LiveTV

Live

Sports

റെക്കോര്‍ഡ് സ്കോര്‍ പിന്തുടര്‍ന്ന് വിജയിച്ച ബാറ്റ് ലേലത്തിന് വെച്ച് ഗിബ്സ്; തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്

ഓസ്‌ട്രേലിയക്കെതിരായ് ചരിത്രം കുറിച്ച മത്സരത്തില്‍ ഉപയോഗിച്ച ബാറ്റ് ലേലത്തില്‍ വെക്കാനും അതുവഴി കിട്ടുന്ന തുക കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാനുമാണ് താരത്തിന്റെ തീരുമാനം

റെക്കോര്‍ഡ് സ്കോര്‍ പിന്തുടര്‍ന്ന് വിജയിച്ച ബാറ്റ് ലേലത്തിന് വെച്ച് ഗിബ്സ്; തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്

2006ല്‍ ലോക റെക്കോർഡ് സ്കോര്‍ പിന്തുടര്‍ന്ന് ജയിച്ചപ്പോള്‍ ഉപയോഗിച്ച ബാറ്റ് വീണ്ടും പോരാട്ടത്തിനെടുത്ത് മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സമാന്‍ ഹെര്‍ഷല്‍ ഗിബ്സ്. പക്ഷേ ഇത്തവണ ഗിബ്സ് ബാറ്റെടുത്തത് ക്രിക്കറ്റ് കളിക്കാനല്ല, മറിച്ച് മനുഷ്യായുസിന് വേണ്ടിയുള്ള പോരാട്ടത്തിനാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായ് പണം കണ്ടെത്താനാണ് ഗിബ്സ് ചരിത്ര മുഹൂര്‍ത്തതിന്‍റെ ഓര്‍മ്മകളുറങ്ങുന്ന ബാറ്റ് വീണ്ടും എടുക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ് ചരിത്രം കുറിച്ച മത്സരത്തില്‍ ഉപയോഗിച്ച ബാറ്റ് ലേലത്തില്‍ വെക്കാനും അതുവഴി കിട്ടുന്ന തുക കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാനുമാണ് താരത്തിന്റെ തീരുമാനം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഗിബ്സ് ഇക്കാര്യം പങ്കുവച്ചത്. ‘ഇത്രയും നാൾ കാത്തുവച്ച ഈ ബാറ്റ് ഇപ്പോൾ കോവിഡ് പ്രതിരോധത്തിനുള്ള ധനസമാഹരണത്തിനായി ലേലത്തിനു വെക്കുകയാണ്’ ഹെര്‍ഷല്‍ ഗിബ്സ് ട്വിറ്ററില്‍ കുറിച്ചു.

2006ലാണ്‌ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരത്തില്‍ ലോകറെക്കോര്‍ഡ് പിറന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയത് 434 റൺസ്. 105 പന്തിൽ 164 റൺസെടുത്ത ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് ആയിരുന്നു അന്ന് ഓസീസിന്‍റെ ടോപ് സ്കോറർ. ഓസീസ് ഉയര്‍ത്തിയ 435 റണ്‍സിന്‍റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക മറികടക്കുമ്പോള്‍ 111 പന്തില്‍ നിന്ന് 21 ഫോറും ഏഴു സിക്‌സുമടക്കം 175 റണ്‍സെടുത്ത് ഗിബ്‌സാണ് ദക്ഷിണാഫ്രിക്കയുടെ നെടുന്തൂണായത്. ഗിബ്സിന്‍റെ ബാറ്റിഗ് വെടിക്കെട്ടില്‍ ഒരു വിക്കറ്റും ഒരു പന്തും ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്ക ഓസീസിന്‍റെ സ്കോര്‍ മറികടന്ന് ലോകറെക്കോര്‍ഡ് സൃഷ്ടിച്ചത്.