LiveTV

Live

Sports

ആരാണീ റൊണാൾഡ് കോമാൻ; ബാഴ്‌സയെ പരിശീലിപ്പിക്കാനെത്തുന്ന 57-കാരനെ പരിചയപ്പെടാം

കോച്ചിങ് കരിയറിൽ കോമാന്റെ ഏറ്റവും വലിയ അവസരവും വെല്ലുവിളിയുമായിരിക്കും ബാഴ്‌സയിലേത്. ടീമിനെ തന്റെ ശൈലിക്കിണങ്ങുംവിധം അടിമുടി അഴിച്ചുപണിയുക എന്നതാവും വലിയ തലവേദന.

ആരാണീ റൊണാൾഡ് കോമാൻ; ബാഴ്‌സയെ പരിശീലിപ്പിക്കാനെത്തുന്ന 57-കാരനെ പരിചയപ്പെടാം

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് വൻതോൽവി ഏറ്റുവാങ്ങിയ ബാഴ്‌സലോണയെ പൊളിച്ചുപണിയാനുള്ള ചുമതല ഇനി ഡച്ച് മാനേജർ റൊണാൾഡ് കോമാന്. കിക്വെ സെറ്റിയനെ പരിശീലകസ്ഥാനത്തു നിന്ന് പുറത്താക്കിയ കാറ്റലൻ ക്ലബ്ബ്, ഹോളണ്ട് ദേശീയ ടീമിനെ നിലവിൽ പരിശീലിപ്പിക്കുന്ന കോമാനെ പുതിയ മാനേജറായി തീരുമാനിച്ചു എന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാഴ്‌സയെ പരിശീലിപ്പിക്കാനുള്ള ചുമതല ഏറ്റെടുക്കാൻ കോമാൻ സമ്മതിച്ചതായും ഹോളണ്ടിന്റെ പരിശീലക സ്ഥാനത്തുനിന്ന് കാലാവധി തികയുംമുമ്പ് വിടേണ്ടിവരുമ്പോൾ നൽകേണ്ട നഷ്ടപരിഹാരത്തുക സ്പാനിഷ് ക്ലബ്ബ് നൽകുമെന്നും സ്‌കൈ സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ചാമ്പ്യൻസ് ലീഗ് തോൽവിക്കു ശേഷം സെറ്റിയനെ പുറത്താക്കുന്ന കാര്യം ടെക്‌നിക്കൽ ഡയറക്ടർ എറിക് അബിദാൽ ആണ് അദ്ദേഹത്തെ അറിയിച്ചത്. അതോടൊപ്പം തന്നെ ഡച്ച് എഫ്.എയുമായി ബാഴ്‌സ മാനേജ്‌മെന്റ് ചർച്ച ആരംഭിക്കുകയും ചെയ്തു. ടീമിനെ വലിയ തോതിൽ ഉടച്ചുവാർക്കുമെന്നും അതിലേക്കുള്ള ആദ്യ ചുവടായാണ് പരിശീലകനെ മാറ്റുന്നതെന്നും ബാഴ്‌സ പത്രക്കുറിപ്പിൽ അറിയിച്ചു.

സെറ്റിയന്‍, അബിദാല്‍
സെറ്റിയന്‍, അബിദാല്‍

കോമാന്റെ ബാഴ്‌സ ജീൻ

1989 മുതൽ 1995 വരെ കളിക്കാരനായും 1998-99 കാലയളവിൽ അസിസ്റ്റന്റ് കോച്ചായും ബാഴ്‌സലോണക്കൊപ്പമുണ്ടായിരുന്ന കോമാൻ, തങ്ങളുടെ ടീമിന്റെ ഫുട്‌ബോൾ ശൈലിക്ക് ചേർന്ന കോച്ചാണെന്നാണ് ബാഴ്‌സ മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. ഇതിഹാസതാരം യൊഹാൻ ക്രൈഫ് മാനേജറായിരുന്ന ബാഴ്‌സയുടെ 'ഡ്രീം ടീമി'ലെ പ്രധാന താരമായിരുന്നു അദ്ദേഹം. ആറു വർഷം ബാഴ്‌സക്കു വേണ്ടി ബൂട്ടുകെട്ടിയ അദ്ദേഹം 67 ഗോളടിച്ചു. പ്രതിരോധത്തിലും മിഡ്ഫീൽഡിലുമായിരുന്നു ചുമതലയെങ്കിലും ആക്രമണത്തിലും ഒട്ടും മോശമായിരുന്നില്ല.

