LiveTV

Live

Sports

അസഹനീയമായ വേദനയിലും മനസ്സിൽ കാൽപന്ത് മാത്രം: സയ്യിദ് അബ്ദുൽ റഹീമിന്റെ ജീവിതത്തിലെ അവസാന ഒമ്പത് മാസങ്ങൾ

ഏഷ്യൻ ഗെയിംസ് കഴിഞ്ഞപ്പോൾ ഇന്ത്യൻ ടീം ജക്കാർത്തയിൽ നിന്ന് മടങ്ങിയത് സ്വർണ മെഡലുകളും രോഗിയായ ഒരു പരിശീലകനെയും കൊണ്ടാണ്

അസഹനീയമായ വേദനയിലും  മനസ്സിൽ കാൽപന്ത് മാത്രം: സയ്യിദ് അബ്ദുൽ റഹീമിന്റെ ജീവിതത്തിലെ അവസാന ഒമ്പത് മാസങ്ങൾ

ആധുനിക ഇന്ത്യൻ ഫുട്ബോളിന്റെ വാസ്തുശിൽപിയും ഉപദേശകനും തത്ത്വചിന്തകനുമായ സയ്യിദ് അബ്ദുൽ റഹീം 1963 ജൂണിൽ ഹൈദരാബാദിലെ ദാറുൽഷിഫയിലെ വീട്ടിൽ വെച്ച് അന്ത്യശ്വാസം വലിച്ചു.

1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോഴേക്ക് സയ്യിദ് അബ്ദുൽ റഹീം ഇന്ത്യയിലെ മികച്ച ഫുട്ബോൾ പരിശീലകരിൽ ഒരാളായി മാറിയിരുന്നു. തന്റെ 42ആം ജന്മദിനം ആഘോഷിക്കുന്നതിനു മുമ്പുതന്നെ 1951ൽ, ദില്ലിയിൽ നടന്ന ആദ്യ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡലിലേക്ക് അദ്ദേഹം ഇന്ത്യയെ നയിച്ചു. എന്നാൽ, 1962ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ രണ്ടാമത്തെ സ്വർണമാണ് റഹീമിനെ രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും ഐതിഹാസികനായ 'സോക്കർ ഗുരു' (പന്തുകളിയുടെ ഗുരു) എന്ന പദവിയിലേക്ക് ഉയർത്തിയത്. ഇന്ത്യക്കാരെ വെറുക്കുകയും ദുരുപയോഗം ചെയ്യുകയും അക്രമിക്കുകയും ചെയ്യുന്ന ജക്കാർത്തയിലെ പ്രാദേശിക ജനതയുടെ ശത്രുതാപരമായ മനോഭാവത്തിനെതിരെ റഹീം ഇന്ത്യയുടെ അവിശ്വസനീയമായ വിജയത്തിന് പദ്ധതികൾ മെനഞ്ഞു. എങ്കിലും, സെപ്റ്റംബർ 4ന് നടന്ന ഫൈനലിൽ ദക്ഷിണ കൊറിയക്കെതിരെ 2-1ന് നേടിയ വിജയത്തോടെ സമാപിച്ച ജക്കാർത്തയിലെ അവിസ്മരണീയമായ അഞ്ച് മത്സരങ്ങളുടെ പ്രയാണത്തെ ഇന്നും ചിലയാളുകൾ മനസ്സിലാക്കുന്നത്, അതിനുശേഷം ഒമ്പത് മാസം മാത്രം ജീവിച്ച ഐതിഹാസികനായ കോച്ചിന്റെ ജീവിതത്തിലെ 'തിരശ്ശീല' ആയിട്ടാണ്. മാനസികമായി, ഇന്ത്യൻ ഫുട്ബോളിന് വേണ്ടി നേട്ടങ്ങൾ കൊയ്യാൻ സാധിച്ചതിൽ ഏറ്റവും സന്തുഷ്ടനായ മനുഷ്യനായിരുന്നു അദ്ദേഹം. അതേസമയം, ശ്വാസകോശ അർബുദം പിടിപെട്ടതിനാൽ ശാരീരികമായി അസഹനീയമായ വേദന അനുഭവിക്കുന്നുമുണ്ടായിരുന്നു.

