LiveTV

Live

Sports

എന്തുകൊണ്ട് ബാഴ്‌സ വിടുന്നില്ല?; മെസിക്ക് പറയാനുള്ളത് ഇതാണ്

റൂബന്‍ ഉറിയ ഗോണ്‍സാലസുമായുള്ള ലയണല്‍ മെസിയുടെ അഭിമുഖത്തിന്റെ പൂര്‍ണരൂപം

എന്തുകൊണ്ട് ബാഴ്‌സ വിടുന്നില്ല?; മെസിക്ക് പറയാനുള്ളത് ഇതാണ്

ദിവസങ്ങൾ നീണ്ട ട്രാൻസ്ഫർ അനിശ്ചിതത്വങ്ങൾക്കു ശേഷം, ബാഴ്‌സലോണയിൽ തുടരാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലം വിവരിച്ച് സൂപ്പർതാരം ലയണൽ മെസി. ഗോൾ ഡോട്ട്‌കോമിലെ മാധ്യമപ്രവർത്തകൻ റൂബൻ ഉറിയയുമായുള്ള വിശദമായ അഭിമുഖത്തിലാണ് ക്ലബ്ബ് വിടാൻ താൽപര്യം പ്രകടിപ്പിച്ചതിന്റെയും പിന്നീട് ബാഴ്‌സയിൽ തന്നെ തുടരാൻ തന്നെ തീരുമാനിച്ചതിന്റെയും വിശദാംശങ്ങൾ അർജന്റീന സൂപ്പർ താരം വ്യക്തമാക്കിയത്.

മെസിയും റൂബന്‍ ഉറിയയും
മെസിയും റൂബന്‍ ഉറിയയും

അഭിമുഖത്തിന്റെ പൂർണരൂപം:

ചോദ്യം: എന്തുകൊണ്ടാണ് നിശ്ശബ്ദത ഭേദിച്ച് സംസാരിക്കാൻ താങ്കള്‍ ഇത്രയും സമയമെടുത്തത്?

മെസി: ആദ്യമായി, ലിസ്ബണിലെ പരാജയത്തിനുശേഷം എല്ലാം വളരെ ദുർഘടമായിരുന്നു. ബയേൺ കരുത്തരായ എതിരാളികളാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നെങ്കിലും, കാര്യങ്ങൾ അങ്ങനെ കലാശിക്കുമെന്ന് കരുതിയിരുന്നില്ല. ആ വലിയ തോൽവി ബാഴ്‌സലോണ ക്ലബ്ബിനും നഗരത്തിനുതന്നെയും ചീത്തപ്പേരുണ്ടാക്കി.

ഞങ്ങളാണ് അതിന് കാരണക്കാരായത്. ആ സമയം കടന്നുപോയതിനുശേഷം, എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാം എന്നാണ് ഞാൻ കരുതിയത്.

താങ്കൾ ക്ലബ്ബ് വിടുകയാണെന്ന് ബാഴ്‌സയോട് പറഞ്ഞതിന്റെ കാരണം?

ക്ലബ്ബ് വിടുകയാണെന്ന കാര്യം ഒരു വർഷത്തോളമായി ഞാൻ ക്ലബ്ബിനോടും പ്രസിഡണ്ടിനോടും പറയുന്നുണ്ടായിരുന്നു. യുവകളിക്കാരും പുതിയ ആശയങ്ങളുമാണ് ക്ലബ്ബിന് ഇനി ആവശ്യമെന്ന് ഞാൻ മനസ്സിലാക്കി. ബാഴ്‌സലോണയിൽ എന്റെ സമയം കഴിഞ്ഞുവെന്നും ഞാൻ കരുതി. മുമ്പ് പലപ്പോഴും, ബാഴ്‌സയിൽ തന്നെ കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞിരുന്നതിനാൽ, അങ്ങനെയൊരു തീരുമാനമെടുക്കുന്നതിൽ എനിക്ക് ഖേദമുണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഇതൊരു ബുദ്ധിമുട്ടേറിയ വർഷമായിരുന്നു. ട്രെയിനിംഗിലും കളികളിലും ഡ്രസ്സിംഗ് റൂമിലും ഞാൻ ഏറെ ബുദ്ധിമുട്ടി. പുതിയ ലക്ഷ്യങ്ങളിലേക്ക് നോക്കുന്ന കാര്യം പരിഗണിക്കാം എന്ന സാഹചര്യം വന്നു.

