LiveTV

Live

Sports

ഒഴിവാക്കിയ മാസ്കോട്ടിന്റെ ശമ്പളം നല്‍കാം എന്ന് ആഴ്സനലിനോട് ഓസിൽ; നന്ദി പറഞ്ഞ് ആരാധകര്‍

1993 മുതൽ ആഴ്സനലിന്റെ ഹോം മത്സരങ്ങളിൽ ആരാധകർക്ക് ആവേശമായി ഗണ്ണേഴ്സോറസ് എന്ന മാസ്കോട്ട് സ്റ്റേഡിയത്തിലുണ്ടായിരുന്നു

ഒഴിവാക്കിയ മാസ്കോട്ടിന്റെ ശമ്പളം  നല്‍കാം എന്ന് ആഴ്സനലിനോട് ഓസിൽ; നന്ദി പറഞ്ഞ് ആരാധകര്‍

ചിലവ് ചുരുക്കലിന്റെ ഭാഗമായി ആഴ്സനൽ ഒഴിവാക്കിയ ഔദ്യോഗിക മാസ്കോട്ടിന്റെ ശമ്പളം നല്‍കാമെന്ന് സൂപ്പര്‍ താരം മെസ്യൂട്ട് ഓസില്‍. മാസ്കോട്ടിനെ ഒഴിവാക്കരുതെന്നും, അതിനുള്ള ചിലവ് മുഴുവൻ താൻ വഹിക്കാമെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് താരം.

ട്വിറ്ററിലൂടെയായിരുന്നു ഓസിലിന്റെ പ്രഖ്യാപനം. "ഞങ്ങളുടെ പ്രശസ്തവും_ വിശ്വസ്തവുമായ ജെറി ക്വയ് എന്ന ഗണ്ണേഴ്സോറസ് മാസ്കോട്ട് 27 വർഷങ്ങൾക്ക് ശേഷം അനാവശ്യമായി മാറുന്നതിൽ ഞാൻ വളരെയധികം ദുഖിതനായിരുന്നു. ഒരു ആഴ്സനൽ താരമായിരിക്കുന്ന കാലത്തോളം ഞങ്ങളുടെ വലിയ പച്ചക്കാരന്റെ മുഴുവൻ പ്രതിഫലവും നൽകാമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു."

1993 മുതൽ ആഴ്സനലിന്റെ ഹോം മത്സരങ്ങളിൽ ആരാധകർക്ക് ആവേശമായി ഗണ്ണേഴ്സോറസ് എന്ന മാസ്കോട്ട് സ്റ്റേഡിയത്തിലുണ്ടായിരുന്നു. ജെറി ക്വയ് എന്നയാളായിരുന്നു ആഴ്സനലിന്റെ മാസ്കോട്ടായ പച്ച നിറത്തിലുള്ള ദിനോസറായി വേഷമണിഞ്ഞിരുന്നത്. പ്രിയ ഗണ്ണേഴ്സോറസിന്റെ സേവനം താൽക്കാലികമായിട്ടാണെങ്കിലും ആഴ്സനൽ ഒഴിവാക്കാൻ തീരുമാനിച്ചത് ക്ലബ് ആരാധകർക്കിടയിൽ വലിയ പ്രതിഷേധങ്ങളുയർത്തിയിരുന്നു.

ഇത്തരമൊരു വാഗ്ദാനം മുന്നോട്ട് വെച്ച താരത്തിന് നന്ദി പറയുകയാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകര്‍. എന്നാൽ ആഴ്സനൽ ഓസിലിന്റെ വാഗ്ദാനത്തോട് ഇതേ വരെ പ്രതികരിച്ചിട്ടില്ല.