LiveTV

Live

Sports

ഹാൻസി ഫ്‌ലിക്; നിഴലിൽനിന്ന് ഇതിഹാസത്തിലേക്ക്

വെറുമൊരു പത്തു മാസങ്ങൾ കൊണ്ടാണ് ഹാൻസി ഫ്‌ലിക് ചരിത്രത്തിലേക്ക് നടന്നു കയറിയത്. അതിനുമുമ്പ് അയാള്‍ ആരായിരുന്നു?

ഹാൻസി ഫ്‌ലിക്; നിഴലിൽനിന്ന് ഇതിഹാസത്തിലേക്ക്

ഒരു പകരക്കാരൻ കോച്ച് എന്ന നിലയിൽ 2019 നവംബർ മൂന്നിന് ബയേൺ മ്യൂണിക്കിന്റെ സാരഥ്യം ഏറ്റെടുക്കുമ്പോൾ, ക്ലബ് ആരാധകർക്കിടയിൽ അത്ര സുപരിചിതമായ പേരായിരുന്നില്ല ഹാൻസി ഫ്‌ലിക്കിന്റേതു. വർഷങ്ങളോളം സഹപരിശീലകൻ എന്ന നിഴലിൽ ഒതുങ്ങിയ ഒരു കരിയർ. ആ പേരായിരുന്നു ആഗസ്റ്റ് 23 വൈകുന്നേരം ലോക ഫുട്‌ബോളിനെ തന്നെ അമ്പരപ്പിച്ചുകൊണ്ട് പ്രഗത്ഭരായ പരിശീലകരുടെ നിരയിലേക്ക് എഴുതിച്ചേർക്കപ്പെട്ടത്. ബയേൺ മ്യൂണിക്കിന്റെ ചരിത്രത്തിൽ തന്നെ രണ്ടാം ട്രിപ്പിൾ കിരീടം നേടിക്കൊടുത്തു കൊണ്ട് ഹാൻസി ഫ്‌ലിക് എന്ന പേര് തിളങ്ങുന്ന അക്ഷരങ്ങളാൽ അയാൾ പുന:ർ നിർവചിച്ചു. വെറുമൊരു പത്തു മാസങ്ങൾ കൊണ്ടാണ് അയാൾ ചരിത്രത്തിലേക്ക് നടന്നു കയറിയത് എന്ന് പറയുമ്പോഴാണ് ആ പ്രതിഭയുടെ ആഴം കൂടുന്നത്. ഒപ്പം പത്തു മാസങ്ങൾക്കു മുൻപ് ആരായിരുന്നു ഹാൻസി ഫ്‌ലിക് എന്ന ജിജ്ഞാസയും.

ഹാൻസി ഫ്‌ലിക് എന്ന പേരും ചിത്രവും സമീപകാലത്തു തെളിയുന്നത് 2006 ലാണ്. കൃത്യമായി പറഞ്ഞാൽ മറ്റൊരു ആഗസ്റ്റ് 23 ന്. ജർമൻ നാഷണൽ ടീമിന്റെ സഹ പരിശീലകനായി യോഗി ലോയുടെ കീഴിൽ ചേർന്ന് കൊണ്ടാണ് അയാൾ ഫുട്‌ബോൾ ആരാധകരുടെ മുന്നിൽ എത്തുന്നത്. എന്നാൽ അതിനും മുൻപേ ഹാൻസി ഫ്‌ലിക് എന്ന നാമം ഫുട്‌ബോളിനുമേൽ പതിഞ്ഞിരുന്നു. പടിഞ്ഞാറൻ ജർമനിയിലെ ഹെയ്ഡൽബെർഗ് എന്ന സുന്ദര നഗരത്തിലായിരുന്നു ഹാൻസിയുടെ ജനനം. തന്റെ ആറാം വയസ്സിൽ നഗരത്തിനടുത്തുള്ള BSC Mückenloch എന്ന ക്ലബ്ബിലൂടെ ആയിരുന്നു ഫുട്ബാൾ പഠനം തുടക്കം കുറിച്ചത്. തുടർന്ന് അയാൾ 1981 മുതൽ 85 വരെ സാൻഡ്ഹ്യുസൻ എന്ന ക്ലബ്ബിനു വേണ്ടി ജർമൻ റീജിയണൽ ലീഗിൽ പന്ത് തട്ടി.