സീസൺ അവസാനിച്ചതിനുശേഷം താങ്കളുടെ ഇഷ്ടംപോലെ ചെയ്യാം എന്ന് ബർതമ്യു എന്നോട് പറഞ്ഞു. പക്ഷേ, അദ്ദേഹം വാക്കുപാലിച്ചില്ല.

ഈ തീരുമാനത്തിനു പിന്നിൽ ചാമ്പ്യൻസ് ലീഗിൽ ബയേണിനോടേറ്റ പരാജയമായിരുന്നില്ല. കുറേ കാലമായി ഇതേപ്പറ്റി ഞാൻ ചിന്തിക്കുന്നുണ്ടായിരുന്നു. പ്രസിഡണ്ടിനോട് ഇക്കാര്യം പറഞ്ഞപ്പോൾ, സീസൺ അവസാനത്തിൽ തീരുമാനമെടുക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. സീസൺ അവസാനിച്ചതിനുശേഷം താങ്കളുടെ ഇഷ്ടംപോലെ ചെയ്യാം എന്ന് ബർതമ്യു എന്നോട് പറഞ്ഞു. പക്ഷേ, അദ്ദേഹം വാക്കുപാലിച്ചില്ല.

മെസ്സി, ബര്‍തമ്യൂ
മെസ്സി, ബര്‍തമ്യൂ

താങ്കൾക്ക് ഒറ്റപ്പെട്ട പോലെ തോന്നിയോ?

ഇല്ല, ഞാൻ ഒറ്റപ്പെട്ടിട്ടില്ല. എന്റെ പക്ഷം നിൽക്കുന്ന പലരും ഉണ്ടായിരുന്നു. എനിക്ക് അത് മതിയായിരുന്നു. അതാണ് എനിക്ക് കരുത്തുപകർന്നത്.

എന്നാൽ ആളുകളിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും കേട്ട കാര്യങ്ങൾ എനിക്ക് വേദനയുണ്ടാക്കി. ബാഴ്‌സലോണയുമായുള്ള എന്റെ പ്രതിബദ്ധത ചോദ്യം ചെയ്യുകയായിരുന്നു അവർ. ഞാൻ അർഹിക്കുന്നതായിരുന്നില്ല അത്. പല ആളുകളെയും ശരിയായി മനസ്സിലാക്കാൻ അതെന്നെ സഹായിച്ചു.

ഫുട്‌ബോളിന്റെ ലോകം ബുദ്ധിമുട്ടേറിയതാണ്. അവിടെ നിരവധി വ്യാജന്മാരുണ്ട്. ഈ സംഭവങ്ങൾ പല വ്യാജന്മാരെയും തിരിച്ചറിയാൻ എന്നെ സഹായിച്ചു. ക്ലബ്ബിനോടുള്ള എന്റെ സ്‌നേഹം ചോദ്യം ചെയ്യപ്പെട്ടപ്പോൾ അതെന്നെ വേദനിപ്പിച്ചു. ഞാൻ നിൽക്കുകയാണെങ്കിലും പോവുകയാണെങ്കിലും ബാഴ്‌സയോടുള്ള എന്റെ സ്‌നേഹം മാറുകയില്ല.

എല്ലാ കാര്യങ്ങളിലുമുള്ള ചര്‍ച്ചകളുണ്ടായി. പണം, താങ്കളുടെ സുഹൃത്തുക്കൾ അങ്ങനെയെല്ലാം... ബാഴ്‌സ കുപ്പായമണിഞ്ഞ 20 വർഷങ്ങൾക്കുശേഷം താങ്കളെ ഏറ്റവും വേദനിപ്പിച്ചത് എന്താണ്?

