ജീവിതത്തിന്റെ സെക്കന്‍ഡ് ഹാഫില്‍ 'ഫുട്ബോള്‍ ദൈവ'ത്തിന് വില്ലനായത് എന്തൊക്കെ..?
പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് വിവാദങ്ങളുടെ തോഴനായ ചരിത്രമാണ് മറഡോണക്ക് കളിക്കളത്തിന് പുറത്ത് പറയാനുണ്ടായിരുന്നത്

പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് വിവാദങ്ങളുടെ തോഴനായ ചരിത്രമാണ് മറഡോണക്ക് കളിക്കളത്തിന് പുറത്ത് പറയാനുണ്ടായിരുന്നത്. മയക്കുമരുന്നും സ്ത്രീകളും കുത്തഴിഞ്ഞ ജീവിവും എല്ലാം മറഡോണയെന്ന ഇതിഹാസത്തെ ഫുട്ബോള്‍ മൈതാനങ്ങള്ക്കപ്പുറത്തേക്കുള്ള വാര്‍ത്തകളില്‍ സജീവമാക്കി നിര്‍ത്തി. അർജന്റീനയിൽ റിവർപ്ലേറ്റിന്റെയും സ്പെയ്നിൽ റയൽ മാഡ്രിഡിന്റെയും ഇറ്റലിയിൽ മിലാൻ ക്ലബുകളുടേയും പണത്തിളത്തിളക്കം മറഡോണയെ ഒരിക്കലും മോഹിപ്പിച്ചില്ല. സാധാരണക്കാരിലേക്ക് വേരുകളാഴ്ത്തിയ ബോക്ക ജൂനിയേഴ്സും ബാഴ്സലോണയും നാപ്പോളിയുമായിരുന്നു മറഡോണയുടെ തട്ടകം.
1984 മുതൽ 1991 വരെ മറഡോണ നാപ്പോളിക്കു വേണ്ടി കളിക്കുമ്പോഴാണ് മറഡോണ ഒട്ടേറെ കിരീടവിജയങ്ങളിൽ പങ്കാളിയാകുന്നത്. ഇറ്റാലിയന്‍ ലീഗിലെ മികവിനൊപ്പം ജീവിതത്തിലെ വലിയ തിരിച്ചടികളും അവിടെ നിന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്നു. നാപ്പോളിയെ ശൂന്യതയിൽ കൈപിടിച്ചുയർത്തി രണ്ടു തവണ ഇറ്റാലിയൻ ചാമ്പ്യൻമാരാക്കി, പക്ഷേ, പരിശീലകന്റെ കുപ്പായം ഒരിക്കലും ഇതിഹാസത്തിന് ഇണങ്ങിയില്ല. കുടുംബ ജീവിതവും പ്രണയവും കുത്തഴിഞ്ഞു. മയക്കുമരുന്നുപയോഗവും, പരിശീലനങ്ങളിൽ പങ്കെടുക്കാത്തതും, അവിഹിതബന്ധത്തെക്കുറിച്ചുമുള്ള വിവാദങ്ങള്‍ മറഡോണയോടൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു.
1991 ജനുവരിയിലാണ് മറഡോണയുടെ സ്ത്രീ ബന്ധങ്ങളെക്കുറിച്ചുള്ള കഥകള്‍ പുറത്തുവരുന്നത്. പ്രശസ്തിയിൽ നിന്ന് രക്ഷപ്പെടാന്‍ മദ്യത്തിലും ലൈംഗികതയിലും മയക്കുമരുന്നിലും, അഭയം തേടാന്‍ ശ്രമിക്കുന്ന ഒരാളായി മാറുകയായിരുന്നു ആ കുറിയ മനുഷ്യന്.
നപ്പോളിയി സിറ്റിയിലെ പ്രധാന മാഫിയയില്‍ നിന്നും രണ്ട് സ്ത്രീകളെ ഒരു രാത്രിക്കായി മറഡോണ വിളിച്ചു പറയുന്നു. ഫോണിന്റെ മറുഭാഗത്തിരുന്ന് സംസാരിച്ച ഒരു സ്ത്രി തന്റെ മകനോട് സംസാരിക്കാന്‍ മറഡോണയോട് ആവശ്യപ്പെടുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കുന്ന, ലഹരിയുടെയും ലൈംഗികതയുടെയും പിടിയില്‍ കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന മറഡോണ ആ കുട്ടിയോട് സംസാരിച്ചു. അതെ, അയാള്‍ അങ്ങനെയായിരുന്നു.
