LiveTV

Live

Sports

"മുസ്​ലിം ലൈവ്​സ്​ മാറ്റർ" ഉയിഗൂർ വിഷയത്തില്‍ പിന്തുണക്കാത്തതില്‍ ആഴ്‍സനലിനെ വിമര്‍ശിച്ച് ഓസില്‍

തന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കും കുടുംബത്തെ സംരക്ഷിക്കുന്നതിനും പണം അത്യാവശ്യമായതുകൊണ്ടാണ് കോവിഡ് സമയത്തും തന്റെ പ്രതിഫലം കുറയ്ക്കാൻ വിസമ്മതിച്ചതെന്നും ഓസിൽ പറഞ്ഞു

"മുസ്​ലിം ലൈവ്​സ്​ മാറ്റർ" ഉയിഗൂർ വിഷയത്തില്‍ പിന്തുണക്കാത്തതില്‍ ആഴ്‍സനലിനെ വിമര്‍ശിച്ച് ഓസില്‍

ബ്ലാക്ക്​ ലൈവ്​സ്​ മാറ്റർ എന്ന്​ പറയുന്നതുപോലെ തന്നെ മുസ്​ലിം ലൈവ്​സ്​ മാറ്റർ എന്ന്​ ലോകം പറയേണ്ടതുണ്ടെന്ന്​ ആഴ്​സണൽ ഫുട്​ബാൾ താരം മെസ്യൂത്​ ഓസിൽ. ചൈനയിൽ ഉയിഗൂർ മുസ്​ലിംങ്ങളെ പീഡിപ്പിക്കുന്നതിനെതിരായ തന്റെ പരാമർശങ്ങളെ പിന്തുണക്കുന്നതിൽ ആഴ്സണൽ പരാജയപ്പെട്ടതായും ഓസിൽ 'ദെ അത്​ലറ്റിക്​'ന്​ നൽകിയ അഭിമുഖത്തിൽ ഓസിൽ പറഞ്ഞു.

തന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കും കുടുംബത്തെ സംരക്ഷിക്കുന്നതിനും പണം അത്യാവശ്യമായതുകൊണ്ടാണ് കോവിഡ് സമയത്തും തന്റെ പ്രതിഫലം കുറയ്ക്കാൻ വിസമ്മതിച്ചതെന്നും ഓസിൽ പറഞ്ഞു. ആഴ്‌സണല്‍ വിടണമെന്ന കാര്യം തീരുമാനിക്കാനുള്ള അവകാശം തനിക്കാണെന്നും ഓസില്‍ കൂട്ടിച്ചേര്‍ത്തു.

'മുസ്​ലിം, ക്രിസ്ത്യൻ, ജൂതൻ, കറുപ്പ്, വെളുപ്പ് അല്ലെങ്കിൽ മറ്റെന്തെങ്കിലുമാക​ട്ടെ, നിങ്ങളുടെ മതമോ നിറമോ ഇവിടെ പ്രസക്​തമല്ല. എല്ലാവരും തുല്യരാണ്​. ഞാൻ അന്ന്​ പറഞ്ഞത് ചൈനീസ് ജനതക്കെതിരെയല്ല. ഉയിഗൂർ മുസ്‌ലിംകളെ ദ്രോഹിക്കുന്നവരെയും അവരെ സഹായിക്കാത്ത മുസ്‌ലിം രാജ്യങ്ങളെയുമാണ്​ കുറ്റപ്പെടുത്തിയത്​. ഗ്രൗണ്ടിലും പുറത്തും ഞാൻ ആഴ്സണലിനായി ഒരുപാട് കാര്യങ്ങൾ ചെയ്​തു. എന്നാൽ, ടീമിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം നിരാശാജനകമായിരുന്നു. രാഷ്​ട്രീയകാര്യങ്ങളിൽ ഇടപെടില്ലെന്നായിരുന്നു ടീമിന്റെ പ്രതികരണം.

അമേരിക്കയിൽ ജോർജ്​ ഫ്ലോയ്ഡ് കൊല്ലപ്പെട്ടപ്പോൾ 'ബ്ലാക്ക്​ ലൈവ്​സ് മാറ്റർ' എന്ന്​ പറഞ്ഞ്​ എല്ലാവരും പിന്തുണച്ചു. വളരെ ശരിയായിരുന്നുവത്​.​ നാമെല്ലാവരും തുല്യരാണ്. ആളുകൾ അനീതിക്കെതിരെ പോരാടുന്നത് നല്ല കാര്യമാണ്. ധാരാളം കറുത്തവർ ആഴ്സണലിന്റെ കളിക്കാരും ആരാധകരുമായുണ്ട്​. ക്ലബ് അവരെ പിന്തുണക്കുന്നത് അതിശയകരമാണ്.