എന്റെ സുഹൃത്തുക്കൾ, പണം അങ്ങനെ ഏതാണ്ടെല്ലാകാര്യങ്ങളെ പറ്റിയും പറയപ്പെട്ടത് എന്നെ വിഷമിപ്പിച്ചു. മറ്റെന്തിനേക്കാളും ക്ലബ്ബിനാണ് ഞാൻ പരിഗണന കൊടുത്തിരുന്നത്. മുമ്പ് പലപ്പോഴും ബാഴ്‌സ വിടാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും ഞാനത് ചെയ്തിരുന്നില്ല.

മെസ്സി, സുവാരസ്
മെസ്സി, സുവാരസ്

പണമാണെങ്കിൽ, എല്ലാ വർഷവും ക്ലബ്ബ് വിട്ട് കൂടുതൽ പണം നേടാനുള്ള അവസരം എനിക്കുണ്ടായിരുന്നു. എന്നാൽ, ഇതാണ് എന്റെ വീടെന്നും അങ്ങനെയാണ് എനിക്ക് തോന്നുന്നതെന്നുമാണ് ഞാൻ എപ്പോഴും പറഞ്ഞത്. ഇവടത്തേക്കാൾ നല്ലത് എവിടെയാണെന്ന് തീരുമാനിക്കുക ബുദ്ധിമുട്ടായിരുന്നു. ഞാൻ സ്വയം മാറണമെന്നും പുതിയ ലക്ഷ്യങ്ങളും കാര്യങ്ങളും ഉണ്ടാവണമെന്നും എനിക്ക് തോന്നി.

പണമാണെങ്കിൽ, എല്ലാ വർഷവും ക്ലബ്ബ് വിട്ട് കൂടുതൽ പണം നേടാനുള്ള അവസരം എനിക്കുണ്ടായിരുന്നു.

എന്തുപറഞ്ഞാലും 20 വർഷങ്ങൾ നീണ്ട ഒരു ജീവിത പരിസരത്തെ ഉപേക്ഷിക്കുക എന്നത് എളുപ്പമല്ലല്ലോ. രണ്ട് പതിറ്റാണ്ട് നീണ്ട ജീവിതം, ബാഴ്‌സലോണയിൽ പരിചയിച്ച കുടുംബം, ഒരു നഗരം... ഒരു തീരുമാനമെടുക്കുമ്പോൾ അവയ്‌ക്കെല്ലാം പ്രാധാന്യമുണ്ടാകുമല്ലോ. ബാഴ്‌സലോണയിൽ തുടരാനുള്ള തീരുമാനം അവസാനം താങ്കളെടുത്തതിനു പിന്നിൽ അവയ്ക്കും പങ്കില്ലേ?

തീർച്ചയായും. തീരുമാനമെടുക്കുക ദുഷ്‌കരമായിരുന്നു. അത് ബയേൺ റിസൾട്ടിനെ തുടർന്നുണ്ടായതല്ല. പലകാര്യങ്ങൾ അതിനു പിന്നിൽ ഉണ്ടായിരുന്നു.

ഇവിടെ തന്നെ താമസിക്കുകയും ഇവിടെ കരിയർ അവസാനിപ്പിക്കുകയും ചെയ്യുമെന്ന് ഞാനെപ്പോഴും പറയാറുണ്ട്. ക്ലബ്ബിനൊപ്പം കിരീടങ്ങൾ നേടുന്ന, ബാഴ്‌സലോണയുടെ ഇതിഹാസം വികസിപ്പിക്കുന്ന ഒരു വിന്നിംഗ് പ്രൊജക്ട് ആണ് എനിക്കു വേണ്ടത്.

ബയേണുമായുള്ള മത്സരത്തിനിടെ
ബയേണുമായുള്ള മത്സരത്തിനിടെ

എന്നാൽ, അത്തരമൊരു പ്രൊജക്ട് ഏറെക്കാലമായി ഇവിടെയില്ല എന്നതാണ് വാസ്തവും. കൺകെട്ടുവിദ്യ കാണിച്ച് കുഴികൾ അടയ്ക്കുകയാണ് അവർ ചെയ്തത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, എന്റെ കുടുംബത്തിന്റെയും ക്ലബ്ബിന്റെയും ക്ഷേമത്തിനാണ് ഞാൻ പ്രാധാന്യം നൽകിയിരുന്നത്.

