LiveTV

Live

Sports

ഐപിഎല്ലില്‍ കളിക്കാന്‍ അമേരിക്കയില്‍ നിന്നും പേസ്​ ബൗളർ അലി ഖാൻ

ഐപിഎൽ അധികൃതരുടെ അംഗീകാരം ലഭിച്ചാൽ ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിൽ അലി ഖാനെ കാണാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐപിഎല്ലില്‍ കളിക്കാന്‍ അമേരിക്കയില്‍ നിന്നും പേസ്​ ബൗളർ അലി ഖാൻ

ഐ.പി.എല്ലില്‍ കളിക്കുന്ന ആദ്യ അമേരിക്കന്‍ താരമാകാനൊരുങ്ങി മീഡിയം പേസ്​ ബൗളർ അലി ഖാൻ. ഐപിഎൽ അധികൃതരുടെ അംഗീകാരം ലഭിച്ചാൽ ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിൽ അലി ഖാനെ കാണാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ ഇംഗ്ലീഷ് പേസര്‍ ഹാരി ഗര്‍നേക്ക് പകരക്കാരനായാണ് അലി ഖാന്റെ വരവ്.

കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ്​റൈഡേഴ്​സിന്റെ താരമാണ്​ അലി. സി.പി.എല്ലിൽ കഴിഞ്ഞ ദിവസം ടി.കെ.ആർ നാലാം കിരീടം സ്വന്തമാക്കിയിരുന്നു. ബോളിവുഡ് താരം ഷാറൂഖ് ഖാനും ഉടമസ്ഥാവകാശമുള്ളതാണ് ടി.കെ.ആര്‍. 7.43 ഇക്കോണമി റേറ്റിൽ എട്ടു വിക്കറ്റ്​ വീഴ്​ത്തിയ അലി ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായാണ്​ ടൂർണമെന്റ് അവസാനിപ്പിച്ചത്​.

അലി ഖാൻ
അലി ഖാൻ

കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോയുടെ താരമായിരുന്ന വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ ഒരു ചിത്രത്തിൽ അലി ഖാനും ഉൾപ്പെട്ടതോടെയാണ് താരം ഐപിഎല്ലിൽ കളിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. 2018ലെ ഗ്ലോബല്‍ ടി20 കാനഡ ലീഗിലൂടെയാണ് അലി ഖാന്‍ ശ്രദ്ധ നേടുന്നത്. കാനഡ ലീഗില്‍ നിന്ന് അലി ഖാനെ വിന്‍ഡിസ് താരം ബ്രാവോ തന്നെയാണ് സിപിഎല്ലിലേക്ക് എത്തിച്ചത്.

ഒയിൻ മോർഗൻ, ടോം ബാന്റൻ, ആന്ദ്രെ റസ്സൽ, സുനിൽ നരൈൻ, ക്രിസ് ഗ്രീൻ, പാറ്റ് കമിൻസ്, ലോക്കി ഫെർഗൂസൻ എന്നിവരാണ് നിലവിൽ കൊൽക്കത്ത നിരയിലെ വിദേശ താരങ്ങൾ.