പക്ഷെ, മാധ്യമ പ്രവര്‍ത്തകര്‍ മറഡോണയുടെ പിന്നില്‍ തന്നെയുണ്ടായിരുന്നു. ആ ഫോണ്‍ കോള്‍ ടാപ് ചെയ്യപ്പെടുകയും മറഡോണയുടെ കുത്തഴിഞ്ഞ ജീവിതം ലോകത്തിന് മുന്നില്‍ പൂര്‍ണമായും വെളിവാവുകയും ചെയ്തു. പിന്നീട് ഒരു മയക്കുമരുന്ന് പരിശോധനയിൽ രക്തത്തിൽ കൊക്കെയ്ൻറെ അംശം കണ്ടെത്തുകയും ചെയ്തു. 15 മാസത്തേക്ക് ഫുട്ബോള്‍ കളിക്കുന്നതില്‍ നിന്ന് അദ്ദേഹത്തിന് വിലക്ക് ലഭിച്ചു. തുടര്‍ന്ന് ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് ചേക്കേറിയെങ്കിലും അവിടെയും ലഹരിയും അതിനെത്തുടര്‍ന്നുള്ള പൊലീസ് കേസുകളും മറഡോണയെ പിന്തുടര്ന്നു. വിലക്ക് അവസാനിച്ച ശേഷം മറഡോണക്കായി വീണ്ടും പണം മുടക്കാന്‍ നപ്പോളി തയാറായില്ല. ലോകം കണ്ട ഏറ്റവും വലിയ ഫുട്ബോള്‍ താരങ്ങളിലൊരാളുടെ ജീവിതം പിന്നീട് മങ്ങിത്തുടങ്ങുകയായിരുന്നു.
1996ലാണ് മറഡോണ മയക്കുമരുന്ന് ഉപയോഗത്തിന് ഒരു സ്വിസ് ഡ്രഗ് ക്ലിനിക്കില്‍ മറഡോണ ചികിത്സയ്ക്ക് വിധേയനാകുന്നത്. പിന്നീട് വീണ്ടും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ 1997-ലെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിക്കുകയാണ് ചെയ്തത്. 2000ല്‍ മയക്കുമരുന്നുപയോഗം മറഡോണയെ മരണത്തിന്റെ വാതില്ക്കല് വരെയെത്തിച്ചിരുന്നു. അദ്ദേഹത്തിൻറെ ആരോഗ്യനില തീർത്തും വഷളായിരുന്നു. എന്നാൽ ജീവിതത്തിലേക്ക് അദ്ദേഹം മനേഹരമായി തിരിച്ചുവരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 2010ലെ ഫുട്ബോൾ ലോകകപ്പിൽ ലയണൽ മെസിയെയും സംഘത്തെയും പരിശീലിപ്പിച്ചത് അതേ ഡീഗോ മറഡോണയായിരുന്നുവെന്നത് ചരിത്രം. പക്ഷേ ദൈവത്തിന്റെ കരങ്ങള്‍ക്ക് മിശിഹായെയും കൂട്ടരെയും പ്രീ ക്വാര്‍ട്ടര്‍ കടത്താന്‍ പോലും സാധിച്ചില്ലെന്നതാണ് മറ്റൊരു വസ്തുത. എങ്കിലും 2014ലും 2018ലും അര്‍ജന്റീനക്കായി അയാള്‍ ഗ്യാലറിയിലിരുന്ന് കൈകളുയര്‍ത്തി, ദൈവത്തിന്റെ അതേ കൈ..!
ഡീഗോ ഇന്ന് ഇവിടെയില്ല. നൂറ്റാണ്ടിലെ ഗോളും ദൈവത്തിന്റെ കര സ്പര്‍ശവും ബാക്കിയാക്കി അയാള്‍ മറഞ്ഞിരിക്കുന്നു. ഇനി ഫുട്ബോള്‍ മൈതാനങ്ങളില്‍ അയാള്‍ വീണ്ടും ജീവിക്കും. കാല്പ്പന്തുള്ളിടത്തോളം കാലം വരെ...