LiveTV

Live

Sports

ഐ.പി.എല്‍ വേദി ഒരുക്കാന്‍ തയ്യാറെന്ന് യു.എ.ഇ; ഇപ്പോള്‍ തീരുമാനമെടുക്കാന്‍  കഴിയില്ലെന്ന് ബി.സി.സി.ഐ

ശ്രീലങ്കക്ക് പിന്നാലെ ഐ.പി.എല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ച് യു.എ.ഇയും.

 ഐ.പി.എല്‍ വേദി ഒരുക്കാന്‍ തയ്യാറെന്ന് യു.എ.ഇ; ഇപ്പോള്‍ തീരുമാനമെടുക്കാന്‍  കഴിയില്ലെന്ന് ബി.സി.സി.ഐ

ശ്രീലങ്കക്ക് പിന്നാലെ ഐ.പി.എല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ച് യു.എ.ഇയും. എന്നാല്‍ ഈ അവസരത്തില്‍ അതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് വ്യക്തമാക്കി ബി.സി.സി.ഐ. മുന്‍പ് 2014ലെ ഐ.പി.എല്‍ സീസണില്‍ 20 മത്സരങ്ങള്‍ക്ക് വേദിയൊരുക്കിയത് യു.എഇ ആയിരുന്നു. അന്ന് ഇന്ത്യയിലെ പൊതു തെരഞ്ഞടുപ്പ് പരിഗണിച്ചായിരുന്നു വേദി മാറ്റം. അതിനു മുമ്പ് 2009ലാണ് അവസാനമായ് ഐപിഎല്ലിന് ഇന്ത്യക്ക് പുറത്ത് വേദിയൊരുങ്ങുന്നത്. 2009ലെ ഐപിഎല്ലിന്‍റെ രണ്ടാം പതിപ്പിലെ മുഴുവന്‍ മത്സരങ്ങളും നടന്നത് ദക്ഷിണാഫ്രിക്കയിലായിരുന്നു.

യു.എ.ഇയുടെ വാഗ്ദാനത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നായിരുന്നു ബി.സി.സിഐ ട്രഷറര്‍ അരുണ്‍ ധുമലിന്‍റെ പ്രതികരണം. ‘യു.എ.ഇ അങ്ങനെയൊരു വാഗ്ദാനം മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ യാത്രകള്‍ക്ക് വിലക്കുള്ള ഈ സന്ദര്‍ഭത്തില്‍ ഇതിനെക്കുറിച്ച് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല’. ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമല്‍ പറഞ്ഞു. കോവിഡ് ഭീതി ഒഴിഞ്ഞതിന് ശേഷം ഇന്ത്യയില്‍ തന്നെ ഐ.പി.എല്‍ നടത്താനുള്ള സാധ്യത പരിഗണിക്കാനാണ് അധികൃതര്‍ നോക്കുന്നത്.

നേരത്തെ ഐ.പി.എല്‍ നടത്താന്‍ ഒരുക്കമാണെന്നറിയിച്ചു കൊണ്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും രംഗത്തെത്തിയിരുന്നു. ഇന്ത്യയേക്കാള്‍ കോവിഡ് വ്യാപനവും കേസുകളും കുറവാണെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീലങ്കയുടെ ക്ഷണം. മത്സരസമയത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടവരില്ലെന്നതും അനുകൂലഘടകമാണെന്നായിരുന്നു ശ്രീലങ്കയുടെ വാദം. എന്നാല്‍ ബി.സി.സി.ഐ ഇതിനോട് അനുകൂലമായ പ്രതികരണം ഇതുവരെ അറിയിച്ചിട്ടില്ല.