LiveTV

Live

Sports

മുന്‍ കേരളാ താരം അനന്തപത്മനാഭന്‍ ഐസിസി രാജ്യാന്തര അംപയര്‍മാരുടെ പട്ടികയില്‍

ദീര്‍ഘകാലം ഐപിഎല്ലിലും മറ്റു അഭ്യന്തര മത്സരങ്ങളിലും അംപയറായിരുന്ന തിരുവനന്തപുരത്തുകാരന്‍ 50ാം വയസിലാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.

മുന്‍ കേരളാ താരം അനന്തപത്മനാഭന്‍ ഐസിസി രാജ്യാന്തര അംപയര്‍മാരുടെ പട്ടികയില്‍

ഐസിസിയുടെ രാജ്യന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടംനേടി മുന്‍ കേരള ക്രിക്കറ്റ് താരം കെ.എന്‍ അനന്തപത്മനാഭന്‍. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം പുറത്തുവിട്ടത്. ദീര്‍ഘകാലം ഐപിഎല്ലിലും മറ്റു അഭ്യന്തര മത്സരങ്ങളിലും അംപയറായിരുന്ന തിരുവനന്തപുരത്തുകാരന്‍ 50ാം വയസിലാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.

കേരളത്തില്‍ നിന്ന് ഐസിസിയുടെ അംപയര്‍ എലൈറ്റ് പാനലില്‍ ഇടം പിടിക്കുന്ന നാലാമത്തെ അംപയറാണ് അനന്തപദ്മനാഭന്‍. ജോസ് കുരിശിങ്കല്‍ (തിരുവനന്തപുരം),ഡോ.കെ.എന്‍ രാഘവന്‍ (കോഴിക്കോട്),എസ് ദണ്ഡപാണി (എറണാകുളം) എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്. ഐസിസി അന്താരാഷ്ട്ര അംപയര്‍ പാനലില്‍ അംഗമായതോടെ ഇനി മുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ അദ്ദേഹത്തിന് അംപയറായി എത്താന്‍ സാധിക്കും

ഒരു കാലത്ത് കേരള ക്രിക്കറ്റിന്റെ മേല്‍വിലാസമായിരുന്നു അനന്തപത്മനാഭന്‍. മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും ഒരിക്കല്‍പോലും ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചതോടെയാണ് അനന്തപത്മനാഭന് തിരിച്ചടിയായതെന്ന് പറയപ്പെട്ടിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 105 മത്സരങ്ങളില്‍ നിന്ന് 344 വിക്കറ്റും 2891 റണ്‍സും അനന്തപത്മനാഭന്‍ സ്വന്തമാക്കി . 54 ലിസ്റ്റ് എ മത്സരങ്ങളില്‍ 87 വിക്കറ്റും 493 റണ്‍സും സ്വന്തം പേരില്‍ ചേര്‍ത്തു.