LiveTV

Live

Sports

അന്ന് പൂജാര ഇല്ലായിരുന്നെങ്കിലോ...

2018-19ല്‍ ഇന്ത്യ ചരിത്രം എഴുതിയാണ് ആസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയത്. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കെ കിട്ടാക്കനിയായിരുന്ന ഒരു ടെസ്റ്റ് പരമ്പര വിജയവുമായിട്ടായിരുന്നു ഇന്ത്യയുടെ മടക്കം

അന്ന് പൂജാര ഇല്ലായിരുന്നെങ്കിലോ...

കുട്ടി ക്രിക്കറ്റിന്റെ ആരവവും ആവേശവും കഴിഞ്ഞു. ഒരിക്കല്‍ കൂടി ഇന്ത്യയിതാ ആസ്‌ട്രേലിയന്‍ മണ്ണില്‍ എത്തിയിരിക്കുന്നു. ഏകദേശം രണ്ട് മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന പരമ്പരക്ക് ഈ മാസം 27ന് സിഡ്‌നിയില്‍ ആരംഭിക്കുന്ന ഏകദിനത്തോടെയാണ് തുടക്കമാവുക. മൂന്ന് ഏകദിനങ്ങളും രണ്ട് ടി20യും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. ഇതില്‍ നാല് ടെസ്റ്റുകളാണ് മുഖ്യ ആകര്‍ഷണം. 2018-19ല്‍ ഇന്ത്യ ചരിത്രം എഴുതിയാണ് ആസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയത്. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കെ കിട്ടാക്കനിയായിരുന്ന ഒരു ടെസ്റ്റ് പരമ്പര വിജയവുമായിട്ടായിരുന്നു ഇന്ത്യ അന്ന് നാട്ടിലേക്ക് വന്നത്. ഇതിന്റെ അലയൊലികള്‍ ഇപ്പോഴും ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസില്‍ ഇന്നുമുണ്ട്. ഈ വിജയത്തോടൊപ്പം തന്നെ ചേര്‍ത്തുവെക്കേണ്ട പേരാണ് ചേതേശ്വര്‍ പൂജാരയുടെത്.

വെരി വെരി സ്‌പെഷ്യല്‍ പൂജാര

ഇന്ത്യ കണ്ട മികച്ച ബാറ്റ്സ്മാന്മാരിലൊരാളായ വി.വി.എസ് ലക്ഷ്മണന്റെ വിശേഷണമാണ് വെരി വെരി സ്‌പെഷ്യല്‍ എന്നത്. ഇന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീം അംഗങ്ങളെ നോക്കുകയാണെങ്കിലും ഈ പേരിന് എറക്കുറെ യോജിക്കുക രാജ്‌കോട്ടുകാരന്‍ ചേതേശ്വര്‍ പൂജാരയാവും. 2010ല്‍ ആസ്‌ട്രേലിയക്കെതിരെ തുടങ്ങിയ ടെസ്റ്റ് കരിയര്‍ മുതല്‍ 2020ല്‍ ന്യൂസിലാന്‍ഡിനെതിരെ കളിച്ച അവസാന ടെസ്റ്റ് മത്സരം വരെ വിലയിരുത്തിയാല്‍ പൂജാര എന്തായിരുന്നുവെന്ന് വ്യക്തമാവും. ഈ പൂജാരയുടെ പത്ത് വര്‍ഷം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് കരിയറിലെ തന്നെ പൊന്‍തൂവലായിരുന്നു 2018-2019ലെ ആസ്‌ട്രേലിയന്‍ പരമ്പര. 71 വര്‍ഷക്കാലം ആസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യക്ക് അന്യമായിരുന്ന ഒരു ടെസ്റ്റ് പരമ്പര പൂജാരയുടെ ബാറ്റിലേറിയായിരുന്നു സ്വന്തമാക്കിയത്.

അന്ന് പൂജാര ഇല്ലായിരുന്നെങ്കിലോ...

2018-19 ടെസ്റ്റ് പരമ്പരയിലെ പൂജാര ഇങ്ങനെയായിരുന്നു...

ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി 521 റണ്‍സാണ് അന്ന് പൂജാര നേടിയത്. എണ്ണം പറഞ്ഞ മൂന്ന് സെഞ്ച്വറികള്‍. 74.42 ബാറ്റിങ് ശരാശരി. 30 മണിക്കൂറാണ് അന്ന് പൂജാര ക്രീസില്‍ ചെലവഴിച്ചത്. നേരിട്ടത് 1258 പന്തുകള്‍. ആസ്‌ട്രേലിയയിലെ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും പൂജാര സ്വന്തമാക്കിയിരുന്നു. 2003-04 കാലഘട്ടത്തില്‍ 1203 പന്തുകള്‍ നേരിട്ട രാഹുല്‍ ദ്രാവിഡിനെ പിന്തള്ളിയാണ് പൂജാര മുന്നിലെത്തിയത്. ആസ്‌ട്രേലയിക്കെതിരായ പരമ്പരയില്‍ അഞ്ഞൂറിലധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിനൊപ്പം എത്താനും പൂജാരക്കായി. രാഹുല്‍ ദ്രാവിഡും വിരാട് കോഹ് ലിയുമാണ് ഇതിന് മുമ്പ് ഇങ്ങനെയൊരു നേട്ടം കൈവരിച്ചത്. രാഹുല്‍ ദ്രാവിഡും ലക്ഷ്മണുമൊക്കെ ടീം ഇന്ത്യക്ക് എങ്ങനെയായിരുന്നോ അതാണിപ്പോ പൂജാര ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് ചരിത്രം ഇങ്ങനെ....

