LiveTV

Live

Sports

'കുഞ്ഞിനെ ഭീഷണിപ്പെടുത്തുന്നോ?' ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിക്കെതിരെ ഇര്‍ഫാന്‍ പഠാന്‍

ധോണിയുടെ കുഞ്ഞിനെ പോലും വെറുതെ വിടാതെ എല്ലാ അതിരും ലംഘിച്ചുകൊണ്ടുള്ള സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

'കുഞ്ഞിനെ ഭീഷണിപ്പെടുത്തുന്നോ?' ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിക്കെതിരെ ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ മോശം പ്രകടനത്തിന്റെ പേരിൽ ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആരാധകരുടെ രോഷം. കുടുംബത്തെ പോലും വെറുതെ വിടാതെ എല്ലാ അതിരും ലംഘിച്ചുകൊണ്ടുള്ള സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് വരെയുണ്ട് ഭീഷണി

അതിരുവിട്ട ഈ സൈബര്‍ ആക്രമണത്തെ മുൻ ഇന്ത്യൻ താരം കൂടിയായ ഇർഫാൻ പഠാൻ രൂക്ഷമായി വിമര്‍ശിച്ചു-

‘എല്ലാ കളിക്കാരും അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാനാണ് നോക്കുന്നത്. ചില ദിവസങ്ങളിൽ അത് നടന്നില്ലെന്ന് വരാം. അതിന്റെ പേരിൽ ഒരു കൊച്ചു കുഞ്ഞിനെ ഭീഷണിപ്പെടുത്താൻ ആർക്കും അധികാരമില്ല’- എന്നാണ് പഠാന്‍ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പർ കിങ്സ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് പിന്നാലെയാണ് ധോണിയുടെ കുഞ്ഞിനെ പോലും വെറുതെ വിടാതെ സൈബര്‍ ഭീഷണി രൂക്ഷമായത്. കളി തോല്‍ക്കുമ്പോള്‍ പൊതുവെ വിമര്‍ശനങ്ങളും ട്രോളുകളും ഉണ്ടാവാറുണ്ട്. പക്ഷേ ധോണിയുടെയും ഭാര്യ സാക്ഷിയുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ ഉള്‍പ്പെടെ കുഞ്ഞിനെ ഉപദ്രവിക്കുമെന്ന കമന്‍റുകളുണ്ടായി. ഇങ്ങനെയൊക്കെ കമന്‍റ് ചെയ്യുന്നത് ക്രൂരമാണെന്ന പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ആറ് മത്സരങ്ങളില്‍ നിന്നായി രണ്ട് ജയവും നാല് തോല്‍വികളുമായി പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ചെന്നൈ. കൊല്‍ക്കത്തക്കെതിരായ ഒടുവിലത്തെ മത്സരം ജയിക്കാമായിരുന്നിട്ടും ധോണിയുടെ മെല്ലെപ്പോക്ക് ചെന്നൈയെ തോല്‍പിച്ചെന്നാണ് ആരാധകരുടെ പരാതി.