അതുപോലെ തന്നെ ആഴ്സണലിന് ധാരാളം മുസ്​ലിം കളിക്കാരും ആരാധകരുമുണ്ട്​. അവരെകൂടി പിന്തുണക്കാൻ ടീം തയാറാകണം. മുസ്‌ലിം ലൈവ്സ് മാറ്റർ എന്നും ലോകം പറയേണ്ടത് പ്രധാനമാണ്' -ഓസിൽ പറഞ്ഞു.

സിൻജിയാങ്ങിൽ ഉയിഗൂർ ജനത അനുഭവിക്കുന്ന പീഡനങ്ങളെ സംബന്ധിച്ച്​ കഴിഞ്ഞവർഷമാണ്​ ജർമൻ ഫുട്​ബാളർ ഇൻസ്​റ്റാഗ്രാമിൽ പോസ്​റ്റിട്ടത്​. അഭിപ്രായപ്രകടനം നടത്തിയതിന് ടീം ഓസിലിനെ വിമർശിച്ചിരുന്നില്ല. എന്നാൽ, രാഷ്​ട്രീയത്തിൽ ഇടപെടില്ലെന്ന ടീമിന്റെ നയം തുടരുമെന്ന്​​ ചൈനയിലെ സമൂഹമാധ്യമമായ വെയ്​ബോയിൽ ആഴ്​സണൽ അറിയിച്ചിരുന്നു.

എല്ലാ കളിക്കാരേയും പോലെ ഈ സാഹചര്യത്തിൽ പ്രതിഫലം കുറയ്ക്കണമെന്നു തന്നെയാണ് എന്റേയും ആഗ്രഹം. പക്ഷേ ഈ പണം എങ്ങോട്ടു പോകുന്നു എന്ന് നമ്മൾ അറിയണം. ഇപ്പോഴും ഞാൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല. ഒരു കൂടിയാലോചനയോ വിദഗ്ദ്ധാഭിപ്രായമോ ഇല്ലാതെ പ്രതിഫലം കുറയ്ക്കുക എന്ന തീരുമാനത്തിലേക്ക് എങ്ങനെയാണ് എത്തിച്ചേരുക? പ്രതിഫലം കുറയ്ക്കുമ്പോൾ ആ പണം എങ്ങോട്ടുപോകുന്നു എന്ന് ഓരോ കളിക്കാരനും അറിഞ്ഞിരിക്കേണ്ടേ?

പക്ഷേ അതിനെ കുറിച്ചൊന്നും ആർക്കും ഒരു ധാരണയുമില്ല. അതു ശരിയായ കാര്യമല്ല. അതുകൊണ്ടു തന്നെയാണ് ഞാൻ സാധ്യമല്ല എന്നു പറഞ്ഞത്. എന്റെ വീട്ടിൽ കുഞ്ഞുങ്ങളുണ്ട്. അവരെ വളർത്തണം. തുർക്കിയിലേയും ജർമനിയിലേയും കുടുംബാംഗങ്ങളെ എനിക്ക് സംരക്ഷിക്കണം. എന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കും പണം വേണം. ലണ്ടനിലെ ആളുകൾക്ക് പിന്തുണയുമായി ഒരു പുതിയ പ്രൊജക്റ്റ് തുടങ്ങാനാരിക്കുകയാണ് ഞാൻ. ഇതൊന്നും എല്ലാവരും അറിയാൻ വേണ്ടി ചെയ്യുന്നതല്ല, മനസ്സ് പറഞ്ഞിട്ട് ചെയ്യുന്നതാണ്.

ഞാൻ എങ്ങനെയുള്ള മനുഷ്യനാണെന്ന് എന്നെ അടുത്തറിയുന്നവർക്ക് നന്നായി അറിയാം. എനിക്ക് ആരേയും ഒന്നും ബോധ്യപ്പെടുത്താനില്ല. പ്രതിഫലം കുറയ്ക്കാൻ പറ്റില്ല എന്ന് പറഞ്ഞത് ഞാൻ മാത്രമല്ല. മറ്റു ചില താരങ്ങളും പറഞ്ഞിട്ടുണ്ട്. പക്ഷേ അവസാനം എന്റെ പേര് മാത്രമാണ് ചർച്ചയായത്. ഏകദേശം രണ്ടു വർഷത്തോളമായി ആളുകൾ എന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമാണ് ഈ ചർച്ചയും. എന്റെ സന്തോഷം ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. ഇല്ലാത്ത കാര്യങ്ങൾ ചിത്രീകരിച്ച് എന്നെ പിന്തുണയ്ക്കുന്നവരുടെ കാഴ്ച്ചപ്പാട് മാറ്റാനും അവർ ശ്രമിക്കുന്നു.