കോമാന്‍ ബാഴ്സ ജഴ്സിയില്‍
കോമാന്‍ ബാഴ്സ ജഴ്സിയില്‍

1989-ൽ യൊഹാൻ ക്രൈഫ് ആണ് കോമാനെ ബാഴ്‌സലോണയിലേക്കു കൊണ്ടുപോകുന്നത്. പിന്നാലെ, തുടർച്ചയായ നാലു സീസണുകളിൽ ബാഴ്‌സ ലാലിഗ കിരീടം സ്വന്തമാക്കി. ബാഴ്‌സ ഒരു യൂറോപ്യൻ കിരീടം ആദ്യമായി നേടിയ 1992-ൽ ഫൈനലിലെ നിർണായക ഗോൾ നേടിയത് കോമാനായിരുന്നു. 1998 ലോകകപ്പിൽ ഡച്ച് പടയുടെ കോച്ചിങ് സ്റ്റാഫിൽ അംഗമായിരുന്ന കോമാൻ, ലോകകപ്പിനുശേഷം ബാഴ്‌സയുടെ അസിസ്റ്റന്റ് കോച്ചായി ചേർന്നു.

കോമാൻ എന്ന കോച്ച്

2001-ൽ ഡച്ച് ക്ലബ്ബുകളായ വിറ്റെസ്സെ, അയാക്‌സ് എന്നിവയിലൂടെയാണ് സ്വതന്ത്ര പരിശീലകനാകുന്നത്. പിന്നീട് പോർച്ചുഗീസ് ക്ലബ്ബ് ബെൻഫിക്കയിലും ശ്രദ്ധേയ നേട്ടങ്ങളുണ്ടാക്കി. കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെയും ലിവർപൂളിനെയും കീഴടക്കി ബെൻഫിക്ക ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തിയത് കോമാന്റെ കീഴിലായിരുന്നു. പോർച്ചുഗലിലെ മികവ് പി.എസ്.വി ഐന്തോവനിലും കോമാൻ തുടർന്നു. തുടർച്ചയായ സീസണുകളിൽ ഡച്ച് ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തിക്കാൻ അദ്ദേഹത്തിനായി.

താരതമ്യേന ദുർബലരായ സതാംപ്ടണെ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യിക്കാൻ കോമാന് കഴിഞ്ഞു
താരതമ്യേന ദുർബലരായ സതാംപ്ടണെ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യിക്കാൻ കോമാന് കഴിഞ്ഞു

പിന്നീട് വലൻസിയ, ഇ. സെഡ്, ഫെയനൂർദ് ക്ലബ്ബുകളെ പരിശീലിപ്പിച്ച കോമാൻ 2014-ലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്ടണെ പരിശീലിപ്പിക്കാനെത്തുന്നത്. താരതമ്യേന ദുർബലരായ സതാംപ്ടണെ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യിക്കാൻ അദ്ദേഹത്തിനായി. ഈ മികവ് മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ എവർട്ടനിൽ തുടരാൻ അദ്ദേഹത്തിനായില്ല.

