മറഡോണയുടെ മരണത്തിന് കാരണം ചികിത്സാ പിഴവെന്ന് ആരോപണം; ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ്
ആരോപണം നിഷേധിച്ച് മറഡോണയുടെ പേഴ്സണല്‍ ഡോക്ടര്‍. മറഡോണയെ ചികിത്സിച്ച ഡോക്ടർ ലെപ്പോൾഡോ ലൂക്കിന്റെ വസതിയിലും ആശുപത്രിയിലും പൊലീസ് പരിശോധന നടത്തി.

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിന് കാരണം ചികിത്സാ പിഴവെന്ന് ആരോപണം. മറഡോണയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ആരോപണം നിഷേധിച്ച് മറഡോണയുടെ പേഴ്സണല്‍ ഡോക്ടര്‍ രംഗത്തെത്തി.
മറഡോണയുടെ കുടുംബ ഡോക്ടര്‍ക്കെതിരെയാണ് ആരോപണം. ഡോക്ടര്‍ക്കെതിരെ മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. താരത്തെ ആശുപത്രിയിലെത്തിക്കാന്‍ മനഃപ്പൂര്‍വ്വം വൈകിപ്പിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
മറഡോണയെ ചികിത്സിച്ച ഡോക്ടർ ലെപ്പോൾഡോ ലൂക്കിന്റെ വസതിയിലും ആശുപത്രിയിലും പൊലീസ് പരിശോധന നടത്തി. ഡോക്ടർ ഒളിവിലാണ്. തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയക്ക് വിധേയനായ മറഡോണ കഴിഞ്ഞ 11 നാണ് ആശുപത്രി വിട്ടത്. തുടർന്ന് ബ്യൂണസ് അയേഴ്സിലെ വസതിയിൽ മദ്യവിമുക്തിയുമായി ബന്ധപ്പെട്ട ചികിത്സയിൽ ആയിരുന്നു. ഇതിനിടെയായിരുന്നു മരണം സംഭവിച്ചത്. മറഡോണയ്ക്ക് നൽകിയ മരുന്നുകളെ സംബന്ധിച്ചും മക്കൾ സംശയം ഉന്നയിച്ചിരുന്നു.
നവംബര്‍ 25 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണയുടെ അപ്രതീക്ഷിതമരണം സംഭവിക്കുന്നത്.