കാസ്ട്രോക്ക് പ്രിയപ്പെട്ടവന്.. അധിനിവേശ വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച പ്രതിഭ..
ഇതുപോലൊരു നവംബർ 25നാണ് കാസ്ട്രോ ഈ ലോകത്തോട് വിടപറയുന്നത്. മറ്റൊരു നവംബർ 25ന് ഡീഗോയുടെ ഇതിഹാസ തുല്യമായ ജീവിതത്തിനും ലോങ് വിസില്‍ മുഴങ്ങി..
കളിക്കളത്തില്‍ പ്രതിരോധനിരയെ ഡ്രിബിള്‍ ചെയ്യുന്ന അതേ വീര്യത്തോടെ രാഷ്ട്രീയ നിലപാടും ഉയർത്തിപ്പിച്ചു ഡീഗോ മറഡോണ. ഇടത് രാഷ്ട്രീയത്തോടൊപ്പം നിന്ന് അധിനിവേശ മോഹികള്‍ക്കെതിരെ മറഡോണ തുറന്നടിച്ചു. ഫിഫയുടെ കള്ളക്കമ്മട്ടവും മറഡോണയുടെ നാവിന്റെ ചൂടറിഞ്ഞു.

ഫോക്ലാന്റ് ദ്വീപിലെ ബ്രിട്ടീഷ് അധിനിവേശത്തിനുള്ള പ്രതികാരമെന്നാണ് ഇടങ്കയ്യന്‍ ഗോളിനെ മറഡോണ വിശേഷിപ്പിച്ചത്. ഫുട്ബോള്‍ അയാള്‍ക്ക് കളി മാത്രമായിരുന്നില്ല, ദേശീയതയും അധിനിവേശ വിരുദ്ധതയും എല്ലാം ചേർന്ന യുദ്ധമുഖമായിരുന്നു. കളി കച്ചവടമായപ്പോഴും തന്റെ രാഷ്ട്രീയം പറയാന്‍ അദ്ദേഹം മടിച്ചില്ല. മരുന്നടിയും വിവാദങ്ങളും നിഴല്‍ വീഴ്ത്തിയ അവസാന കാലത്തും നിലപാടില്‍ വെള്ളം ചേർത്തില്ല.

ക്യൂബന്‍ വിപ്ലവ നായകന് ഫിഡല്‍ കാസ്ട്രോ ഡീഗോക്ക് പിതൃ തുല്യനായിരുന്നു. കയ്യില്‍ ചെഗുവേരയെയും കാലില്‍ ഫിഡലിനെയും ചേർത്തുവെച്ചു. വെനസ്വേലയില്‍ ഹ്യൂഗോ ഷാവെസ് നയിച്ച അമേരിക്കന്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്കും പിന്തുണ നല്കി. കൊക്കെയിന്റെ ലോകത്തേക്ക് വഴി തെറ്റിയ ഡീഗോയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് കാസ്ട്രോയാണ്. 1986 മുതല്‍ കാസ്ട്രോ മരിക്കും വരെ തുടർന്നു ആ സൗഹൃദം. നാല് വർഷം മുന്‍പ് ഇതുപോലൊരു നവംബർ 25നാണ് കാസ്ട്രോ ഈ ലോകത്തോട് വിടപറയുന്നത്. മറ്റൊരു നവംബർ 25ന് ഡീഗോയുടെ ഇതിഹാസ തുല്യമായ ജീവിതത്തിനും ലോങ് വിസില്‍ മുഴങ്ങിയത് യാദൃശ്ചികമാകാം.