LiveTV

Live

Sports

സമ്മര്‍ദം ശക്തമാക്കി മെസി; കോവിഡ് പരിശോധനയ്ക്ക് എത്തിയില്ല

സീസണ് മുന്നോടിയായി താരങ്ങള്‍ക്കുള്ള കോവിഡ് ടെസ്റ്റിന് മെസി പങ്കെടുത്തില്ല. നാളെ നടക്കുന്ന പരിശീലന ക്യാമ്പിലും എത്തില്ലെന്ന് താരം അറിയിച്ചു.

സമ്മര്‍ദം ശക്തമാക്കി മെസി; കോവിഡ് പരിശോധനയ്ക്ക് എത്തിയില്ല

ബാഴ്സലോണക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കി ലയണല്‍ മെസി. സീസണ് മുന്നോടിയായി താരങ്ങള്‍ക്കുള്ള കോവിഡ് ടെസ്റ്റിന് മെസി പങ്കെടുത്തില്ല. നാളെ നടക്കുന്ന പരിശീലന ക്യാമ്പിലും എത്തില്ലെന്ന് താരം അറിയിച്ചു.

ദിനംപ്രതി കാര്യങ്ങള്‍ വഷളാകുകയാണ്. ടീം വിടാന്‍ തന്നെയാണ് മെസി തീരുമാനിച്ചുറച്ചിരിക്കുന്നത്. ടീം മാനേജ്മെന്റിനോട് മാത്രമല്ല, പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാനുമായും ഒത്തുപോകാനാകില്ലെന്നാണ് സ്ഥിതി. ഇന്ന് നിശ്ചയിച്ച താരങ്ങള്‍ക്കുള്ള കോവിഡ് ടെസ്റ്റിന് മെസി എത്തിയില്ല. കൂമാന് കീഴില്‍ ടീം നാളെ ആദ്യ പരിശീലനത്തിന് ഇറങ്ങുമ്പോള്‍ അവിടെയും താരം ഉണ്ടാകില്ല. തന്റെ റിലീസ് ക്ലോസ് ഒഴിവാക്കണമെന്നും ഫ്രീ ഏജന്റായി ക്ലബ്ബ് വിടണമെന്നുമാണ് മെസിയുടെ ആവശ്യം.

എന്നാല്‍ ബാഴ്‌സലോണ മാനേജ്‌മെന്റ് മെസിയുടെ ആവശ്യം അംഗീകരിക്കുന്നില്ല. ക്ലബ്ബ് വിടുന്നതൊഴികെയുള്ള എന്ത് വിട്ട് വീഴ്ചയ്ക്കും തയ്യാറാണെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ താരത്തെ സ്വന്തമാക്കാന്‍ ലോകത്തെ മുന്‍നിര ക്ലബ്ബുകള്‍ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പിഎസ്ജി ഇന്നും താല്പര്യമറിയിച്ച് രംഗത്തുവന്നു. മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍മിലാനും ഇതേ ആവശ്യവുമായി രംഗത്തുണ്ട്. അതിനിടെ താരം ക്ലബ്ബ് വിടുകയാണെങ്കില്‍ പകരക്കാരനായി ബാഴ്സയില്‍ ആര് എത്തുമെന്ന ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്.