ഇന്ത്യക്കാരെ വെറുക്കുകയും ദുരുപയോഗം ചെയ്യുകയും അക്രമിക്കുകയും ചെയ്യുന്ന ജക്കാർത്തയിലെ പ്രാദേശിക ജനതയുടെ ശത്രുതാപരമായ മനോഭാവത്തിനെതിരെ റഹീം ഇന്ത്യയുടെ അവിശ്വസനീയമായ വിജയത്തിന് പദ്ധതികൾ മെനഞ്ഞു

ഏഷ്യൻ ഗെയിംസ് കഴിഞ്ഞപ്പോൾ ഇന്ത്യൻ ടീം ജക്കാർത്തയിൽ നിന്ന് മടങ്ങിയത് സ്വർണ മെഡലുകളും രോഗിയായ ഒരു പരിശീലകനെയും കൊണ്ടാണ്. നിരന്തര പുകവലിക്കാരനായ റഹിം സിംഗപ്പൂരിൽ ചുരുക്കം ചില പ്രകടന മത്സരങ്ങൾക്ക് ശേഷം കൽക്കത്തയിൽ (ഇപ്പോഴത്തെ കൊൽക്കത്ത) വന്നിറങ്ങിയപ്പോൾ ഗുരുതരാവസ്ഥയിലായിരുന്നു. തന്റെ ആരോഗ്യം തകരുകയാണെന്ന കൃത്യമായ ബോധ്യമുണ്ടായിരുന്നിട്ടും അദ്ദേഹം അതാരെയും അറിയിച്ചില്ല.

റഹീമിന്റെ ആരോഗ്യം ക്ഷയിക്കുകയായിരുന്നു. അയാൾ അർദ്ധരാത്രിയിൽ പോലും രൂക്ഷമായി ചുമച്ചിരുന്നു. ശരീരം നോവുന്നതിനാൽ അദ്ദേഹം ദിവസങ്ങളോളം തളർന്നിരുന്നിട്ടുണ്ട്. എന്നാൽ അതൊന്നും അദ്ദേഹത്തിന്റെ ശ്രദ്ധ തിരിച്ചില്ല. ഫുട്ബോൾ വൃത്തത്തിലുള്ളവർ ജക്കാർത്ത വിജയത്തിൽ സന്തോഷിക്കുമ്പോൾ, സമീപഭാവിയിൽ നേരിടേണ്ടിവരുന്ന പോരായ്മകൾ ചൂണ്ടിക്കാണിക്കാനായിരുന്നു റഹീം തിടുക്കപ്പെട്ടത്.

സെപ്റ്റംബർ 11ന് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ, ജക്കാർത്ത ഗെയിംസിൽ തന്റെ പദ്ധതികൾ നടപ്പാക്കിയ ടീമിന്റെ രീതിയിൽ അദ്ദേഹം അസംതൃപ്തി അറിയിച്ചു. പുതിയ കളി സമ്പ്രദായത്തിലാണ് ടീമിനെ പരിശീലിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത ടീമുകളുമായി കളിക്കുമ്പോൾ ടീം വ്യത്യസ്ത തന്ത്രങ്ങൾ സ്വീകരിച്ചു. കൂടുതൽ സമയം ലഭിച്ചിരുന്നെങ്കിൽ ഫലം കൂടുതൽ മികച്ചതാകുമായിരുന്നു.

