LiveTV

Live

Sports

'വെള്ളക്കാരന്റെ എഫ് വണ്ണില്‍ ആരും കറുത്തവന്റെ കൊലപാതകത്തെക്കുറിച്ച് മിണ്ടില്ല'

നമ്മുടെ നേതാക്കള്‍ യഥാര്‍ഥ 'മാറ്റം' കൊണ്ടുവരാതെ സമാധാനം വരില്ല. അമേരിക്കയില്‍ മാത്രമല്ല, ബ്രിട്ടനിലും സ്‌പെയിനിലും ഇറ്റലിയിലും ലോകമാകെയും ഇതു തന്നെയാണ് അവസ്ഥ.

'വെള്ളക്കാരന്റെ എഫ് വണ്ണില്‍ ആരും കറുത്തവന്റെ കൊലപാതകത്തെക്കുറിച്ച് മിണ്ടില്ല'

വര്‍ണ്ണ വിവേചനത്തിനെതിരായ പ്രതിഷേധം അമേരിക്കയില്‍ ആളിപടരുമ്പോഴും ഫോര്‍മുല വണ്ണിലെ റേസിംഗ് താരങ്ങള്‍ നിശബ്ദരായിരിക്കുന്നതിനെതിരെ ലൂയിസ് ഹാമില്‍ട്ടണ്‍. വെള്ളക്കാര്‍ക്ക് മേധാവിത്വമുള്ള ഫോര്‍മുല വണ്ണിലെ ഡ്രൈവര്‍മാര്‍ ആരും കറുത്തവന്റെ കൊലപാതകത്തെക്കുറിച്ചോ പ്രതിഷേധങ്ങളെക്കുറിച്ചോ മിണ്ടില്ലെന്നാണ് ഹാമില്‍ട്ടണ്‍ തുറന്നടിച്ചത്.

അമേരിക്കന്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയില്‍ വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. കസ്റ്റഡിയിലെടുത്ത ഫ്‌ളോയിഡിന്റെ കഴുത്തില്‍ പൊലീസുകാരന്‍ കാല്‍ മുട്ട് ചേര്‍ത്ത് അമര്‍ത്തി ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് അമേരിക്കയിലും ലോകത്താകെയും സംഭവത്തിനെതിരെ പ്രതിഷേധം ആരംഭിച്ചത്.

ഫ്‌ളോയിഡിന് നീതിവേണമെന്ന ആവശ്യം ലോകമാകെ ഉയരുമ്പോഴും ഫോര്‍മുല വണ്‍ താരങ്ങള്‍ മാത്രം നിശബ്ദരായിരിക്കുന്നതിനെയാണ് ആറ് തവണ ഫോര്‍മുല വണ്‍ ലോക ചാമ്പ്യനായ ഹാമില്‍ട്ടണ്‍ വിമര്‍ശിച്ചിരിക്കുന്നത്. 'എനിക്ക് നിങ്ങള്‍ മിണ്ടാതിരിക്കുന്നത് അറിയാം. ഈ അനീതിക്കെതിരെ ഫോര്‍മുല വണ്ണിലെ വന്‍ താരങ്ങള്‍ നിശബ്ദത പാലിക്കുകയാണ്. ഒരാള്‍ പോലും വെള്ളക്കാരന് മേധാവിത്വമുള്ള എന്റെ കായിക മേഖലയില്‍ നിന്നും ഫ്‌ളോയിഡിനുവേണ്ടി ശബ്ദിച്ചില്ല. എന്നെപ്പോലെ അപൂര്‍വ്വം പേര്‍ മാത്രമേ വെള്ളക്കാരല്ലാത്തവരായി ഇവിടെയുള്ളൂ. എന്നാലും ഞാന്‍ നിവര്‍ന്നു നിന്ന് പ്രതിഷേധിക്കുന്നു' എന്നായിരുന്നു ഹാമില്‍ട്ടണ്‍ പറഞ്ഞത്.

സമാധാനപരമായിരിക്കണം പ്രതിഷേധങ്ങളെന്നും കടകള്‍ കൊള്ളയടിക്കുകയും കെട്ടിടങ്ങള്‍ തീവെക്കുകയും ചെയ്യുന്ന രീതി നല്ലതല്ലെന്നും ഹാമില്‍ട്ടണ്‍ പ്രക്ഷോഭകരെ ഓര്‍മ്മിപ്പിച്ചു. 'നമ്മുടെ നേതാക്കള്‍ യഥാര്‍ഥ 'മാറ്റം' കൊണ്ടുവരാതെ സമാധാനം വരില്ല. അമേരിക്കയില്‍ മാത്രമല്ല, ബ്രിട്ടനിലും സ്‌പെയിനിലും ഇറ്റലിയിലും ലോകമാകെയും ഇതു തന്നെയാണ് അവസ്ഥ. നമ്മള്‍ ജനിച്ചുവീഴുന്നത് വര്‍ണ്ണ വിവേചനവും വിദ്വേഷവും കൊണ്ടല്ല. മറിച്ച് വളര്‍ന്നു വരുമ്പോള്‍ നമ്മളെ പലരും പഠിപ്പിച്ചെടുക്കുകയും മാറ്റിയെടുക്കുകയുമാണ്' ഹാമില്‍ട്ടണ്‍ ഓര്‍മ്മിപ്പിക്കുന്നു.

അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ അവസ്ഥയില്‍ മാറ്റം വരണമെന്ന് ബാസ്‌കറ്റ് ബോള്‍ ഇതിഹാസതാരം ജോര്‍ദന്‍ ആവശ്യപ്പെട്ടിരുന്നു. അമേരിക്കയില്‍ നിന്നു മാത്രമല്ല ലോകമാകെയും ഈ ആവശ്യം ഉയരുന്നുണ്ട്. ജര്‍മ്മനിയിലെ ബുണ്ടസ് ലിഗ ഫുട്‌ബോള്‍ മത്സരത്തിനിടെ ഫ്രഞ്ച് ഫുട്‌ബോളര്‍ മാര്‍ക്കസ് തുറാമും ഇംഗ്ലീഷ് താരം ജാഡന്‍ സാഞ്ചോയും അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.