1947-48 കാലഘട്ടത്തിലായിരുന്നു ഇന്ത്യയുടെ ആദ്യ ആസ്‌ട്രേലിയന്‍ പരമ്പര. ലാല അമര്‍നാഥ് നയിച്ച ടീം ഇന്ത്യ സാക്ഷാല്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ നയിച്ച ആസ്‌ട്രേലിയയോട് തോറ്റു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 4-0ത്തിന്റെ തോല്‍വിയായിരുന്നു ഇന്ത്യയെ കാത്തിരുന്നത്. പിന്നീട് നടന്ന 1967-68 കാലഘട്ടത്തിലും തോല്‍വി തന്നെയായിരുന്നു. അന്ന് ആസ്‌ട്രേലിയ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുകയായിരുന്നു (4-0) 1977-78ലായിരുന്നു ഇന്ത്യക്ക് മേല്‍ക്കോയ്മ ലഭിച്ചത്. ബിഷന്‍ ബേദി നായകനായ ആ മത്സരത്തില്‍ 3-2നായിരുന്നു ഇന്ത്യ അടിയറവ് പറഞ്ഞത്. കെരി പാക്കര്‍ എന്ന സ്റ്റാര്‍ ബാറ്റ്‌സ്മാന്റെ അഭാവം അന്ന് ആസ്‌ട്രേലിയയെ ബാധിച്ചിരുന്നു എന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. അസ്ഹറുദീന്‍, സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ, എം.എസ് ധോണി തുടങ്ങിയ നായകന്മാര്‍ക്കൊന്നും ആസ്‌ട്രേലിയന്‍ മണ്ണില്‍ നിന്നൊരു ടെസ്റ്റ് പരമ്പര കൊണ്ടുവരാനായിരുന്നില്ല. ഇതില്‍നിന്നെല്ലാമുള്ള മോചനമായിരുന്നു 2018-19ലേത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 1-2ന് സ്വന്തമാക്കി. നായകന്‍ വിരാട് കോഹ്ലി. ഒരു ഏഷ്യന്‍ രാജ്യം ആസ്‌ട്രേലിയയില്‍ നിന്ന് സ്വന്തമാക്കുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയായിരുന്നു അത്.

അന്ന് പൂജാര ഇല്ലായിരുന്നെങ്കിലോ...

ചരിത്രം ആവര്‍ത്തിക്കുമോ?

കിരീടം നിലനിര്‍ത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയാണ്. കഴിഞ്ഞ സീസണിലെ ആസ്‌ട്രേലിയ അല്ല ഇക്കുറി ഇന്ത്യയുമായി മത്സരിക്കുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പേരില്‍ പുറത്തിരുന്ന സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തിയിട്ടുണ്ട്. അപകടകാരികളായ ഇരുവരെയും മെരുക്കുക എന്നത് ഇന്ത്യന്‍ പന്തേറുകാര്‍ക്ക് പിടിപ്പതുപണിയാണ്. ടിം പെയ്ന്‍ തന്നെയാണ് നയിക്കുന്നതെങ്കിലും ഇരുവരുടെയും സാന്നിധ്യം കംഗാരുപ്പടക്ക് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല. കൂട്ടിന് ആഭ്യന്തര സീസണില്‍ മികച്ച ഫോമിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന വില്‍ പുകോവ്‌സ്‌കിയെപ്പോലുള്ള യുവതാരങ്ങളെയും കൂടെ കൂട്ടിയിരിക്കുന്നു. ആഭ്യന്തര സീസണില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് അഞ്ച് പേരെയാണ് (അതും പുതുമുഖങ്ങള്‍) ആസ്‌ട്രേലിയ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആസ്‌ട്രേലിയ കാര്യമായിട്ട് തന്നെയാണ് ഒരുങ്ങുന്നതെന്ന് ഈ സെലക്ഷന്‍ വ്യക്തമാക്കുന്നു

അന്ന് പൂജാര ഇല്ലായിരുന്നെങ്കിലോ...

എല്ലാ സമ്മര്‍ദവും ഇന്ത്യക്ക്

അഡ്‌ലയ്ഡില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മാത്രമെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുണ്ടാവുകയുള്ളൂ. കോഹ്‌ലിയെപ്പോലൊരു നായകന്‍, അതിലുപരി ബാറ്റ്‌സ്മാന്റെ നഷ്ടം നികത്താനാവാത്തത് ആണ്. പൂജാരക്ക് പിന്നാലെ റിഷബ് പന്തായിരുന്നു അന്ന് ബാറ്റിങില്‍ തിളങ്ങിയിരുന്നത്. 58.33 റണ്‍സ് ശരാശരിയില്‍ പന്ത് അടിച്ചെടുത്തത് 350 റണ്‍സാണ്. എന്നാല്‍ ആ പന്തിന് തേയ്മാനം സംഭവിച്ചുവെന്ന് ഫോം നോക്കിയാല്‍ മനസിലാകും. ഐപിഎല്ലില്‍ വല്ലപ്പോഴും തിളങ്ങിയ പന്ത് ഫൈനലില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയതൊഴിച്ചാല്‍ കാര്യമായി ഓര്‍ക്കാനൊന്നും തന്നിട്ടില്ല. ഏകദിന-ടി20 ടീമിലേക്ക് പന്തിന് അവസരം ലഭിച്ചതുമില്ല. ഏത് ഫോര്‍മാറ്റിലും ഒരേ പോലെ ബാറ്റ് വീശുന്ന ലോകേഷ് രാഹുലും ഐപിഎല്ലില്‍ തീ തുപ്പിയ ജസ്പ്രീത് ബുംറയുടെ ഫോമുമൊക്കെയാണ് ഇന്ത്യക്ക് കാര്യമായ പ്രതീക്ഷ നല്‍കുന്നത്.