ഹാൻസി ഫ്‌ലിക്; നിഴലിൽനിന്ന് ഇതിഹാസത്തിലേക്ക്

ആയിടെ ആണ് മധ്യനിര താരം എന്ന നിലയിലുള്ള അയാളുടെ കളി ബയേൺ മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽ പെടുന്നത്. അങ്ങിനെയാണ് ഹാൻസി ആദ്യമായി തന്റെ ഇരുപതാം വയസ്സിൽ ബുണ്ടസ ലിഗ കളിക്കാൻ ഇറങ്ങുന്നത്. തുടർന്ന് അഞ്ചു വർഷക്കാലം അയാൾ ബയേണിന്റെ ചുവന്ന കുപ്പായം അണിഞ്ഞു. 137 മത്സരങ്ങളിൽ ബൂട്ടുകെട്ടി നാല് ബുണ്ടസ് ലീഗ് കിരീടങ്ങളും ഒരു ഡി എഫ് ബി കപ്പും സ്വന്തമാക്കാനും ആ പ്രതിഭക്കായി. അക്കാലത്തു സാക്ഷാൽ യുപ് ഹെയ്ൻകസ് ആയിരുന്നു ബയേണിന്റെ പരിശീലകൻ. വർഷങ്ങൾക്കു ശേഷം 2013 ൽ ബയേൺ ആദ്യമായി ട്രിപ്പിൾ നേടിയത് ഹെയ്ൻകസിന്റെ പരിശീലനത്തിൽ ആയിരുന്നു. പിന്നീട് 2020 ൽ ബയേൺ അവരുടെ രണ്ടാം ട്രിപ്പിൾ കിരീട നേട്ടം ആഘോഷിക്കുമ്പോൾ അമരത്തു യുപ്പിന്റെ പഴയ ടീം മേറ്റ് ഹാൻസി ആയതു യാദൃശ്ചികം. 1990 ൽ ഹാൻസി ബയേണിനോട് വിട പറഞ്ഞു. അതയാളുടെ കാരിയാറിന്റെ തന്നെ അവസാനത്തിലേക്കാണെന്നു കൊളോണിൽ ചേരുമ്പോൾ ഹാൻസി അറിഞ്ഞിരുന്നില്ല. കളിക്കളത്തിലെ കനത്ത ടാക്ലിങ്ങുകളിൽ തുടർച്ചയായി ഏറ്റ പരിക്കുകൾ അയാളെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചു. ഇരുപത്തി എട്ടാം വയസ്സിൽ പ്രൊഫഷണൽ ഫുട്ബാളിനോട് വിടപറയുക.

പ്രൊഫഷണൽ ഫുട്ബാളിനോട് വിട പറഞ്ഞെങ്കിലും അയാൾ ജർമൻ ലീഗിലെ താഴെ തട്ടിലുള്ള വിക്ടോറിയ ബാമെന്റൽ എന്ന ക്ലബ്ബിൽ കളിക്കാരനും കോച്ചായും ഒരേ സമയം ജോലി നോക്കി. അവിടെ വെച്ചാണ് കോച്ചിങ് എന്ന ജോലിയോട് അയാൾക്ക് കൂടുതൽ അടുപ്പം ഉണ്ടാകുന്നതു. ആറു വർഷത്തോളം ആ ക്ലബ്ബിൽ ചിലവഴിച്ച അയാൾ തുടർന്ന് അക്കാലത്തു നാലാം ലെവൽ ലീഗിൽ കളിച്ചിരുന്ന ഹോഫൻഹെയിം ക്ലബ്ബിന്റെ ഹെഡ് കോച്ച് ആയി ചാർജ് എടുത്തു. തുടർന്ന് ക്ലബിന്റെ മൂന്നാം ഡിവിഷനിലേക്കുള്ള സ്ഥാനക്കയറ്റത്തിൽ പങ്കാളി ആവുകയും ചെയ്തു. ഹോഫൻഹെയ്മിന്റെ ഒന്നാം ബുണ്ടസ് ലീഗയിലേക്കുള്ള യാത്രയ്ക്ക് വഴിയൊരുക്കിയത് ഹാൻസിയുടെ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ ആയിരുന്നു. ഇതിനിടയിൽ 2003 ൽ പ്രൊഫഷണൽ കോച്ചിങ് ലൈസൻസ് ഒന്നാം റാങ്കോടെ പാസ്സായി. ഒപ്പം റാങ്ക് പങ്കു വെച്ചത് ബൊറൂഷ്യ ഡോർട്മുണ്ടിന്റെ മുൻ പരിശീലകൻ തോമസ് ഡോൾ.