അതേസമയം, ഇത് മുൻ വിജയത്തിന്റെ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കാനുള്ള സമയമല്ലെന്ന് റഹീം മുന്നറിയിപ്പ് നൽകി. വർഷങ്ങൾക്കുമുമ്പ് ആസൂത്രിതമായ സ്കീമുകൾക്ക് കീഴിൽ പരിശീലിച്ചതും മികച്ച ശിക്ഷണം നേടിയതുമായ ടീമുകൾക്കെതിരെയാണ് ഇന്ത്യൻ ടീമിന് കളിക്കാനുണ്ടായിരുന്നത്. ഏഷ്യൻ രാജ്യങ്ങൾ, പ്രത്യേകിച്ച് ദക്ഷിണ വിയറ്റ്നാം, ജപ്പാൻ എന്നീ രാജ്യങ്ങൾ ഫുട്ബോൾ കളിക്കായി പാശ്ചാത്യ ശൈലി സ്വീകരിച്ചുകൊണ്ട് ടോക്കിയോ ഒളിമ്പിക്സിനായി ദേശീയ ടീമുകളെ പരിശീലിപ്പിക്കാൻ തുടങ്ങിയിരുന്നു. ഇന്ത്യ പിന്നിലാകരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

റഹീമിന്റെ ആരോഗ്യം അതിവേഗം വഷളായി. പ്രാദേശിക ഡോക്ടറെ സമീപിച്ചപ്പോൾ ശ്വാസകോശാവരണ രോഗമാണെന്ന് അദ്ദേഹം സംശയിച്ചു. ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ ഒട്ടും സഹായകമായില്ല. റഹീമിന്റെ അവസ്ഥ കൂടുതൽ വഷളായി. ഒടുവിൽ, ഡോക്ടർ ശ്വാസകോശത്തിൽ അർബുദമാകാമെന്ന അനുമാനത്തിലേക്ക് എത്തി. റഹീമിന്റെ മക്കൾ അദ്ദേഹത്തെ ബോംബെയിലെ (ഇപ്പോൾ മുംബൈ) പ്രശസ്തമായ ടാറ്റ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിപുലമായ പരിശോധനയിൽ ഹൈദരാബാദിലെ ഡോക്ടർ പറഞ്ഞത് ശരിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. എന്നാൽ അതിൽ ഇനിയൊന്നും ചെയ്യാനില്ലായിരുന്നു. പിന്നീടുളള ജീവിതത്തിന്റെ അവസാന ആറുമാസവും അദ്ദേഹം കിടപ്പിലായിരുന്നു. ചില സമയങ്ങളിൽ അദ്ദേഹം മറ്റുള്ളവരുടെ സഹായത്തോടെ ആന്ധ്രാപ്രദേശ് ഫുട്ബോൾ അസോസിയേഷൻ ഓഫീസ് സന്ദർശിച്ച് ചില പ്രധാന കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു.

റഹീമിന്റെ മനസ്സിലെ ഫുട്ബോൾ

അവസാനത്തെ കുറച്ച് മാസങ്ങളിൽ തന്റെ അന്ത്യം അടുത്തിരിക്കുന്നുവെന്ന് റഹീമിന് അറിയാമായിരുന്നുവെങ്കിലും, അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും ശല്യപ്പെടുത്താതിരിക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഹോമിയോപ്പതി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ആരോഗ്യം മോശമായതിനെക്കുറിച്ച് അദ്ദേഹം അടുത്ത കുടുബ സുഹൃത്തായ ‍‍ഡോ. മന്നനോടൊഴിച്ച് മറ്റാരോടും ഒരിക്കലും പരാതിപ്പെട്ടിട്ടില്ല. “മെയ്ൻ സിന്ദഗി മെയിൻ കബി ഗലാത്ത് കാം നഹി കിയാ" (എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും തെറ്റ് ചെയ്തിട്ടില്ല) എന്ന് അദ്ദേഹം ഒരിക്കൽ ഡോക്ടറോട് പറയുകയുണ്ടായി. തൊഴിൽപരമായി സ്കൂൾ അദ്ധ്യാപകനാണെങ്കിലും ഊണിലും ഉറക്കത്തിലും ഫുട്ബോളായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ദേശീയ-സംസ്ഥാന ടീമുകളിലും ഹൈദരാബാദ് സിറ്റി പോലീസ് ടീമിലുമുള്ള മികച്ച ട്രാക്ക് റെക്കോർഡ് കാരണം, റഹീമിനെ കാൽപന്ത് കളിയുടെ അദ്ധ്യാപകനായി കാലം എപ്പോഴും ഓർക്കും.