കിരീടങ്ങള്‍ നേടാന്‍ ആവശ്യമായ ഒരു പ്രൊജക്ട് ദീര്‍ഘകാലമായി ബാഴ്സലോണയില്‍ ഇല്ല.

താങ്കൾ ബാഴ്‌സലോണ വിടുകയാണെന്ന് പറഞ്ഞപ്പോൾ കുടുംബം എങ്ങനെയാണ് പ്രതികരിച്ചത്?

ക്ലബ്ബ് വിടാനുള്ള തീരുമാനം ഭാര്യയോടും കുട്ടികളോടും പറഞ്ഞപ്പോൾ, അതൊരു ക്രൂരമായ നാടകമായിരുന്നു. കുടുംബം മൊത്തം കരയാൻ തുടങ്ങി. കുട്ടികൾ ബാഴ്‌സലോണ വിടാൻ ആഗ്രഹിക്കുന്നില്ല. സ്‌കൂൾ വിടാനും അവർക്ക് താൽപര്യമില്ല. എന്നിട്ടും ഞാൻ പുറത്തേക്കു പോകാൻ നോക്കിയത് ഉന്നത നിലവാരത്തിൽ കളിക്കാനും കിരീടങ്ങൾ നേടാനും ചാമ്പ്യൻസ് ലീഗിൽ മത്സരമുയർത്താനുമാണ്. വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. പക്ഷേ, മത്സരമുയർത്തുക എന്നതാണല്ലോ പ്രധാനം.

മത്സരിക്കുകയെങ്കിലും ചെയ്യുക. റോമിലും ലിവർപൂളിലും ലിസ്ബണിലും തകർന്നടിയരുതായിരുന്നു. ഇതെല്ലാമാണ് തീരുമാനമെടുക്കാനും മുന്നോട്ടു പോകാനും എന്നെ പ്രേരിപ്പിച്ചത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, പോകണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ എനിക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് ഞാൻ കരുതിയത്. സീസണൊടുവിൽ നിൽക്കണോ പോകണോ എന്ന കാര്യത്തിൽ താങ്കൾക്ക് തീരുമാനമെടുക്കാം എന്ന് പ്രസിഡണ്ട് എന്നോട് പറയുകയും ചെയ്തു.

പക്ഷേ, ഇപ്പോൾ ജൂൺ 10 നു മുമ്പ് ഞാൻ പറഞ്ഞില്ല എന്നകാര്യത്തിൽ അവർ പിടിച്ചുതൂങ്ങുന്നു. ജൂൺ 10-ന് നമ്മൾ ലാലിഗയിൽ കളിക്കുകയാണ്. കൊറോണ വൈറസ് കാരണം സീസൺ മൊത്തത്തിൽ വ്യത്യാസപ്പെട്ടിരുന്നുവല്ലോ.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം
ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം
എന്റെ മക്കള്‍ ബാഴ്‌സലോണ വിടാൻ ആഗ്രഹിക്കുന്നില്ല. സ്‌കൂൾ വിടാനും അവർക്ക് താൽപര്യമില്ല.

അക്കാരണം കൊണ്ടാണ് ഞാൻ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചിരിക്കുന്നത്. വിട്ടുപോകണമെങ്കിൽ 700 ദശലക്ഷം യൂറോ നൽകണമെന്ന് പ്രസിഡണ്ട് ഉറപ്പിച്ചു പറയുന്നതുകൊണ്ടാണ് ഞാനിവിടെ നിൽക്കുന്നത്. നിയമത്തിന്റെ വഴിക്കു നീങ്ങുക എന്നതാണ് പിന്നെയുള്ളത്. അത്യധികം സ്‌നേഹിക്കുന്ന ബാഴ്‌സ എന്ന ക്ലബ്ബിനെതിരെ ഞാൻ കോടതിയിൽ പോവില്ല. ഞാനിവിടെ വന്നതിനുശേഷം എല്ലാം നൽകിയത് ക്ലബ്ബാണ്. ഞാൻ ജീവിതം ഉണ്ടാക്കിയ ക്ലബ്ബാണിത്. ബാഴ്‌സ എനിക്ക് എല്ലാം നൽകി. ഞാൻ തിരിച്ചും എല്ലാം നൽകി. ബാഴ്‌സയെ കോടതി കയറ്റുക എന്ന കാര്യം ഒരിക്കൽപോലും എന്റെ മനസ്സിലുണ്ടായിട്ടില്ല.