ഹാൻസി ഫ്‌ലിക്; നിഴലിൽനിന്ന് ഇതിഹാസത്തിലേക്ക്

2006-ൽ കുറച്ചു കാലം ജിയോവാന്നി ട്രാപ്പട്ടോണിയുടെ യും ലോതർ മാത്തേവൂസിന്റെയും കീഴിൽ റെഡ്ബുൾ സൽസ്ബുർഗ് എന്ന ക്ലബ്ബിൽ അസിസ്റ്റന്റ് ആയി ജോലി നോക്കി. അക്കാലയളവിൽ ട്രാപ്പട്ടോണിയുടെ തന്ത്രങ്ങൾ ഹാൻസിയെ വല്ലാതെ ആകർഷിച്ചിരുന്നു. എന്നാൽ അധികം വൈകും മുൻപേ ജർമൻ ടീമിൽ നിന്ന് ഹാൻസിയുടെ തലവര തന്നെ മാറ്റി കൊണ്ട് വിളി വന്നു. ക്ലിൻസ്മാൻ രാജി വെച്ച് പോയ ഒഴിവിൽ ടീമിനെ പരിശീലിപ്പിക്കാൻ വന്ന യോക്കിം ലോയുടെ സഹായി ആയി അങ്ങിനെ ഹാൻസി ഫ്‌ലിക് എത്തിച്ചേർന്നു. അവിടെയാണ് മറ്റൊരു യാദൃശ്ചികത. മുൻപ് ബയേണിലേക്കു പോയ ഹാൻസിയുടെ ഒഴിവിൽ സാൻഡ്ഹ്യുസൻ സൈൻ ചെയ്തത് ലോയുടെ സഹോദരൻ മാർക്കസിനെ ആയിരുന്നു. അങ്ങിനെ ചരിത്രത്തിൽ ആദ്യമായി ജർമനിയുടെ ദേശീയ ടീമിനെ നയിക്കാൻ നാഷണൽ ലെവൽ മത്സരങ്ങൾ കളിക്കാതെ ഒരു കോച്ചും സഹായിയും ഉണ്ടായി. ഫ്‌ലിക്കിന്റെ കരിയറിൽ രണ്ടേ രണ്ടു അണ്ടർ 18 മത്സരങ്ങൾ ജർമനിക്കു വേണ്ടി കളിച്ചു എന്നത് മാത്രമാണ് ദേശീയ ലെവൽ എന്ന് പറയാൻ ഉള്ളത്. പക്ഷെ ഇതൊന്നും ലോകകപ്പ് നേടുന്നതിൽ രണ്ടു പേർക്കും തടസ്സമായില്ല എന്നത് പിന്നീട് ചരിത്രം.

