LiveTV

Live

Sports

പരീക്ഷയിൽ തട്ടിപ്പ്; സുവാരസിനെതിരെ അന്വേഷണം

സീരി എയിലേക്ക് കൂടുമാറുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ പൗരത്വം നേടാൻ അപേക്ഷിച്ച സുവാരസ് അതിന്റെ നടപടിക്രമത്തിന്റെ ഭാഗമായാണ് ഭാഷാപരീക്ഷക്ക് വിധേയനായത്.

പരീക്ഷയിൽ തട്ടിപ്പ്; സുവാരസിനെതിരെ അന്വേഷണം

ഇറ്റാലിയൻ ഭാഷാ പരീക്ഷയിൽ കോപ്പിയടിച്ചെന്ന സംശയത്തിൽ ഫുട്‌ബോൾ താരം ലൂയിസ് സുവാരസിനെതിരെ പൊലീസ് അന്വേഷണം. ബാഴ്‌സലോണ വിടുമെന്നുറപ്പായ ഉറുഗ്വേ താരം ഇറ്റാലിയൻ ക്ലബ്ബായ യുവന്റസുമായി ധാരണയിലെത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സീരി എയിലേക്ക് കൂടുമാറുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ പൗരത്വം നേടാൻ അപേക്ഷിച്ച സുവാരസ് അതിന്റെ നടപടിക്രമത്തിന്റെ ഭാഗമായാണ് ഭാഷാപരീക്ഷക്ക് വിധേയനായത്. രണ്ട് മണിക്കൂർ കൊണ്ട് ഉത്തരമെഴുതേണ്ട പരീക്ഷ അര മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി സ്ഥലംവിട്ടതോടെയാണ് താരം സംശയത്തിന്റെ നിഴലിലായത്.

പരീക്ഷാ പേപ്പർ സുവാരസിന് നേരത്തെ തന്നെ ലഭിച്ചതായും ലഭിക്കുന്ന മാർക്ക് എത്രയായിരിക്കുമെന്ന് താരത്തിന് മുൻകൂർ അറിവുണ്ടായിരുന്നുവെന്നുമാണ് താരം പരീക്ഷക്കിരുന്ന പെറുഗിയയിലെ അധികൃതർ സംശയിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. താരത്തിന് പരീക്ഷയ്ക്കുള്ള സന്നാഹങ്ങൾ ചെയ്തു നൽകിയെന്ന് യുവന്റസ് ക്ലബ്ബാണെന്നും, ക്രമക്കേട് നടത്തിയതായി തെളിഞ്ഞാൽ സുവാരസും ക്ലബ്ബും നിയമക്കുരുക്കിലാവുമെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

ഭാര്യ സോഫിയ ബാൽബിക്കൊപ്പം സുവാരസ്
ഭാര്യ സോഫിയ ബാൽബിക്കൊപ്പം സുവാരസ്

സുവാരസിന്റെ ഭാര്യ സോഫിയ ബാൽബിക്ക് ഇറ്റാലിയൻ പാസ്‌പോർട്ടുണ്ട്. ഇറ്റാലിയന്‍ പൗരത്വമുള്ളവരുടെ വൈവാഹിക പങ്കാളിക്ക് ഇറ്റാലിയന്‍ പാസ്പോർട്ട് ലഭിക്കാന്‍ എളുപ്പമായതിനാലാണ് സുവാരസ് അപേക്ഷ നൽകിയതും പരീക്ഷയെഴുതിയതും. യുവന്റസിലേക്കു കൂടുമാറാനും അവിടെനിന്ന് വിരമിച്ച ശേഷം ഇറ്റലിയില്‍ തന്നെ തുടരാനുമായിരുന്നു താരത്തിന്റെ പദ്ധതി എന്നാണറിയുന്നത്.

പെറുഗിയ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ സെപ്തംബർ 17-നാണ് സുവാരസ് പരീക്ഷയെഴുതിയത്. 'ബി വൺ' വിഭാഗത്തിലുള്ള പരീക്ഷ പ്രതീക്ഷിച്ചതിലും വേഗത്തിൽ പൂർത്തിയാക്കി താരം സ്ഥലംവിടുകയായിരുന്നു. ഇതാണ് അധികൃതരുടെ സംശയത്തിന് ഇടയാക്കിയത്. ഇറ്റാലിയനിൽ സംസാരിക്കാൻ കഴിവില്ലാത്ത സുവാരസിന് മുൻകൂർ ചോദ്യം ലഭിക്കാതെ ഇത്രയെളുപ്പം പരീക്ഷ പൂർത്തിയാക്കാൻ കഴിവില്ലെന്നും മാധ്യമപ്രവർത്തകരുമായി ഇറ്റാലിയനിൽ സംസാരിക്കാൻ പോലും താരത്തിനാവില്ലെന്നും പ്രോസിക്യൂട്ടർ ആരോപിക്കുന്നു. എന്നാൽ, ഭാര്യയുടെ സഹായത്തോടെ ഇറ്റാലിയൻ പഠിച്ച സുവാരസിന് ഭാഷാ പരീക്ഷ എളുപ്പമാണെന്നും ക്രമക്കേട് ഉണ്ടായിട്ടില്ലെന്നുമാണ് താരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്.

യുവന്റസിലേക്ക് കൂടുമാറുമെന്ന് കരുതപ്പെട്ടിരുന്ന സുവാരസ് പക്ഷേ, ബാഴ്‌സ വിട്ടാലും സ്‌പെയിനിൽ തന്നെ തുടരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. മുൻ ലീഗ് ചാമ്പ്യന്മാരായ അത്‌ലറ്റികോ മാഡ്രിഡ് താരത്തെ സ്വന്തമാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്.