നിങ്ങൾ ബാഴ്‌സയെ മുറിപ്പെടുത്തി എന്ന് ജനങ്ങൾ കരുതുന്നതാണോ താങ്കളെ കൂടുതലായും വേദനിപ്പിക്കുന്നത്? എഫ്.സി ബാഴ്‌സലോണയുടെ പതാക തന്നെ വർഷങ്ങളായി താങ്കളായിരുന്നു. താങ്കളുടെ പ്രതിബദ്ധതയെ അവർ ചോദ്യം ചെയ്തത് വേദനിപ്പിച്ചില്ലേ?

എനിക്കെതിരെ പ്രസിദ്ധീകരിക്കപ്പെട്ട കാര്യങ്ങൾ, പ്രധാനമായും സത്യമല്ലാത്ത കാര്യങ്ങൾ, എന്നെ വേദനിപ്പിച്ചിട്ടുണ്ട്. എന്റെ കാര്യലാഭത്തിനായി ഞാൻ ബാഴ്‌സക്കെതിരെ കോടതിയിൽ പോകുമെന്നുവരെ അവർ ചിന്തിച്ചു. ഞാനൊരിക്കലും അങ്ങനെ ചെയ്യില്ല. ആവർത്തിച്ചു പറയുന്നു, ഞാൻ പുറത്തുപോകാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് പൂർണമായും എന്റെ അവകാശമായിരുന്നു. കാരണം എന്റെ കരാറിൽ അക്കാര്യം പറയുന്നുണ്ട്. പോവുക എന്നത് എനിക്ക് നഷ്ടമുണ്ടാക്കുകയും ചെയ്യുമായിരുന്നു.

ഫുട്‌ബോൾ ജീവിതത്തിൽ അവശേഷിക്കുന്ന വർഷങ്ങൾ സന്തോഷത്തോടെ ചെലവിടുന്നതിനു വേണ്ടിയാണ് ഞാൻ പോകാൻ ആഗ്രഹിച്ചത്. പക്ഷേ, അവസാനം ക്ലബ്ബിനുള്ളിൽ തന്നെ എനിക്ക് സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ല.

പരിശീലനത്തിനിടെ
പരിശീലനത്തിനിടെ

സന്തോഷമായിരിക്കുക എന്നതാണല്ലോ പ്രധാനപ്പെട്ട കാര്യം. താങ്കൾ ജന്മനാ ജേതാവാണ്. കിരീടങ്ങൾക്കായി പോരാടുന്ന ടീമിലാണ് താങ്കളുള്ളത്. പക്ഷേ, സമീപകാലത്ത് ബാഴ്‌സ യൂറോപ്പിൽ വലിയ തോതിൽ മത്സരിച്ചിട്ടില്ല. താങ്കളായിരിക്കും തുടർന്നും ബാഴ്‌സയെ നയിക്കുക. ബാഴ്‌സയിൽ പലതും മാറാനുണ്ട്. സ്‌പോർട്ടിംഗ് ലെവിൽ ചില മാറ്റങ്ങൾ അനിവാര്യമാണ്. അല്ലേ?

ഞാൻ ബാഴ്‌സയിൽ തുടരുന്നിടത്തോളം എന്റെ മനോഭാവം മാറുകയില്ല. ക്ലബ്ബ് വിടാൻ ഞാൻ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്ന കാര്യത്തിലും മാറ്റമുണ്ടാവില്ല. എന്നെക്കൊണ്ടാവുന്നതെല്ലാം ഞാൻ ചെയ്യും.

എപ്പോഴും ജയിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. തോൽക്കാൻ ഇഷ്ടമില്ലാത്തൊരാളാണ് ഞാൻ. ക്ലബ്ബിനും ഡ്രസ്സിംഗ് റൂമിനും എനിക്കുതന്നെയും നല്ല കാര്യങ്ങൾ മാത്രമാണ് ഞാനാഗ്രഹിച്ചത്.

