണ് ഗ്രെഗ് ബാര്‍ക്ലേ ഐ.സി.സി ചെയര്‍മാന്‍ ആയി നിയമിക്കപ്പെട്ടത്

ടൂര്‍ണ്ണമെന്‍റ് തുടരണോ വേണ്ടയോ എന്ന കാര്യത്തെ സംബന്ധിച്ച് അവലോകനം നടത്തേണ്ടതുണ്ടെന്നും ഗ്രെഗ് ബാര്‍ക്ലേ അഭിപ്രായപ്പെട്ടു. കോവിഡ് മാഹമേരി ഈ ചാമ്പ്യന്‍ഷിപ്പിന്‍റെ വീഴ്ചകളെ ചൂണ്ടിക്കാണിച്ചു, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് നല്ല വശങ്ങളുണ്ടെങ്കിലും അത് പൂര്‍ണ്ണമായും ടെസ്റ്റ് ക്രിക്കറ്റിന് ഗുണകരമായിത്തീരുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അതുകൊണ്ട് തന്നെ ടൂര്‍ണമെന്‍റ് മുന്നോട്ടുകൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കും. ഗ്രെഗ് വ്യക്തമാക്കി.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്‍റ് രീതി മാറ്റിയതില്‍ അതൃപ്തി അറിയിച്ച് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി രംഗത്തുവന്നിരുന്നു. ഏറ്റവും കൂടുല്‍ പോയിന്‍റുമായി ഇന്ത്യയായിരുന്നു ചാമ്പ്യന്‍ഷിപ്പില്‍ മുന്നില്‍. എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് പോയിന്‍റ് കണക്കാക്കുന്നതില്‍ ഐ.സി.സി പെട്ടെന്ന് മാറ്റം കൊണ്ടുവരികയായിരുന്നു. ഇതോടെ ആസ്ട്രേലിയക്ക് പിന്നിലായി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി രംഗത്ത് വന്നത്.

മുൻപ് നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി ടീമുകൾക്ക് ലഭിച്ച മൊത്തം പോയിന്‍റിന്‍റെ ശതമാനം കണക്കാക്കിയാണ് ഇപ്പോള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഐ.സി.സി റാങ്ക് നിശ്ചയിച്ചിരിക്കുന്നത്