LiveTV

Live

Sports

ഫുട്ബോള്‍ ദൈവത്തിന് ഇന്ന് ഷഷ്ടിപൂര്‍ത്തി

തുല്യതയില്ലാത്ത നേട്ടങ്ങള്‍ക്കൊപ്പം വിവാദങ്ങളും നിറഞ്ഞ ആറ് പതിറ്റാണ്ടുകള്‍ക്കൊടുക്കം ഫുട്ബോള്‍ ദൈവം ഷഷ്ടിപൂര്‍ത്തിയിലേക്ക് കടക്കുന്നത് ആശങ്കകള്‍ക്കിടയിലാണ്.

ഫുട്ബോള്‍ ദൈവത്തിന് ഇന്ന് ഷഷ്ടിപൂര്‍ത്തി

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്കിന്ന് അറുപതാം പിറന്നാളാണ്. തുല്യതയില്ലാത്ത നേട്ടങ്ങള്‍ക്കൊപ്പം വിവാദങ്ങളും നിറഞ്ഞ ആറ് പതിറ്റാണ്ടുകള്‍ക്കൊടുക്കം ഫുട്ബോള്‍ ദൈവം ഷഷ്ടിപൂര്‍ത്തിയിലേക്ക് കടക്കുന്നത് ആശങ്കകള്‍ക്കിടയിലാണ്. തന്‍റെ ക്ലബിലെ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സെല്‍ഫ് ഐസൊലേഷനിലിരുന്നാണ് മറഡോണയുടെ പിറന്നാള്‍ ആഘോഷം.

അര്‍ജന്‍റീനക്കാരുടെ ഫുട്ബോള്‍ ദൈവം ഭൂമിയില്‍ പിറവിയെടുത്തതിന്‍റെ ഷഷ്ടിപൂര്‍ത്തിയാണിന്ന്. ദൈവത്തിന്‍റെ കയ്യും കാലുകളുമായി ഭ്രാന്തമായ ആവേശത്തോടെ മറഡോണ ഓടിത്തീര്‍ത്ത വഴികള്‍ക്കും ആടിത്തീരാത്ത ആട്ടക്കഥയ്ക്കും അറുപതാണ്ടിന്‍റെ പഴക്കമായെന്ന് കാലം വിളിച്ചുപറയുന്നു.

പിറന്നുവീണതൊരു കോളനിയിലായിരുന്നുവെന്നും വിശപ്പ് മറക്കാന്‍ പന്ത് തട്ടിക്കൊണ്ടിരുന്നവന് ചേരിക്കാര്‍ ഗോള്‍ഡന്‍ ബോയ് എന്ന് പേരിട്ടതും, ഇരുപതാം നൂറ്റാണ്ടിനെ കാലില്‍ കൊരുത്ത് തട്ടിക്കളിച്ചവന്‍റെ ചൈല്‍ഡ് ഹുഡ് സ്റ്റോറിയാണ് മടമ്പിന്‍റെ ചുകപ്പ് മാറാത്തവന് തന്നെക്കാള്‍ പോന്നവരോടൊപ്പം മാത്രം പന്ത് തട്ടാന്‍ വാശിപിടിച്ചതും പതിനാറാം വയസ്സില്‍ രാജ്യത്തിന്‍റെ മാനം കാക്കാനിറങ്ങിയതും പതിനേഴില്‍ ടോപ് സ്കോററായതും പത്തൊമ്പതില്‍ വന്‍കരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടതുമൊക്കെ അര്‍ജന്‍റീനിയന്‍ തലമുകള്‍ക്ക് പാടിപ്പറഞ്ഞ് മടുക്കാത്ത പഴങ്കഥകളാണ്.

കുറിയ ശരീരവും പാറിപ്പറന്ന മുടിയിഴകളുമായി മൈതാനത്ത് മായാജാലം കാണിച്ചവനെ ഫുട്ബോള്‍ ലോകം പുത്തന്‍ പെലെയെന്ന് വിളിച്ചപ്പോള്‍ അല്ല ഞാന്‍ മറഡോണയാണെന്ന് അയാള്‍ തിരുത്തിപ്പറഞ്ഞതിന് 1987 ലെ ലോകകപ്പ് കിരീടം സാക്ഷിയാണ്.

നൂറ്റാണ്ടിന്‍റെ ഗോളും ദൈവത്തിന്‍റെ കയ്യും കളിപ്പന്തിന്‍റെ ആകൃതി വട്ടത്തില്‍ തന്നെ കിടക്കുന്നിടത്തോളം മാഞ്ഞുപോകില്ലല്ലോ.

ഫുട്ബോള്‍ ദൈവത്തിന് ഇന്ന് ഷഷ്ടിപൂര്‍ത്തി

അയാള്‍ ദൈവം തന്നെയാണെന്ന് അര്‍ജന്‍റീനക്കാര്‍ക്ക് പുറമെ ഇറ്റലിക്കാരും വിശ്വസിച്ചിരുന്നുവെന്നതിന്‍റെ തെളിവ് നാപ്പോളിയെന്ന ഇറ്റാലിയന്‍ ക്ലബിന് ആദ്യവും അവസാനവുമായി കിട്ടിയ രണ്ട് സീരി എ കിരീടങ്ങള്‍ക്ക് മുകളില്‍ ഇപ്പോഴും ആലേഖനം ചെയ്തുവെച്ചിട്ടുണ്ട്.