ഒരു പരിശീലകനെന്ന നിലയിൽ അദ്ദേഹം സമാനതകളില്ലാത്തവനായിരുന്നു. എസ്‌.കെ അസീസുദ്ദീൻ, നൂർ മുഹമ്മദ്, എസ്‌.കെ മൊയ്‌നുദ്ദീൻ, അഹമ്മദ് ഹുസൈൻ, തുളസിദാസ് ബലറാം, തങ്കരാജ്, യൂസഫ് ഖാൻ തുടങ്ങിയ കളിക്കാർ ദേശീയ ടീമിലെ പ്രധാന അംഗങ്ങളാണെങ്കിലും, കൊൽക്കത്ത ടീമുകളുടെ പരമ്പരാഗത ആധിപത്യത്തിന് ഭീഷണിയായി നിലനിൽക്കുന്ന ഹൈദരാബാദ് സിറ്റി പോലീസും രാജ്യത്തെ മികച്ച കളിക്കാരായിരുന്നു.

സ്വകാര്യമായി ഒരു ഉറുദു കവിയുമായ റഹീം മൈതാനത്ത് ചലിക്കുന്ന കവിതയാകാം ഫുട്ബോൾ എന്ന് എല്ലായ്‌പ്പോഴും ചിന്തിക്കുകയും സ്വപ്നം കാണുകയും ചെയ്തു. “ഇതൊരു ലളിതമായ കളിയാണ്" എന്നദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു.

1950നും 1963നും ഇടയിൽ (1950 മുതൽ 1954 വരെ തുടർച്ചയായി അഞ്ച് വർഷം ഉൾപ്പെടെ) ഒൻപത് തവണ അവർ റോവേഴ്സ് കപ്പ് നേടി. ഈ കാലയളവിൽ നാല് തവണ ഡ്യുറാൻഡ് കപ്പും അവർ നേടി. ബംഗാളും, ബോംബെയും, മൈസൂറും കീഴടക്കി വെച്ച ദേശീയ ചാമ്പ്യൻഷിപ്പിനുള്ള സന്തോഷ് ട്രോഫി 1956-57, 1957-58 എന്നീ വർഷങ്ങളിൽ തുടർച്ചയായി രണ്ട് തവണ ഹൈദരാബാദ് സ്വന്തമാക്കി. ഈ കാലയളവിൽ ഹൈദരാബാദ് നിർമിച്ച ഇതിഹാസ ഫുട്ബോൾ കളിക്കാരുടെ എണ്ണം ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ഇന്നുവരെ സമാനതകളില്ലാത്തവയാണ്. അതിന്റെ മുഴുവൻ ക്രെഡിറ്റും റഹീമിന് നൽകിയാലും മിക്കവരും എതിർക്കില്ല. അദ്ദേഹത്തിന്റെ പരിശീലന ജീവിതം വിവാദങ്ങളില്ലാത്തതായിരുന്നു എന്നല്ല അതിനർഥം. ഹൈദരാബാദ് ആസ്ഥാനമായുള്ള ഫുട്ബോൾ കളിക്കാരോടുള്ള അദ്ദേഹത്തിന്റെ മുൻഗണനയും, ബോംബെയിൽ നിന്നോ സർവീസുകളിൽ നിന്നോ ഉള്ള കളിക്കാർക്ക് സംശയത്തിന്റെ നിഴലിൽ നിർത്തുന്ന അദ്ദേഹത്തിന്റെ വിമുഖതയും പലപ്പോഴും സൂക്ഷ്മപരിശോധനക്ക് കീഴിലായിരുന്നു.