ചാമ്പ്യൻസ് ലീഗ് ജയിക്കാനാവശ്യമായ പിന്തുണ ഞങ്ങൾക്ക് ലഭിച്ചില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല. ഒരു പുതിയ കോച്ചും പുതിയ ആശയങ്ങളുമുണ്ടെന്നത് നല്ല കാര്യമാണ്. പക്ഷേ, ടീം എങ്ങനെ പ്രതികരിക്കുമെന്നും മത്സരമുയർത്താൻ ഇതെല്ലാം ഞങ്ങളെ സഹായിക്കുമോ എന്നതും കണ്ടറിയേണ്ടതാണ്. എനിക്ക് ആകെ പറയാൻ കഴിയുന്നത് ഞാനിവിടെ തുടരുമെന്നും എന്നൊക്കൊണ്ട് കഴിയുന്നതെല്ലാം ബാഴ്‌സക്കു വേണ്ടി നൽകുമെന്നും മാത്രമാണ്.

ചാമ്പ്യൻസ് ലീഗ് ജയിക്കാനാവശ്യമായ പിന്തുണ ഞങ്ങൾക്ക് ലഭിച്ചില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല. ഒരു പുതിയ കോച്ചും പുതിയ ആശയങ്ങളുമുണ്ടെന്നത് നല്ല കാര്യമാണ്.
ആരാധകര്‍ക്കൊപ്പം
ആരാധകര്‍ക്കൊപ്പം

താങ്കൾ ബാഴ്‌സലോണയെ പരിഗണിക്കാതെയാണ് ക്ലബ്ബ് വിടാൻ തീരുമാനിച്ചതെന്ന് ആളുകൾ പറഞ്ഞപ്പോൾ എന്തു തോന്നി? എന്തായിരുന്നു താങ്കളുടെ ആദ്യ ചിന്ത?

ബാഴ്‌സയോടുള്ള എന്റെ പ്രതിബദ്ധത ചോദ്യംചെയ്യപ്പെട്ടപ്പോൾ ഏറെ വേദന തോന്നി. ഈ ക്ലബ്ബിനോടുള്ള എന്റെ കടപ്പാട് അത്രയ്ക്കുമുണ്ട്.

ഈ നഗരത്തോട് എനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. ഇത്ര നല്ലൊരിടം എനിക്ക് വേറെ എവിടെയെങ്കിലും ലഭിക്കുമെന്ന് തോന്നുന്നില്ല. എന്നിട്ടും തീരുമാനമെടുക്കാനുള്ള അവകാശം എനിക്കുണ്ട്. പുതിയ ലക്ഷ്യങ്ങൾക്കും വെല്ലുവിളികൾക്കും വേണ്ടി ശ്രമിക്കുക എന്നതായിരുന്നു എന്റെ പദ്ധതി. നാളെ ബാഴ്‌സലോണയിലേക്ക് തിരിച്ചുവരികയുമാവാമായിരുന്നു. കാരണം ബാഴ്‌സലോണയിൽ എനിക്ക് എല്ലാമുണ്ട്.

എന്റെ മകൻ, കുടുംബം... അവർ ഇവിടെയാണ് വളർന്നത്. അവർ ഇവിടത്തുകാരാണ്. എങ്കിലും ഇവിടം വിട്ടുപോവുക എന്നത് തെറ്റൊന്നുമല്ല. എനിക്കത് ആവശ്യമായിരുന്നു. ക്ലബ്ബിനും അത് ആവശ്യമായിരുന്നു. അതായിരുന്നു എല്ലാവർക്കും നല്ല കാര്യം.

കുടുംബം താങ്കളുടെ ജീവിതത്തിൽ വളരെ പ്രധാനമാണല്ലോ. താങ്കളുടെ പിതാവിനും ഭാര്യക്കും മക്കൾക്കുമെല്ലാം മോശം സമയമായിരുന്നു ഇത്. എന്താണ് അവർ താങ്കളോട് ചോദിച്ചത്? എന്താണ് പറഞ്ഞത്? ടി.വിയിൽ വാർത്ത കണ്ട് അവർ എന്തെങ്കിലും ചോദിച്ചോ?