2018-ലാണ് ഹോളണ്ട് ദേശീയ ടീമിന്റെ ഹെഡ് കോച്ചായി റൊണാൾഡ് കോമാൻ ചുമതലയേൽക്കുന്നത്. 2022 ലോകകപ്പ് വരെയാണ് കാലാവധി. 2019-ൽ ഡച്ച് ടീമിനെ യുവേഫ നേഷൻസ് കപ്പ് ഫൈനലിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ബാഴ്‌സ ഫിലോസഫി

പൊസഷൻ ഫുട്‌ബോളിനൊപ്പം ഹൈപ്രസ്സിങ്ങും കൗണ്ടർ അറ്റാക്കും കോമാന്റെ ശൈലിയുടെ പ്രത്യേകതകളാണ്. എതിരാളികളുടെ ശക്തിദൗർബല്യങ്ങൾക്കനുസരിച്ച് സ്വന്തം ടീമിന്റെ കേളീശൈലി പൂർണമായി മാറ്റാനും തനിക്ക് കഴിയുമെന്ന് ഹോളണ്ട് മാനേജറായിരിക്കെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. എതിർ ടീമിനെ പിഴവ് വരുത്താൻ നിർബന്ധിക്കുക, അതു മുതലെടുത്ത് മുന്നോട്ടു കയറി ഗോളടിക്കുക എന്നതാണ് ലളിതമായി പറഞ്ഞാൽ കോമാൻ ശൈലിയുടെ ആകെത്തുക.

ആരാണീ റൊണാൾഡ് കോമാൻ; ബാഴ്‌സയെ പരിശീലിപ്പിക്കാനെത്തുന്ന 57-കാരനെ പരിചയപ്പെടാം

കോച്ചിങ് കരിയറിൽ കോമാന്റെ ഏറ്റവും വലിയ അവസരവും വെല്ലുവിളിയുമായിരിക്കും ബാഴ്‌സയിലേത്. ടീമിനെ തന്റെ ശൈലിക്കിണങ്ങുംവിധം അടിമുടി അഴിച്ചുപണിയുക എന്നതാവും വലിയ തലവേദന. പ്രതിരോധത്തിലും മിഡ്ഫീൽഡിലും പുതിയ കളിക്കാരെ കോമാൻ കൊണ്ടുവന്നേക്കും. അയാക്‌സ് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീകിനെ വാങ്ങാൻ അദ്ദേഹം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലൂക്ക് ഡിയോങ്ങിനൊപ്പം ഹോളണ്ട് ടീമിന്റെ മിഡ്ഫീൽഡിൽ തിളങ്ങുന്ന ഡി ബീക്, ഡച്ച് ലീഗിലെ കരുത്തരായ അയാക്‌സിന്റെ നട്ടെല്ലാണ്.

ആരാണീ റൊണാൾഡ് കോമാൻ; ബാഴ്‌സയെ പരിശീലിപ്പിക്കാനെത്തുന്ന 57-കാരനെ പരിചയപ്പെടാം

പുതിയ തലമുറ?

കോമാന്റെ വരവോടെ ബാഴ്‌സയുടെ പ്ലെയിങ് ഇലവനിൽ അടിമുടി അഴിച്ചുപണി ഉണ്ടാവാനാണ് സാധ്യത. ലയണൽ മെസ്സിയൊഴികെ സീനിയർ താരങ്ങളാരും സുരക്ഷിതരല്ലെന്നാണ് സ്‌പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജെറാഡ് പിക്വെ, സെർജിയോ ബുസ്‌ക്വെ, ലൂയിസ് സുവാരസ്, അർതുറോ വിദാൽ, ആന്റോയിൻ ഗ്രീസ്മൻ എന്നിവർ ഫസ്റ്റ് ടീമിൽ അവസരം നഷ്ടമാവുകയോ ഈ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കപ്പെടുകയോ ചെയ്യാം. മെസ്സി, ക്ലമന്റ് ലെങ്‌ലെ, ഫ്രെങ്കി ഡിയോങ്, ഗോൾകീപ്പർ ടെർസ്റ്റെഗൻ എന്നിവരെ മാത്രം നിലനിർത്തുകയും അൻസു ഫാത്തി, റിക്കി പ്യുജ് തുടങ്ങിയവർക്ക് കൂടുതൽ അവസരം നൽകുകയും ചെയ്യുന്നതാവും കോമാന്റെ ശൈലി എന്നാണ് കരുതുന്നത്.