ഉരുണ്ട പന്തിനോളം ഇരുണ്ട ലഹരിയെയും ഭ്രാന്തമായി പ്രണയിച്ചുതുടങ്ങുന്നത് മുതല്‍ ആല്‍ബിസെലസ്റ്റിയന്‍ ആട്ടക്കഥ തിരിയുകയാണ്.

ലഹരിയും കുത്തഴിഞ്ഞ ജീവിതവും മറഡോണയുടെ കാലുകളെ തളര്‍ത്തുന്നു. 94 ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഫിഫ വിലക്കുന്നു. വീട് തേടിപ്പിച്ച് അഭിമുഖമെടുക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തോക്കെടുത്ത് നിറയൊഴിക്കുന്നു. ഇടങ്കാലിനോളം മൂര്‍ച്ചയും കൃത്യതയും വിരല്‍ത്തുമ്പിലില്ലാതിരുന്നത് കൊണ്ട് മാത്രം ജയിലറ കൊണ്ട് രക്ഷപ്പെട്ടു.

ഇതൊക്കെയായിട്ടും ഇരുപതാം നൂറ്റാണ്ടിലെ മികച്ച പന്താട്ടക്കാരനെ തേടിപ്പിടിക്കാന്‍ ഫിഫ പറഞ്ഞപ്പോള്‍ ലോകം അയാളെ മുന്നില്‍ നിര്‍ത്തി. കളിക്കുന്നത് പോലെ കളി പഠിപ്പിക്കാന്‍ കഴിയാതിരുന്നത് വീണ്ടും മറഡോണയെ തളര്‍ത്തി. 2010 ല്‍ ലോകകപ്പിനെത്തിയ അര്‍ജന്‍റീനക്കാരെ പരിശീലിപ്പിക്കാന്‍ അയാളും കൂടെ വന്നെങ്കിലും പ്രീ ക്വാര്‍ട്ടറിനപ്പുറം മറഡോണയുടെ ആയുധങ്ങള്‍ക്ക് ആയുസ്സുണ്ടായില്ല. പരിശീലകക്കുപ്പായത്തില്‍ പിന്നീടും പല നാടുകളില്‍ കറങ്ങി.

ഫുട്ബോള്‍ ദൈവത്തിന് ഇന്ന് ഷഷ്ടിപൂര്‍ത്തി

ഇതിനിടയില്‍ രണ്ട് വട്ടം ഹൃദയാഘാതം അപാരന്മാരായൊരു ഡിഫന്‍ഡര്‍മാരെ പോലെ കുതിച്ചുവന്നതാണ്. രണ്ടിനെയും അസാമാന്യം വെട്ടിച്ചുകടന്ന് അറുപതിലെത്തി നില്‍ക്കുന്നു. താനൊരു ദൈവമാണെന്ന് തനിക്ക് തന്നെ തോന്നിയത് കൊണ്ടാവണം അയാള്‍ ഇങ്ങനെയൊക്കെയായതെന്ന് ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞതാണ്. അറുപതിലെത്തി നില്‍ക്കുമ്പോള്‍ ഇനിയുമെന്തെങ്കിലും ആഗ്രഹങ്ങള്‍ ബാക്കിയുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മറഡോണയുടെ മറുപടി ഇതായിരുന്നു.

''എനിക്ക് ഇംഗ്ലണ്ടിനെതിരെ ഇനിയും കൈ കൊണ്ട് ഗോളടിക്കണം

അന്ന് ഇടങ്കയ്യായിരുന്നെങ്കില്‍ ഇനി വലങ്കൈ കൊണ്ട്''

കളിയും ജീവിതവും പോലെ വിചിത്രമായ സ്വപ്നങ്ങളുമായി ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുമ്പോള്‍, പക്ഷെ മറഡോണയ്ക്ക് പഴയ ആവേശമില്ല

നിലവില്‍ പരിശീലിപ്പിക്കുന്ന ടീമംഗങ്ങള്‍ക്ക് കോവിഡ് വന്നതിനാല്‍ സെല്‍ഫ് ഐസൊലേഷനിലാണ് കക്ഷി. ദുര്‍ബലമായ ശരീരത്തിലേക്ക് കോവിഡ് വന്നാലുള്ള അവസ്ഥയെ കുറിച്ച് ഡോക്ടര്‍മാര്‍ക്ക് ടെന്‍ഷനുണ്ട്. മറഡോണയ്ക്ക് പക്ഷെ അങ്കലാപ്പുണ്ടാവില്ല.

കാരണം അയാളൊരു ഐതിഹ്യമാണെന്നാണ് അര്‍ജന്‍റീനക്കാരുടെ വിശ്വാസം.

ഐതിഹ്യങ്ങള്‍ക്ക് മരണമില്ലല്ലോ..