ഈ സമയമത്രയും എല്ലാവർക്കും കഠിനമായിരുന്നു. എന്റെ തീരുമാനത്തെപ്പറ്റി എനിക്ക് വ്യക്തത ഉണ്ടായിരുന്നു. അക്കാര്യം ഞാൻ പറയുകയും ചെയ്തു. എന്റെ ഭാര്യ, ഹൃദയത്തിലെ എല്ലാ വേദനയോടും കൂടി എന്നെ പിന്തുണക്കുകയും കൂടെ നിൽക്കുകയും ചെയ്തു.

മക്കളായ തിയാഗോ, സിറോ, മാറ്റിയോ എന്നിവർക്കൊപ്പം
മക്കളായ തിയാഗോ, സിറോ, മാറ്റിയോ എന്നിവർക്കൊപ്പം

പക്ഷേ, കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി മാറ്റിയോ ആണല്ലോ?

(ചിരി) അതെ. മാറ്റിയോ ചെറുതാണല്ലോ. മറ്റെവിടെയെങ്കിലും പോവുക, അവിടെ ജീവിക്കുക എന്നതൊന്നും തിരിച്ചറിയാൻ മാത്രമുള്ള പ്രായം അവന് ആയിട്ടില്ല. തിയാഗോ മുതിർന്നിട്ടുണ്ട്. ടി.വിയിൽ എന്തോ കണ്ട് അവൻ എന്നോട് ചോദിച്ചു. നിർബന്ധിതനായി സ്ഥലംമാറുന്നതിനെപ്പറ്റിയും സ്‌കൂൾ മാറുന്നതിനെപ്പറ്റിയും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കേണ്ടി വരുന്നതിനെപ്പറ്റിയും അവൻ അറിയരുതെന്ന് എനിക്കുണ്ടായിരുന്നു. അവൻ കരഞ്ഞുകൊണ്ട് എന്നോടു പറഞ്ഞത് 'നമുക്ക് പോകണ്ട' എന്നാണ്. ശരിക്കും കഠിനമായ സാഹചര്യം.

20 വർഷം. അഥവാ ഒരു ജീവിതകാലം. താങ്കളുടെ മക്കളുടെ ഇപ്പോഴത്തെ പ്രായത്തിലാണ് താങ്കൾ ബാഴ്‌സലോണയിലേക്കു വന്നത്. അവസാനം രണ്ട് കാര്യങ്ങളിൽ തീരുമാനമായി. താങ്കൾ ഇവിടെ തുടരും, ടീമിനെ വീണ്ടും നയിക്കും. ബാഴ്‌സ ആരാധകർക്കുള്ള ശുഭസന്ദേശമാണോ അത്?

എല്ലായ്‌പോഴുമെന്ന പോലെ, എന്റെ പരമാവധി ക്ലബ്ബിന് ഞാൻ നൽകും. മോശം സമയത്തുകൂടി കടന്നുപോകുന്ന ആളുകൾക്കു വേണ്ടി എന്നെക്കൊണ്ടാകുന്നത് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

എന്നെ സംബന്ധിച്ചിടത്തോളം ഈ വർഷം മോശമായിരുന്നു. പക്ഷേ, അതിനെ കൊറോണ വൈറസ് ബാധിച്ച മനുഷ്യരുടെ കഷ്ടകാലവുമായി താരതമ്യം ചെയ്യുന്നത് കാപട്യമായിരിക്കും. മാഹാമാരി കാരണം ജനങ്ങൾക്ക് പ്രിയപ്പെട്ടവരെയും വിലപ്പെട്ട പലതിനെയും നഷ്ടപ്പെട്ടിട്ടുണ്ട്.

മെസിയും ഭാര്യ ആന്റൊനെലയും
മെസിയും ഭാര്യ ആന്റൊനെലയും

താങ്കൾ അയച്ച ബ്യൂറോഫാക്‌സ് പ്രസിദ്ധമായല്ലോ. ക്ലബ്ബ് വിടാനുള്ള അഭ്യർത്ഥന ഫാക്‌സ് അയക്കാനുള്ള താങ്കളുടെ തീരുമാനത്തിനു പിന്നിൽ മോശം ഉപദേശങ്ങളാണെന്ന വിമർശനമുണ്ടല്ലോ. എന്തുകൊണ്ടാണ് ഫാക്‌സയക്കാൻ തീരുമാനിച്ചത്? എന്താണ് അതുകൊണ്ട് താങ്കളുദ്ദേശിച്ചത്?