ലോകകപ്പ് ജയത്തോടെ ഹാൻസി ഫ്‌ലിക് സഹ പരിശീലക സ്ഥാനം ഒഴിഞ്ഞു. സ്‌പോർട്‌സ് ഡയറക്റ്റർ ആയി ജർമൻ ഫുട്ബാൾ അസോസിയേഷനിൽ അടുത്ത മൂന്നു വർഷം. അയാളും കുടുംബവും താമസിക്കുന്ന ബൊമ്മാന്റൽ ഗ്രാമം, ഫ്രീഡം ഓഫ് ബൊമ്മന്റൽ എന്ന അവാർഡ് നൽകി അയാളെ സ്വീകരിച്ചു. ഏറ്റവും പ്രായം കുറഞ്ഞ അവാർഡ് ജേതാവായിരുന്നു ഹാൻസി. ആ ഗ്രാമത്തിൽ അയാൾ ഒരു സ്‌പോർട്‌സ് ഷോപ്പും നടത്തി വരുന്നുണ്ട്. 2017 ൾ കുറച്ചു കാലം ഹോഫൻഹെയിം സ്‌പോർട്‌സ് ഡയറക്റ്റർ ആയി ജോലി നോക്കിയ ഫ്‌ലിക്, ഫെബ്രുവരി 2018 ൽ ഫുട്‌ബോൾ ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങിനെ ഒരു വനവാസം തുടങ്ങിയ സമയത്താണ് ബയേൺ മ്യൂണിക്കിൽ നിന്ന് വിളി വരുന്നത്. നിക്കോ കൊവാക്ക് ന്റെ സഹായി ആയി ടീമിൽ ചേരാൻ. 2019 ജൂലൈ ഒന്നിന് ഫ്‌ലിക്ക് ബയേണിൽ എത്തി.

ഹാൻസി ഫ്‌ലിക്; നിഴലിൽനിന്ന് ഇതിഹാസത്തിലേക്ക്
Mohamed Shafi

നിക്കോയുടെ കീഴിൽ തുടർച്ചയായ രണ്ടാം ലീഗ് കിരീടം തേടി ഇറങ്ങിയ ടീമിൽ കല്ലുകടികൾ ഉയർന്നു തുടങ്ങിയ സമയം. നിക്കോയും സീനിയർ കളിക്കാരും തമ്മിൽ അസ്വാരസ്യങ്ങൾ പതിവായപ്പോൾ ഫ്‌ലിക്കായിരുന്നു ഇടനിലക്കാരൻ. കളിക്കാരുമായി സൗമ്യമായുള്ള ഇടപെടലുകളും അവരുടെ കഴിവറിഞ്ഞുള്ള പ്രവർത്തനങ്ങളും ഒപ്പം ദേശീയ ടീമിൽ വെച്ചുള്ള പരിചയവും ആയിരുന്നു, ലീഗിന്റെ പകുതിയിൽ വെച്ച് നിക്കോ കോവാക്ക് ടീമിനെ ഉപേക്ഷിച്ചപ്പോൾ ഹാൻസിയുടെ കയ്യിൽ കടിഞ്ഞാൺ ഏൽപ്പിക്കാൻ ബയേൺ അധികൃതർക്ക് തുണയായത്.

മുഴുവൻ സമയ കോച്ച് വേണം എന്ന ആവിശ്യം മുൻ നിർത്തിയാണ് ഹാൻസിയെ പകരക്കാരൻ ആക്കി അവസരം കൊടുത്തത്. മഞ്ഞുകാലം വരെ ടീമിനെ കൊണ്ട് പോവുക എന്ന ദൗത്യം ആയിരുന്നു അന്ന് അയാളെ ഏൽപ്പിക്കുമ്പോൾ അധികൃതർ പറഞ്ഞത്. ലീഗിൽ നാലാം സ്ഥാനത്തേക്ക് കൂപ്പു കുത്തിയ, ഫ്രാങ്ക്ഫുർട്ടിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോറ്റ ടീമിനെ തൊട്ടടുത്ത ആഴ്ച ഡോട്ട്മുണ്ടിനെതിരെ ജർമൻ ക്‌ളാസിക് കളിക്കാൻ തയ്യാറാക്കുക എന്ന ശ്രമകരമായ ഒരു പരീക്ഷണം അയാൾക്ക് നൽകുമ്പോൾ തന്നെ അതിൽ ഭാവിയെ ദർശിച്ചിരിക്കണം. പരിശീലനമത്സരം പോലെ കിട്ടിയ ഒളിമ്പിയാക്കോസിനെതിരെ ചാമ്പ്യസ് ലീഗ് മത്സരം ഫ്‌ലിക്കിലെ തന്ത്രജ്ഞനെ കാണിച്ചു തന്നു. നിക്കോ മനപ്പൂർവം ഒഴിവാക്കിയ മുള്ളറിലും ബോട്ടെങ്ങിലും ഹാൻസി വിശ്വസിച്ചു. ടീമിലെ ഓരോ താരങ്ങൾക്കും അവരുടെ ശക്തി അറിഞ്ഞു അവസരം നൽകി. ഫലമോ ക്‌ളാസിക്കോയിൽ നാല് ഗോളിന്റെ വിജയം. ചെറിയ ചെറിയ മാറ്റങ്ങളിലൂടെ ഹാൻസി ടീമിനെ മഞ്ഞുകാല അവധിക്കു മുൻപ് ലീഗ് ടേബിളിൽ ഒന്നാമതെത്തിച്ചു. പിന്നെ നടന്നത് ചരിത്രം. ബയേണും ഹാൻസിയും മൂന്നു കിരീടങ്ങളും നേടി ചരിത്രം എഴുതിയാണ് സീസൺ അവസാനിപ്പിച്ചത്.