2018ല്‍ എനിക്ക് മുന്‍പില്‍ ഒരുപാട് അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ ആ വന്‍തുകകളെല്ലാം വേണ്ടെന്ന് വെച്ച് ഞാന്‍ ആഴ്‌സണലില്‍ തുടര്‍ന്നു. ഞാന്‍ കളിക്കാന്‍ ആഗ്രഹിച്ച ക്ലബ് ഇതാണ്. അങ്ങനെ നോക്കുമ്പോള്‍ എന്റെ ആഗ്രഹത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല. കോച്ച് ആര്‍തെറ്റയ്ക്ക് എന്റെ കഴിവ് അറിയാം. എന്നെ അദ്ദേഹത്തിന് വേണ്ടപ്പോള്‍ ഞാന്‍ കളിക്കും, ഓസില്‍ പറഞ്ഞു.

ആഴ്‌സണലുമായുള്ള കരാറിന്റെ അവസാന ദിനം വരെ ഞാന്‍ ഇവിടെയുണ്ടാവും. ഈ ക്ലബിന് വേണ്ടി എനിക്കുള്ള എല്ലാം ഞാന്‍ നല്‍കും. ഇപ്പോഴത്തേത് പോലുള്ള സാഹചര്യങ്ങള്‍ക്ക് എന്നെ തകര്‍ക്കാനാവില്ല. എന്നെ കൂടുതല്‍ കരുത്തനാക്കുകയുള്ളു. ടീമിലേക്ക് മടങ്ങി വരാനാവുമെന്ന് ഞാന്‍ നേരത്തെ തെളിയിച്ചിട്ടുണ്ട്. അത് ഞാന്‍ ആവര്‍ത്തിക്കും, ഓസീല്‍ പറഞ്ഞു.

രണ്ട്, മൂന്ന് വര്‍ഷത്തേക്കുള്ള കരാറല്ല ഞാന്‍ ഒപ്പിട്ടിരിക്കുന്നത്. നാല് വര്‍ഷത്തെ കാരാറാണ് ആഴ്‌സണലുമായി എനിക്കുള്ളത്. അത് ബഹുമാനിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. കാര്യങ്ങള്‍ പ്രയാസകരമാണ്. എന്നാല്‍ ഞാന്‍ ആഴ്‌സണലിനെ ഇഷ്ടപ്പെടുന്നു. ലണ്ടനെ ഞാന്‍ സ്‌നേഹിക്കുന്നു. ഇതെന്റെ വീടാണ്...

കഴിഞ്ഞ രണ്ട് സീസണില്‍ സംഭവിച്ച കാര്യങ്ങളില്‍ ഞാന്‍ സന്തുഷ്ടനാണ്. അതെന്നെ കൂടുതല്‍ കരുത്തനാക്കുന്നു. ഞാന്‍ എവിടേയും വിട്ടുകൊടുക്കില്ല. എന്റെ ടീമിനെ സഹായിക്കാനാണ് ആഗ്രഹിക്കുന്നത്. അതിന് വേണ്ടി ഞാന്‍ പോരാടും. ഫിറ്റ്‌നസ് ഉണ്ടെങ്കില്‍ കളിക്കളത്തില്‍ എനിക്ക് എന്ത് ചെയ്യാനാവും എന്നതില്‍ എനിക്ക് വ്യക്തമായ ബോധമുണ്ടെന്നും ആഴ്‌സണല്‍ മുന്നേറ്റ നിര താരം പറയുന്നു.

ഒരു കളിക്കാരന്‍ ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നു എന്ന് വെക്കുക. എന്നാല്‍ ക്ലബ് അത് നിരസിക്കുന്നു. ഇരുകൂട്ടരും ഒത്തുതീര്‍പ്പിലെത്തുന്നത് വരെ കളിക്കാരന്‍ ക്ലബിന്റെ താത്പര്യം അംഗീകരിക്കണം. അതുപോലെ തന്നെയാണ് ക്ലബ് ഒരു താരത്തെ വില്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ കളിക്കാരന്‍ തുടരാന്‍ ആഗ്രഹിക്കുന്നത്. ഇവിടെ ആഴ്‌സണല്‍ വിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല...

കോവിഡിന്​ ശേഷം ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ മത്സരങ്ങൾ പുനരാരംഭിച്ചിരുന്നെങ്കിലും പരിക്ക്​ കാരണം ഓസിലിന്​ ടീമിൽ തിരിച്ചെത്താൻ കഴിഞ്ഞിരുന്നില്ല. അടുത്തവർഷം കരാർ തീരുന്നത്​ വരെ ടീമിന്റെ കൂടെയുണ്ടാകുമെന്ന്​ ഓസിൽ അറിയിച്ചിട്ടുണ്ട്​.