LiveTV

Live

Sports

ബാഴ്സലോണ വിടാന്‍ മെസി; ക്ലബ് അടിയന്തര യോഗം ചേരുന്നു

തന്‍റെ തീരുമാനം മെസി ബാഴ്സ മാനേജ്മമെന്‍റിനെ അറിയിച്ചതായാണ് വിവരം

ബാഴ്സലോണ വിടാന്‍ മെസി; ക്ലബ് അടിയന്തര യോഗം ചേരുന്നു

അഭ്യൂഹങ്ങള്‍ക്കും ഉദ്വേഗങ്ങള്‍ക്കും നടുവില്‍ ലയണല്‍ മെസി ബാഴ്സലോണ വിട്ടേക്കുമെന്ന് സൂചന. തന്‍റെ തീരുമാനം മെസി ബാഴ്സ മാനേജ്മമെന്‍റിനെ അറിയിച്ചതായാണ് വിവരം. ഇതിനെ തുടര്‍ന്ന് ബാഴ്സലോണ മാനേജ്മെന്‍റ് അടിയന്തര യോഗം ചേരുകയാണ്. ക്ലബിന്‍റെ തീരുമാനം എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. ഈ സീസണില്‍ ഒറ്റ കിരീടവും നേടാനാകാത്തതും പിന്നാലെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിച്ചിനെതിരെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തത് മെസിയെ അങ്ങേയറ്റം നിരാശനാക്കിയിരുന്നു.

പുതിയ കോച്ച് കോമാനും ക്ലബ് പ്രസിഡന്‍റ് ബര്‍തേമ്യൂവുമായുള്ള അഭിപ്രായ വ്യത്യാസം ഇതോടെ രൂക്ഷമാകുകയും ചെയ്തു. ഈ രണ്ട് പേര്‍ക്കുമൊപ്പം ഇനി തുടരാനാവില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് മെസി എത്തിയതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബാഴ്സ ക്ലബാണ്. അതെ സമയം ബാഴ്സ വിട്ടാല്‍ മെസി എവിടേക്കായിരിക്കും പോകുകയെന്നാണ് ആരാധകരുടെ ചോദ്യം. സ്വപ്ന സമാനമായ ഓഫറുമായി മാഞ്ചസ്റ്റര്‍ സിറ്റിയും ഇറ്റാലിയന്‍ ക്ലബ് ഇന്‍റര്‍മിലാനും നിലവില്‍ മെസിയെ സമീപിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലെല്ലാം വ്യക്തത വരുത്തേണ്ടത് മെസി തന്നെയാണ്.

നിലവിൽ അടുത്ത ജൂലൈ വരെ മെസ്സിക്ക് ക്ലബുമായി കരാർ ഉണ്ട്. പക്ഷേ സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന നിബന്ധന കരാറിലുണ്ടെന്നും ഇതു മെസി ഉപയോഗിക്കുകയാണെന്നും നിരീക്ഷകര് പറയുന്നു. ഈ സീസണില്‍ മെസ്സിക്ക് ക്ലബ് വിടാമെന്ന നിബന്ധനയുള്ള കരാര്‍ ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ചുവെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിലും വലിയ നിയമപ്രശ്‌നത്തിനാണ് ഇത് വഴിവയ്ക്കുക.

കരാർ കാലാവധി തീരാതെ ക്ലബ് വിടുകയാണെങ്കിൽ 70 കോടി യൂറോ(ഏകദേശം 6147 കോടി രൂപ) ബാർസയ്ക്കു നൽകണമെന്നും കരാറിലുണ്ട്. സാധാരണഗതിയിൽ മെസി അടുത്തതായി പോകുന്ന ക്ലബ് ആണ് ഇതു നൽകേണ്ടി വരിക. വാർത്തകൾക്കു പിന്നാലെ മുൻ ബാർസിലോന ക്യാപ്റ്റൻ കാർലോസ് പ്യുയോൾ മെസിക്ക് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തു.

2001ല്‍ ബാഴ്‌സയുടെ യൂത്ത് ക്ലബില്‍ കളിച്ചുതുടങ്ങിയതാണ് മെസി. 2003ല്‍ സി ടീമിലും 2004 മുതല്‍ 2005 വരെ ബി ടീമിലും കളിച്ചു. 2004ലാണ് ഒന്നാം നിര ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടൊരു ജൈത്രയാത്രയായിരുന്നു. 485 കളികളില്‍ നിന്ന് 444 ഗോളുകള്‍. ഇതിനിടെ ആറ് ബാലണ്‍ദ്യോറും ആറ് യൂറോപ്പ്യന്‍ ഗോള്‍ഡന്‍ ഷൂസും. പത്ത് ലാലീഗയും നാല് ചാമ്പ്യന്‍സ് ലീഗും ആറ് കോപ്പ ഡെല്‍ റെയും ഉള്‍പ്പടെ മുപ്പത്തിമൂന്ന് കിരീടങ്ങളാണ് ബാഴ്‌സയിലെത്തിച്ചത്