1962ലെ ഏഷ്യൻ ഗെയിംസ് ഫൈനലിൽ പീറ്റർ തങ്കരാജിന് അനുകൂലമായി ഗോൾകീപ്പർ പ്രദ്യുത് ബർമനെ ഒഴിവാക്കിയതിനുള്ള വിമർശനം അദ്ദേഹം എപ്പോഴും നേരിട്ടിട്ടുണ്ട്. ഇത് ഇന്ത്യൻ ഫുട്ബോളിന്റെ ഏറ്റവും വലിയ ചർച്ചയായി തുടർന്നുകൊണ്ടേയിരിക്കും. സെമി ഫൈനൽ വരെ ബർമൻ അഭിനന്ദനാർഹമായ കളി കാഴ്ചവെച്ചതിനാൽ അദ്ദേഹത്തെ മാറ്റിനിർത്താൻ ഒരു കാരണവുമുണ്ടായിരുന്നില്ല. ടീം ജക്കാർത്തയിൽ എത്തിയ ദിവസം മുതൽ തങ്കരാജിന് പനി ബാധിച്ചിരുന്നു. ലീഗ് ഘട്ടത്തിനുശേഷം അദ്ദേഹം സുഖം പ്രാപിച്ചുവെങ്കിലും പൂർണ പരിശീലനം ഏറ്റെടുക്കാൻ കഴിയാത്തത്ര ദുർബലനായിരുന്നു.

ഫൈനൽ ദിവസം ടീം മീറ്റിംഗിൽ റഹീം ഫിറ്റ്നസിനെക്കുറിച്ച് ബർമാനോട് ചോദിച്ചു. ബർമൻ അസന്ദിഗ്‌ദ്ധമായി മറുപടി നൽകി. ഇതേ ചോദ്യം തങ്കരാജിനോട് ചോദിച്ചപ്പോൾ മറിച്ചൊരു ഉത്തരമാണ് അദ്ദേഹം നൽകിയത്. ഉച്ചതിരിഞ്ഞ് ക്യാപ്റ്റൻ ചുനി ഗോസ്വാമിയും റഹീമും പതിനൊന്ന് കളിക്കാരെ തിരഞ്ഞെടുക്കാനായിരുന്നപ്പോൾ തങ്കരാജിനെ പരിഗണിച്ചു. അരുൺ ഘോഷ്, പ്രസന്ത സിൻഹ എന്നിവരുമായി മുറി പങ്കിടുന്ന ബർമനെ ടീം സന്ദർശന മുറിയിൽ ഒത്തുകൂടുന്നതിന് അരമണിക്കൂർ മുമ്പ് മാത്രമാണ് തീരുമാനത്തെക്കുറിച്ച് അറിയിച്ചത്.

2003ൽ ഒരു ലേഖകനുമായുള്ള അഭിമുഖത്തിൽ ബർമൻ പറഞ്ഞു: “ഞാൻ ആകെ തകർന്നുപോയി. എന്നോട് അനീതി ചെയ്തതായി കോച്ചിന് അറിയാമായിരുന്നു. ജക്കാർത്തയിൽ നിന്ന് മടങ്ങുമ്പോൾ അദ്ദേഹം സിംഗപ്പൂരിൽ എനിക്ക് ഒരു റിസ്റ്റ് വാച്ച് വാങ്ങികൊണ്ട് പറഞ്ഞു: "ജീതെ റാഹോ ബേട്ടാ" (മികച്ചൊരു ജീവിതം നയിക്കൂ, മകനെ). എനിക്ക് മനസ്സിലായി. ശേഷം ഒരു വാക്കുപോലും ഞാൻ പറഞ്ഞില്ല.”

1960ലെ റോം ഒളിമ്പിക് ടീമിനായി ഹൈദരാബാദിൽ നിന്ന് മിഡ്ഫീൽഡറായി സ്വന്തം മകൻ എസ്.എസ് ഹക്കീമിനെയും സ്‌ട്രൈക്കറായി ഹബീബുൽ ഹസൻ ഹമീദിനെയും തെരഞ്ഞെടുത്തപ്പോൾ റഹീമിന് നിശിതമായി വിമർശനങ്ങൾ നേരിടേണ്ടിവന്നു. ഈ കാര്യം അമ്പരപ്പു സൃഷ്ടിച്ചെങ്കിലും, ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ ഇരുവരും മികച്ച രീതിയിൽ കളിച്ചുവെന്ന് ചിലർ ചൂണ്ടിക്കാട്ടി.

