LiveTV

Live

Sports

തുപ്പല്‍ പുരട്ടേണ്ട; പന്ത് മിനുസപ്പെടുത്താന്‍ ഇനി കുക്കാബുറയുടെ വാക്സ്

ഉമിനീര്‍ വിയര്‍പ്പ് എന്നിവയ്ക്ക് പകരം കൃത്രിമമായി ഈ വാക്സ് ഉപയോഗിച്ച് ക്രിക്കറ്റ് പന്തുകളുടെ തിളക്കം കൂട്ടാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം

തുപ്പല്‍ പുരട്ടേണ്ട; പന്ത് മിനുസപ്പെടുത്താന്‍ ഇനി കുക്കാബുറയുടെ വാക്സ്

കോവിഡ് കാലത്തെ നിയന്ത്രണങ്ങളുടെ ഭാഗമായ് കായികലോകത്ത് പല മാറ്റങ്ങളും വന്ന് തുടങ്ങുകയാണ്. പല കായിക മേഖലകളിലും പരമ്പരാഗത ശൈലികളില്‍ മാറ്റം വരുത്താന്‍ നേരത്തെ തന്നെ നിര്‍ദേശം വന്നിരുന്നു. വൈറസ് വ്യാപനത്തിന് ഇടവരുത്തുന്ന ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ വേണ്ടിയാണ് പുതിയ രീതികളും നിര്‍ദേശങ്ങളും കൊണ്ടു വരുന്നത്. അതില്‍ പ്രധാനമായ് ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് ക്രിക്കറ്റ് മത്സരത്തില്‍ പന്ത് മിനുസപ്പെടുത്താന്‍ തുപ്പല്‍ പുരട്ടുന്ന രീതി. വര്‍ഷങ്ങളായ് പേസ് ബൌളര്‍മാര്‍ ബോളിന് സ്വിങ് ലഭിക്കുവാന്‍ വേണ്ടി ചെയ്യുന്ന അനുവദനീയമായ മാര്‍ഗങ്ങളില്‍ ഒന്നാണിത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഐ.സി.സിയുടെ മെഡിക്കല്‍ കമ്മിറ്റിയാണ് ഇതിന്റെ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടിയത്. ഇതിനെത്തുടര്‍ന്ന് കൃതൃമ വസ്തുക്കള്‍ ഉപയോഗിച്ച് പന്തിന്‍റെ വശങ്ങള്‍ മിനുസപ്പെടുത്താമെന്ന നിര്‍ദേശം ഐ.സി.സി വെച്ചിരുന്നു.

ഇതിന് പരിഹാരമായ് പന്തില്‍ പുരട്ടാന്‍ കഴിയുന്ന വാക്സ് വികസിപ്പിച്ചിരിക്കുകയാണ് ക്രിക്കറ്റ് സാമഗ്രകികളുടെ നിര്‍മാതാക്കളായ കൂക്കാബുറ. ഉമിനീര്‍ വിയര്‍പ്പ് എന്നിവയ്ക്ക് പകരം കൃത്രിമമായി ഈ വാക്സ് ഉപയോഗിച്ച് ക്രിക്കറ്റ് പന്തുകളുടെ തിളക്കം കൂട്ടാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ഐ.സി.സി നിര്‍ദേശത്തെ തുടര്‍ന്നുള്ള പരമ്പരാഗത രീതികള്‍ക്ക് ബദലായ് ഉപയോഗിക്കാന്‍ കഴിയുന്ന പരിഹാരമാര്‍ഗത്തെ വികസിപ്പിക്കുകയായിരുന്നുവെന്ന് കൂക്കാബുറയുടെ മാനേജിങ് ഡയറക്ടറായ ബ്രെറ്റ് ഏലിയറ്റ് പറഞ്ഞു. ഇതിനായ് വാക്സ് ഫോര്‍മുലയാണ് കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്സിന്‍റെ രൂപത്തില്‍ കൃതൃമമായ് പന്തുകള്‍ക്ക് മിനുസം വരുത്താന്‍ സാധിക്കുന്ന ഉത്പന്നത്തിനൊപ്പം പോക്കറ്റ് സൈസ് സ്പോഞ്ചും വരുന്നുണ്ട്. ഇതുപയോഗിച്ചായിരിക്കും അമ്പയര്‍മാരുടടെ മേല്‍ നോട്ടത്തില്‍ ബോളില്‍ വാക്സ് പുരട്ടുക. നിലവിലെ സാഹചര്യങ്ങളില്‍ അയവ് വന്നതിന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ മത്സരങ്ങളില്‍ ഈ വാക്സ് ഉപയോഗിക്കുന്നതിന് ഐ.സി.സി അധികൃതരുടെ കൈയ്യില്‍ നിന്നും അനുമതി തേടുമെന്ന് കൂക്കാബുറ അറിയച്ചു. നിലവിലെ ഏകദിന-ടി20 മത്സരങ്ങളുടെ പന്തുകള്‍ നിര്‍മിക്കുന്നത് കൂക്കാബുറയാണ്.