കാര്യങ്ങൾ ഔദ്യോഗികമാക്കുക എന്നതിനു വേണ്ടിയാണ് ബ്യൂറോഫാക്‌സ് അയച്ചത്. ഞാൻ വിടാൻ ആഗ്രഹിക്കുന്നുവെന്നും പുതിയ ദിശയിലേക്ക് കരിയർ കൊണ്ടുപോകാൻ താൽപര്യപ്പെടുന്നുവെന്നും വർഷത്തിൽ ഉടനീളം ഞാൻ പ്രസിഡണ്ടിനോട് പറഞ്ഞതാണ്. അപ്പോഴെല്ലാം അദ്ദേഹം പറഞ്ഞത് നമുക്ക് സംസാരിക്കാം, ഇപ്പോഴല്ല എന്നാണ്. ഒന്നുമുണ്ടായില്ല. അദ്ദേഹം പറയുന്നതിൽ ഒരു വ്യക്തതയും ഉണ്ടായിരുന്നില്ല.

ഞാൻ തീരുമാനം എടുത്തുകഴിഞ്ഞെന്ന കാര്യം ക്ലബ്ബിനെ ഔദ്യോഗികമായി അറിയിക്കുക എന്നതു മാത്രമായിരുന്നു ബ്യൂറോഫാക്‌സിന്റെ ഉദ്ദേശ്യം. അല്ലാതെ ക്ലബ്ബിനെതിരെ എന്തെങ്കിലും ചെയ്യുക എന്നതായിരുന്നില്ല.

പ്രസിഡണ്ട് പറഞ്ഞിരുന്നത് സീസൺ കഴിഞ്ഞാൽ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാം എന്നായിരുന്നു. അദ്ദേഹം തിയതിയൊന്നും പറഞ്ഞില്ല. അദ്ദേഹം വാക്ക് പാലിക്കുന്നില്ല എന്ന കാര്യം ഔദ്യോഗികമാക്കുക എന്നതു കൂടി ഫാക്‌സിന്റെ ലക്ഷ്യമായിരുന്നു.
ബര്‍തമ്യു
ബര്‍തമ്യു

അതായത്, ഫാക്‌സ് അയച്ചിരുന്നില്ലെങ്കിൽ താങ്കളുടെ വാക്കുകൾക്ക് അവർ ഒരു വിലയും കൽപ്പിക്കുമായിരുന്നില്ല എന്നാണോ?

ശരിക്കും. ഞാൻ ഫാക്‌സയച്ചില്ലെങ്കിൽ ഒന്നും സംഭവിച്ചില്ല എന്നതു പോലെ ആകുമായിരുന്നു കാര്യങ്ങൾ. ജൂൺ 10-നു മുമ്പ് പറഞ്ഞില്ല എന്ന ഒറ്റക്കാര്യത്തിലാണ് അവർ കടിച്ചുതൂങ്ങിയത്. ഞാൻ ആവർത്തിക്കുന്നു, അപ്പോൾ നമ്മൾ മത്സരങ്ങൾക്ക് നടുവിലായിരുന്നുവല്ലോ.

എന്നാലും, അപ്പോഴെല്ലാം പ്രസിഡണ്ട് പറഞ്ഞിരുന്നത് സീസൺ കഴിഞ്ഞാൽ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാം എന്നായിരുന്നു. അദ്ദേഹം തിയതിയൊന്നും പറഞ്ഞില്ല. അദ്ദേഹം വാക്ക് പാലിക്കുന്നില്ല എന്ന കാര്യം ഔദ്യോഗികമാക്കുക എന്നതു കൂടി ഫാക്‌സിന്റെ ലക്ഷ്യമായിരുന്നു. അല്ലാതെ ക്ലബ്ബുമായി ഒരു യുദ്ധത്തിനു വേണ്ടി ആയിരുന്നില്ല. ക്ലബ്ബുമായൊരു യുദ്ധം ഞാൻ ആഗ്രഹിക്കുന്നില്ല.