അവസാനമായി, ഇതെല്ലാം പഴയകാല കാര്യങ്ങളായി മാറിയ ദിവസം വന്നു. 1963 ജൂൺ 11 നാണ് അന്ത്യം സംഭവിച്ചത്. ആധുനിക ഇന്ത്യൻ ഫുട്ബോളിന്റെ വാസ്തുശിൽപിയും ഉപദേശകനും തത്ത്വചിന്തകനും ഹൈദരാബാദിലെ ദാറുൽഷിഫയിലെ വീട്ടിൽ വച്ച് അന്ത്യശ്വാസം വലിച്ചു. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ സംസ്കരിച്ചു.

സ്വകാര്യമായി ഒരു ഉറുദു കവിയുമായ റഹീം മൈതാനത്ത് ചലിക്കുന്ന കവിതയാകാം ഫുട്ബോൾ എന്ന് എല്ലായ്‌പ്പോഴും ചിന്തിക്കുകയും സ്വപ്നം കാണുകയും ചെയ്തു. “ഇതൊരു ലളിതമായ കളിയാണ്" എന്നദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു. “പന്ത് എടുത്ത് തിരികെ നൽകുക, അത്രമാത്രം. എന്നാൽ പന്ത് കൂടാതെ എങ്ങനെ കളിക്കണമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം".

1960ൽ ഇന്ത്യൻ ടീം റോം ഒളിമ്പിക്സിന് മുമ്പ് കൊൽക്കത്ത മൈതാനത്തിലെ സിറ്റി ഗ്രൗണ്ടിൽ പരിശീലനം നടത്തുകയായിരുന്നു. ഒരു ദിവസം, സെഷന്റെ അവസാനം, ചീഫ് കോച്ച് റഹീം താൻ ഏറ്റവും വിവാദപരമായി തെരഞ്ഞെടുത്ത ഹക്കീമിനെയും ഹമീദിനെയും വിളിപ്പിച്ചു. അദ്ദേഹം അവർക്ക് രണ്ട് വ്യത്യസ്ത ഷീറ്റുകൾ നൽകി. ഭംഗിയായി മടക്കി പിന്നീട് അവരോട് വായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പരന്ന പാദമുള്ള ഹക്കീം ക്യാമ്പിലേക്ക് മടങ്ങി പേപ്പർ തുറന്നു. അതിൽ ഇങ്ങനെ പറഞ്ഞിരുന്നു: “ഹോഗി റഫ്താർ ദുഗ്ന സൂഫി/ടോസ് പർ ദൗർന അഗർ സീഖാ" (നിങ്ങളുടെ കാൽവിരലുകളിൽ എങ്ങനെ ഓടാമെന്ന് മനസ്സിലാക്കിയാൽ നിങ്ങൾക്ക് ഇരട്ടി വേഗത്തിൽ ഓടാൻ കഴിയും)”

പന്തില്ലാത്ത നേരത്തെ പ്രകടനങ്ങളുടെ അഭാവത്തിൽ പലപ്പോഴും വിമർശിക്കപ്പെട്ടിരുന്ന ഹമീദിന് ലഭിച്ചത് വ്യത്യസ്തമായ ഒരു ഈരടിയാണ്: "ഗെയ്ൻദ് സെ ഖെൽന നഹി മുഷ്കിൽ/ഗെയ്ൻദ് ബിൻ ഖെൽക്കർ ജാര ഡെഖോ" (പന്തു കൊണ്ട് കളിക്കാൻ പ്രയാസമില്ല, പക്ഷേ പന്ത് കൂടാതെ കളിക്കാൻ ശ്രമിക്കുക).

വിവര്‍ത്തനം: സിബ്ഗത്തുല്ല സാക്കിബ്