മൗറീന്യോയുടെ കൗശലങ്ങളോ പെപ്പിന്റെ തന്ത്രജ്ഞതയോ ക്‌ളോപ്പിന്റെ ദീർഘവീക്ഷണമോ ഹാൻസിക്കില്ലായിരുന്നു. എന്നാൽ അയാൾ ടീമിന് നൽകിയത് വിശ്വാസം ആയിരുന്നു. അനാവശ്യ റൊട്ടേഷൻ ഒഴിവാക്കി, ഓരോ താരത്തെയും അവരുടെ കഴിവുകളിൽ ശ്രദ്ധ നൽകി ടീം വാർത്തെടുത്തു.

ടീമിന്റെ മാനേജർ ആയ അഞ്ചാമത്തെ മാത്രം മുൻ ബയേൺ താരം ആണ് ഹാൻസി ഫ്‌ലിക്. മൗറീന്യോയുടെ കൗശലങ്ങളോ പെപ്പിന്റെ തന്ത്രജ്ഞതയോ ക്‌ളോപ്പിന്റെ ദീർഘവീക്ഷണമോ ഹാൻസിക്കില്ലായിരുന്നു. എന്നാൽ അയാൾ ടീമിന് നൽകിയത് വിശ്വാസം ആയിരുന്നു. അനാവശ്യ റൊട്ടേഷൻ ഒഴിവാക്കി, ഓരോ താരത്തെയും അവരുടെ കഴിവുകളിൽ ശ്രദ്ധ നൽകി ടീം വാർത്തെടുത്തു. ഗോൾ വേട്ടയിൽ പുറകിൽ പോയി ദേശീയ ടീമിൽ വരെ സ്ഥാനം നഷ്ടപെട്ട തോമസ് മുള്ളർ സീസണിലെ മികച്ച അസിസ്റ്റ് ആയി മാറിയതും, അൽഫോൻസ ഡേവിസ് വിങ്ങുകളിലെ അപകടമായി മാറിയതും ഹാൻസിയുടെ കഴിവായിരുന്നു. ഈ സീസണിൽ സൂപ്പർ താരങ്ങളെ പരിക്കിൽ നിന്ന് മുക്തനാക്കി നിർത്താൻ ഹാൻസിയെ കൊണ്ടായി. ഒരു പരിധിവരെ കൊറോണ നൽകിയ മൂന്നുമാസത്തെ ഇടവേളയും അതിനു സഹായിച്ചു. 36 മത്സരങ്ങളിൽ 33 വിജയം. മൂന്ന് ഗോളിന് മേൽ ശരാശരി. ഒപ്പം വിജയ ശതമാനത്തിൽ ക്ലബ് റെക്കോർഡും. ഹാൻസിയുടെ നേട്ടങ്ങളെ ക്ലബ്ബും വലിയ വിലയിട്ടാണ് സ്വീകരിച്ചത്. മൂന്ന് വർഷത്തെ നീണ്ട കോൺട്രാക്ടാണ് അവർ അയാൾക്ക് നൽകിയത് 2023 വരെ ടീമിനെ മുന്നോട്ടു കൊണ്ട് പോവുക എന്നുള്ള വെല്ലു വിളി. അത് എങ്ങിനെ ആയിരിക്കും എന്ന് കാത്തിരുന്നു കാണാം.